പാരിസ്: പിഎസ്ജിയിലേക്ക് മെസി എത്തിയ ഒരു വർഷത്തിനുള്ളിൽ 700 മില്യൺ യൂറോയുടെ വരുമാനം ക്ലബിന് അർജന്റൈൻ താരത്തിലൂടെ ലഭിച്ചതായി റിപ്പോർട്ട്. ഏകദേശം അയ്യായിരം കോടി രൂപയുടെ വരുമാനമാണ് പിഎസ്ജിയ്ക്ക് മെസിയിലൂടെ മാത്രം ലഭിച്ചിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 10 പുതിയ സ്പോൺസർമാരെ ലഭിക്കുകയും സ്പോൺസർഷിപ്പ് ഫീ 3 മില്യൺ യൂറോ മുതൽ 8 മില്യൺ യൂറോ വരെയായി ഉയരുകയും ചെയ്തതായാണ് റിപ്പോർട്ട്.
പിഎസ്ജിയുടെ വരുമാനത്തിലും ഫുട്ബോളിങ് ക്വാളിറ്റിയിലും മെസിയുടെ വരവോടെ ഉയർച്ച ഉണ്ടായതായി മാർക റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം മുതൽ പിഎസ്ജിയുടെ ജഴ്സി വിൽപ്പനയിലൂടെ ലഭിച്ച വരുമാനവും ഉയർന്നു. 10 ലക്ഷത്തോളം ജഴ്സികൾ വിറ്റുപോയപ്പോൾ അതിൽ 60 ശതമാനവും മെസിയുടെ പേര് എഴുതിയ ജഴ്സികളായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിഎസ്ജി ജഴ്സിക്കായുള്ള ഡിമാൻഡ് 30 മുതൽ 40 ശതമാനം വരെ ഉയർന്നു. എന്നാൽ ഉയരുന്ന ഡിമാൻഡിന് അനുസരിച്ച് മെസിയുടെ ജഴ്സി വിൽപ്പനയ്ക്കെത്തിക്കാനാവുന്നില്ലെന്ന് പിഎസ്ജിയുടെ ബിസിനസ് ഡയറക്ടറെ ഉദ്ധരിച്ച് മാർക റിപ്പോർട്ട് ചെയ്യുന്നു.
മെസിയുടെ വരവോടെ പിഎസ്ജിക്ക് സമൂഹമാധ്യമങ്ങളിലെ സ്വാധീനവും വർധിച്ചു. എല്ലാ പ്ലാറ്റ്ഫോമിലുമായി 15 മില്യൺ ഫോളോവേഴ്സിനെയാണ് പിഎസ്ജിക്ക് മെസിയുടെ വരവിന് പിന്നാലെ ലഭിച്ചത്. ഇതോടെ സമൂഹമാധ്യമങ്ങളിലെ വിവിധ പ്ലാറ്റ്ഫോമുകളിലായി പിഎസ്ജിയുടെ ഫോളോവേഴ്സ് 150 മില്യൺ പിന്നിട്ടു.