ലാപാസ് : ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് തുടര്‍ച്ചയായ രണ്ടാം വിജയം. ലാറ്റിനമേരിക്കന്‍ യോഗ്യതാ പോരാട്ടത്തിന്റെ എവേ കളിയില്‍ ബൊളീവിയയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അര്‍ജന്റീന കീഴടക്കി.സൂപ്പര്‍ താരം മെസ്സിയില്ലാതെ ഇറങ്ങിയ അര്‍ജന്റീനയ്ക്കുവേണ്ടി എന്‍സോ ഫെര്‍ണാണ്ടസ്, നിക്കോളാസ് ടാഗ്ലിയാഫിക്കോ, നിക്കോളാസ് ഗോണ്‍സാലസ് എന്നിവരാണ് ഗോളുകള്‍ നേടിയത്.
എയഞ്ച്ല്‍ ഡി മരിയ രണ്ട് അസിസ്റ്റുകള്‍ നല്കി. 39-ാം മിനിറ്റില്‍ ബൊളീവിയന്‍ താരം റോബര്‍ട്ടോ ഫെര്‍ണാണ്ടസ് ചുവപ്പ് കാര്‍ഡുമായി പുറത്തുപോയശേഷം പത്തുപേരുമായാണ് അവര്‍ കളിച്ചത്.
കളിയില്‍ അര്‍ജന്റീനയ്ക്കായിരുന്നു ആധിപത്യം. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 31-ാം മിനിറ്റില്‍ അവര്‍ ആദ്യ ഗോളടിച്ചു. എന്‍സോയാണ് ലക്ഷ്യം കണ്ടത്. ഡി മരിയ ബൊളീവിയന്‍ ബോക്സിലേക്ക് നിലംപറ്റെ നല്കിയ ക്രോസില്‍ എന്‍സോ കാലുവെക്കുകയായിരുന്നു. പിന്നീട് 42-ാം മിനിറ്റില്‍ അര്‍ജന്റീന ലീഡ് ഉയര്‍ത്തി. ഇത്തവണ നിക്കോളാസ് ടാഗ്ലിയാഫിക്കോയാണ് ലക്ഷ്യം കണ്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡി മരിയ എടുത്ത ഫ്രീ കിക്കില്‍ തലവെച്ചാണ് ടാഗ്ലിയാഫിക്കോ ലക്ഷ്യം കണ്ടത്. ഇതോടെ ഇടവേളയ്ക്കു പിരിയുമ്പോള്‍ അര്‍ജന്റീന 2-0ന് മുന്നില്‍. 83-ാം മിനിറ്റിലാണ് അര്‍ജന്റീന മൂന്നാം ഗോള്‍ നേടിയത്. പലാസിയോസിന്റെ അസിസ്റ്റില്‍ നിക്കോളസ് ഗോണ്‍സാലസാണ് ലക്ഷ്യം കണ്ടത്. പകരക്കാരനായി ഇറങ്ങിയ പലാസിയോസ് ഡി ബോക്സിന് പുറത്ത് നിന്ന് നല്കിയ പന്ത് സ്വീകരിച്ച നിക്കോളാസ് നിറയൊഴിക്കുകയായിരുന്നു.