പാരിസ്: മെസിയല്ലാതെ മറ്റാര്? സാധ്യതാ പട്ടികയിലുണ്ടായിരുന്ന മറ്റ് രണ്ട് പേരുകളും നിഷ്പ്രഭമാക്കി ഫിഫ ദ ബെസ്റ്റ് പുരസ്കാരം ലയണല്‍ മെസി സ്വന്തമാക്കി.മെസിയുടെ രണ്ടാം ദ ബെസ്റ്റ് പുരസ്കാരമാണിത്.
മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം ബാര്‍സയുടെ സ്പാനിഷ് താരം അലക്സിയ പുട്ട്യെയസ് നിലനിര്‍ത്തി. 2022-ലെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം മെസി സ്വന്തമാക്കിയപ്പോള്‍, ലോക കിരീടം നേടിയ അര്‍ജന്റീനയും പുരസ്കാര നിശയില്‍ അനവധി നേട്ടങ്ങള്‍ കൊയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അര്‍ജന്റീനയെ ലോകകിരീടത്തിലേക്ക് നയിച്ച രക്ഷപ്പെടുത്തലുകളുമായി നിറഞ്ഞാടിയ എമിലിയാനോ മാര്‍ട്ടീനസ് മികച്ച പുരുഷ ഗോള്‍കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു. മെസിക്ക് കപ്പ് നേടാന്‍ അസാധ്യ സേവുകള്‍ നടത്തിയ ആരാധകരുടെ പ്രിയ “ഡിബു’ തന്നെയായിരുന്നു ഈ പുരസ്കാരത്തിനുള്ള ഫേവറിറ്റ്.
36 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അര്‍ജന്റീനയ്ക്ക് ലോക കിരീടം നല്കിയ ലയണല്‍ സ്കലോണി മികച്ച പരിശീലകനായപ്പോള്‍, മികച്ച വനിതാ പരിശീലകയായി ഇംഗ്ലണ്ട് ദേശീയ ടീമിന്റെ പരിശീലക സറീന വിയെഗ്മാന് തെരഞ്ഞെടുക്കപ്പെട്ടു.
മേരി ഏര്‍പ്സ് മികച്ച വനിതാ ഗോളിക്കുള്ള പുരസ്കാരം സ്വന്തമാക്കിയപ്പോള്‍, മികച്ച ഗോളിനുള്ള ഫ്രാങ്ക് പുഷ്കാസ് പുരസ്കാരം മാര്ചിന് ഒലെസ്കി സ്വന്തമാക്കി. ക്രച്ചസിന്റെ സഹായത്തോടെ പോരാടുന്ന ഒലെസ്കിക്ക്, പാരാ ഫുട്ബോളില്‍ വാര്റ്റ് പോര്സ്നാന് എഫ്സിക്കായി നേടിയ സിസര്‍ കട്ട് ആണ് പുരസ്കാരം നേടിക്കൊടുത്തത്.
ഫെയര്‍പ്ലേ പുരസ്കാരം, കളിക്കളത്തില്‍ ബോധരഹിതനായി വീണ എഫ്കെ ഓസ്ട്രിയ താരത്തിന്റെ ജീവന് രക്ഷിച്ച ലൂക്കാ ലോഷാവില്ലിക്കാണ്. മികച്ച ആരാധക കൂട്ടത്തിനുള്ള പുരസ്കാരം അര്‍ജന്റീന നേടി.
പുരസ്കാരനിശയില് ഇതിഹാസതാരം പെലെയ്ക്ക് ഫുട്ബോള്‍ ലോകം ആദരമര്‍പ്പിച്ചു. മരണാനന്തര ബഹുമതിയായി ഫിഫ നല്കിയ പ്രത്യേക പുരസ്കാരം പെലെയ്ക്ക് വേണ്ടി പത്നി മാര്‍സിയ അയോക്കി ഏറ്റുവാങ്ങി. ചടങ്ങിന് മുമ്ബായി ബ്രസീലിയന്‍ താരം റൊണാള്‍ഡോ നസാരിയോ പെലെ അനുസ്മരണ പ്രഭാഷണം നടത്തി.