ഖത്തർ : ഫുട്ബോള്‍ ലോകത്ത് സാധ്യമായതെല്ലാം നേടിയ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് കിട്ടാക്കനിയായി തുടരുന്നത് ലോകകപ്പ് എന്ന വിശ്വ കിരീടമാണ്. തന്റെ അവസാന ലോകകപ്പെന്ന് കരുതുന്ന ഖത്തറില്‍ കപ്പില്‍ കുറഞ്ഞതൊന്നും മെസ്സിയും സംഘവും പ്രതീക്ഷിക്കുന്നില്ല. മെസ്സിയും അര്‍ജന്റീനയും ഖത്തറില്‍ ചരിത്രമെഴുതുമെന്ന് അവകാശപ്പെട്ടുകൊണ്ട് നിരവധി ഫുട്ബോള്‍ നിരീക്ഷകരും മുന്‍ താരങ്ങളും ഇതിനോടകം രംഗത്തെത്തിക്കഴിഞ്ഞു.
ലോകകപ്പില്‍ മെസ്സിയുടേയും സംഘത്തിന്റേയും പ്രതീക്ഷകള്‍ പങ്കുവെക്കുകയാണ് അര്‍ജന്റീന മുന്‍ താരം സെര്‍ജിയോ അഗ്യൂറോ. ലയണല്‍ മെസ്സിയുടെ നായകത്വം തന്നെയായിരിക്കും അര്‍ജന്റീനയുടെ നെടുംതൂണ് എന്നാണ് താരം അവകാശപ്പെടുന്നത്. സ്കലോണിക്ക് കീഴില്‍ അര്‍ജന്റീന മികച്ച ഫുട്ബോളാണ് കളിക്കുന്നത്. ടീമിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് അവര്‍ക്ക് വ്യക്തമായ ധാരണയുണ്ടെന്നും അര്‍ജന്റീന മുന്‍ മുന്നേറ്റ നിര താരം വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മെസ്സിയുടെ റോള്‍ ടീമില്‍ പ്രധാനമാണ്. അദ്ദേഹം നയിക്കുന്ന ടീമിനെ മറികടക്കുക എന്നത് വലിയ പ്രയാസമായിരിക്കുമെന്നും അഗ്യൂറോ കൂട്ടിച്ചേര്‍ത്തു. ഗ്രൂപ്പ് സി യിലാണ് അര്‍ജന്റീന ഇത്തവണ മാറ്റുരക്കുന്നത്. നവംബര്‍ 22 ന് നടക്കുന്ന ആദ്യ മത്സരത്തില്‍ അര്‍ജന്റീന സൗദി അറേബ്യയെ നേരിടും. കിരീടത്തില്‍ കുറഞ്ഞതൊന്നും ലോകമെമ്പാടുമുള്ള അര്‍ജന്റീനാ ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. ഇതുവരെ രണ്ട് തവണ ലോകകപ്പ് നേടിയിട്ടുള്ള അര്‍ജന്റീന മൂന്ന് തവണ ഫൈനലിലെത്തിയിട്ടുമുണ്ട്.
ഖത്തറില്‍ മെസ്സിയോ റോണാള്‍ഡോയോ കപ്പുയര്‍ത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഇംഗ്ലണ്ട് മുന്‍ താരം വെയ്ന്‍ റൂണിയും പറഞ്ഞിരുന്നു. മെസ്സി ടീമിനായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. അര്‍ജന്റീനയെ വിജയത്തിലേക്കത്തിക്കാന്‍ അദ്ദേഹത്തിന്റെ പരമാവധി ശ്രമിക്കുമെന്നും ഇംഗ്ലണ്ട് മുന്‍ ഫോര്‍വേഡ് വ്യക്തമാക്കിയിരുന്നു.