ഫിലാഡെല്‍ഫിയ: ലീഗ്സ് കപ്പ് ഫൈനലിന് പിന്നാലെ നടന്ന കയ്യാങ്കളിക്കിടെ സിയാറ്റില്‍ സൗണ്ടേഴ്സിന്റെ പരിശീലക സംഘത്തില്‍ ഒരാളുടെ മുഖത്ത് തുപ്പിയ സംഭവത്തില്‍ പരസ്യമായി മാപ്പു ചോദിച്ച് ഇന്റർ മയാമി താരം ലൂയിസ് സുവാരസ്. സെപ്റ്റംബർ ഒന്നിന് നടന്ന ഇന്റർ മയാമി – സിയാറ്റില്‍ സൗണ്ടേഴ്സ് ഫൈനലിനു പിന്നാലെയായിരുന്നു അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. ലയണല്‍ മെസ്സിയടക്കമുള്ള സൂപ്പർ താരങ്ങള്‍ അണിനിരന്ന മയാമിയെ കലാശപ്പോരില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകർത്താണ് സിയാറ്റില്‍ കിരീടം നേടിയത്. ഇതിനു പിന്നാലെയാണ് ഇരു ടീമിലെയും താരങ്ങള്‍ മൈതാനത്ത് കയ്യാങ്കളിയിലേർപ്പെടുന്നതും സുവാരസ്, സിയാറ്റില്‍ സൗണ്ടേഴ്സിന്റെ പരിശീലക സംഘത്തില്‍ ഒരാളുടെ മുഖത്ത് തുപ്പുകയും ചെയ്തത്.
ഒടുവില്‍ ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ച ദീർഘ കുറിപ്പിലാണ് തന്റെ പെരുമാറ്റത്തില്‍ സുവാരസ് മാപ്പു പറഞ്ഞത്. ‘ഒന്നാമതായി, ലീഗ് കപ്പ് വിജയത്തിന് സിയാറ്റില്‍ സൗണ്ടേഴ്സിനെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അതിലും പ്രധാനമായി, കളിയുടെ അവസാനം എന്റെ പെരുമാറ്റത്തില്‍ ഞാൻ ക്ഷമ ചോദിക്കുന്നു.’ – സുവാരസ് കുറിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘കളിയുടെ അവസാനം സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്. അത് പിരിമുറുക്കവും നിരാശയും നിറഞ്ഞ ഒരു നിമിഷമായിരുന്നു, പക്ഷേ അത് എന്റെ പ്രതികരണത്തെ ന്യായീകരിക്കുന്നില്ല. ഞാൻ ഒരു തെറ്റ് ചെയ്തു, അതില്‍ എനിക്ക് ആത്മാർഥമായി ഖേദമുണ്ട്. എന്റെ തെറ്റുകള്‍ കാരണം കഷ്ടപ്പെടുന്ന, എന്റെ കുടുംബത്തിന് മുന്നില്‍ ഞാൻ ചിത്രീകരിക്കാൻ ആഗ്രഹിക്കുന്ന ചിത്രം അതല്ല. സംഭവിച്ചതില്‍ എനിക്ക് വിഷമമുണ്ട്. അത് തിരിച്ചറിയാനും ഞാൻ ചെയ്തതില്‍ നിരാശരായ എല്ലാവരോടും ക്ഷമ ചോദിക്കാനും ഈ അവസരം ഞാൻ ഉപയോഗിക്കുന്നു.’ – സുവാരസ് വ്യക്തമാക്കി.
അതേസമയം ഇത്തരം സംഭവങ്ങള്‍ ക്ലബ്ബിന്റെ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്ന് ഇന്റർ മയാമിയും വ്യക്തമാക്കി. അച്ചടക്ക നടപടി വരുമ്ബോള്‍ ലീഗ്സ് കപ്പ്, എംഎല്‍എസ് ഉദ്യോഗസ്ഥർക്കൊപ്പം നില്‍ക്കുമെന്നും ക്ലബ്ബ് പറഞ്ഞു.