മാഡ്രിഡ്: ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസം സിനദിൻ സിദാൻ പരിശീലകൻറെ കുപ്പായമണിഞ്ഞപ്പോഴും ഇതിഹാസമായി തുടർന്നു! റയൽ മാഡ്രിഡിന് തുടരെ മൂന്ന് യുവേഫ ചാമ്പ്യൻസ് ലീഗ് ട്രോഫികളാണ് സിദാനിലെ പരിശീലകൻ നേടിക്കൊടുത്തത്.
റയൽ വിട്ടതിന് ശേഷം സിദാൻ മറ്റൊരു തട്ടകത്തിലും ചേർന്നിട്ടില്ല. ഫ്രാൻസ് ലീഗ് വൺ ക്ലബ്ബ് പി.എസ്.ജി സിദാനെ പരിശീലകനാക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. ഇത് സംബന്ധിച്ച അഭ്യൂഹങ്ങൾ ഏറെയാണ്.
മെസ്സി, എംബാപെ, നെയ്മർ ഉൾപ്പെടുന്ന സൂപ്പർതാര നിരയാണ് പി.എസ്.ജിയിലുള്ളത്. എന്നാൽ, സിദാൻ കോച്ചായി ചുമതലയേറ്റെടുത്താൽ ഇതിൽ നിന്ന് ബ്രസീൽ താരം നെയ്മർ ഔട്ടാകും! എൽ നാഷനൽ പത്രം റിപ്പോർട്ട് ചെയ്യുന്നത് തടിയനങ്ങാതെ സുഖിച്ച് കഴിയുന്ന നെയ്മറിനെ സിദാൻ തന്റെ ടീമിലുൾപ്പെടുത്തില്ലെന്നാണ്. 30 വയസുള്ള നെയ്മർ 2017ൽ ലോക റെക്കോർഡ് ട്രാൻസ്ഫറിലാണ് പാരിസ് ക്ലബ്ബിലെത്തിയത്. 222 ദശലക്ഷം യൂറോയുടെ ട്രാൻസ്ഫറിൽ ബാഴ്സലോണയിൽ നിന്നെത്തിയ നെയ്മറിന് ഒരു ലീഗ് സീസണിലും 22 മത്സരത്തിൽ കൂടുതൽ കളിക്കാൻ സാധിച്ചിട്ടില്ല. പി.എസ്.ജിക്ക് ചാമ്ബ്യൻസ് ലീഗ് നേടിക്കൊടുക്കാനും കഴിഞ്ഞില്ല. ഇത്തവണ, പ്രീക്വാർട്ടറിൽ റയൽ മാഡ്രിഡിനോട് പരാജയപ്പെട്ടപ്പോൾ പി.എസ്.ജിയുടെ കാണികൾ നെയ്മറിനെയും മെസ്സിയെയും ഒരുപോലെ കൂകി വിളിച്ചിരുന്നു.
കഴിഞ്ഞ സീസണിൽ നെയ്മർ ആകെ 13 ഗോളുകളാണ് നേടിയത്. ആറ് അസിസ്റ്റുകളും. പി.എസ്.ജി 90 ദശലക്ഷം യൂറോ ലഭിച്ചാൽ നെയ്മറിനെ വിൽക്കും എന്നാണ് ക്ലബ്ബ് പ്രസിഡന്റ് നാസർ അൽ ഖെലെയ്ഫിയെ ഉദ്ദരിച്ച് എൽ നാഷണൽ റിപ്പോർട്ട് ചെയ്യുന്നത്.
പി.എസ്.ജിയിലേക്ക് സിദാൻ റിക്രൂട്ട് ചെയ്യാനാഗ്രഹിക്കുന്ന രണ്ട് താരങ്ങൾ പോൾ പോഗ്ബയും ഉസ്മാൻ ഡെംബെലെയുമാണ്. രണ്ട് പേരും ഫ്രാൻസിൻറെ ലോകകപ്പ് സ്ക്വാഡ് അംഗങ്ങളാണ്.
സിദാൻ പി.എസ്.ജിയിലെത്തും; മുന്നേറ്റത്തിലെ മൂന്നംഗ സഖ്യത്തെ പൊളിക്കും; പുറത്താകുന്നത് ഈ സൂപ്പർ താരം
Advertisements