കോഴിക്കോട്: സാക്ഷാല്‍ ലയണല്‍ മെസ്സിയെയും കൂട്ടുകാരെയും കേരളത്തില്‍ കളിക്കാൻ ക്ഷണിച്ച് കായിക മന്ത്രി വി.അബ്ദുറഹിമാൻ. അര്‍ജന്റീന ദേശീയ ടീം ഇന്ത്യയില്‍ പന്തുതട്ടാനുള്ള താല്‍പര്യമറിയിച്ചിട്ടും അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷൻ തങ്ങളുടെ കൈയില്‍ കാശില്ലെന്ന് ചൂണ്ടിക്കാട്ടി ആ അവസം കളഞ്ഞുകുളിച്ചത് വൻ വിവാദത്തിലായിരിക്കെയാണ് ലോക ചാമ്ബ്യന്മാരെ അബ്ദുറഹിമാൻ കേരളത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. നേരത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീം കാര്യവട്ടത്ത് കളിക്കാൻ എത്തിയപ്പോൾ ടിക്കറ്റ് ചാർജ് കൂടുതലാണെന്ന് പേരിൽ പ്രതിഷേധിച്ചവരോട് പാവപ്പെട്ടവർ കളികാണാൻ വരേണ്ടന്ന് വിമർശിച്ച് മന്ത്രി വിവാദത്തിൽ കുടുങ്ങിയിരുന്നു.
മെസ്സിയെയും കൂട്ടരെയും കേരളത്തിലേക്ക് ക്ഷണിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് മന്ത്രി കത്തയച്ചു. കത്ത് ഉള്‍പെടെ ഫേസ്ബുക്കില്‍ സുദീര്‍ഘമായ പോസ്റ്റ് പങ്കുവെച്ചാണ് അര്‍ജന്റീന ടീമിനെ ക്ഷണിച്ച കാര്യം മന്ത്രി അറിയിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫുട്ബാളിനായി എല്ലാം സമര്‍പ്പിക്കുന്ന നമ്മുടെ നാട്ടിലെ ആരാധകര്‍ക്കും വലിയ വിരുന്നാകുമായിരുന്നു മത്സരമെന്ന് ചൂണ്ടിക്കാട്ടിയ അബ്ദുറഹിമാൻ വൻ പണച്ചെലവുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി മത്സരം നടത്തുന്നതില്‍നിന്ന് പിന്തിരിഞ്ഞ എ.ഐ.എഫ്.എഫിനെ വിമര്‍ശിച്ചു. ‘ഖത്തര്‍ ലോകകപ്പിലെ മാസ്മരിക പ്രകടനം അര്‍ജന്റീനയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചു. നീലപ്പടയെ നെഞ്ചേറ്റുന്നവരുടെ എണ്ണവും പതിന്മടങ്ങായി. അങ്ങനെയൊരു ടീമിനെയാണ് അവഗണിച്ചത്. ഇത്തരത്തില്‍ ഒരു മത്സരത്തിന് പണം കണ്ടെത്തുക എന്നതാണോ പ്രധാനം? മെസ്സിയും കൂട്ടരും വരുമെന്ന് അറിഞ്ഞാല്‍ സ്പോണ്‍സര്‍മാരുടെ വലിയ ക്യൂ തന്നെ ഉണ്ടായേനെ. പണത്തിനും അപ്പുറം നമ്മുടെ ഫുട്ബോളിനുള്ള ഗുണഫലം ആരും കാണാൻ തയാറായില്ല.
കളിയോടുള്ള നമ്മുടെ ആരാധനയും ആവേശവും കാണാൻ ദൂരെ ലാറ്റിനമേരിക്കയിലുള്ളവര്‍ക്ക് കഴിഞ്ഞു. നമ്മുടെ സ്വന്തമാളുകള്‍ കാണാത്തതോ, കണ്ടില്ലെന്ന് നടിക്കുന്നതോ? നമ്മുടെ ഫുട്ബാള്‍ ഭരണക്കാര്‍ കുറേക്കൂടി ക്രിയാത്മകമായി ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ ഫിഫ റാങ്കിങ്ങിലെ നൂറ്റിയൊന്നാം സ്ഥാനത്തിന് ചെറിയ മാറ്റം പോലും വരാനിടയില്ല. അര്‍ജന്റീനയെ കേരളം എന്നും ഹൃദയപൂര്‍വം സ്വാഗതം ചെയ്യും. മത്സരം ഏറ്റെടുത്ത് നടത്താനും തയാറാകും. അതു തന്നെയാണ് നമ്മുടെ ഫുട്ബാളിന് നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനം’ -മന്ത്രി കുറിച്ചു.