കൊച്ചി: അത്തച്ചമയത്തിന്റെ കൊഴുപ്പ് തീരും മുമ്പ് തൃപ്പൂണിത്തുറയ്ക്ക് മറ്റൊരാഘോഷമായി എസ്.എൻ ജംഗ്ഷൻ മെട്രോ സ്റ്റേഷൻ. പ്രധാനമന്ത്രി നരേന്ദ്രമോദി സിയാൽ കൺവെൻഷൻ സെന്ററിൽ കൊച്ചി മെട്രോയുടെ എസ്.എൻ ജംഗ്ഷൻ വരെ ദീർഘിപ്പിച്ച പാത നാടിന് സമർപ്പിക്കുമ്പോൾ സ്റ്റേഷൻ ആഹ്ലാദത്തിമിർപ്പിലായിരുന്നു. പുഷ്പാലംകൃതമായ സ്റ്റേഷനിൽ നിന്ന് 7.02ന് ആദ്യ ട്രെയിൻ ആലുവയിലേക്ക് പുറപ്പെട്ടു.
സ്മൃതി, ജെയ്നി സെന്റർ, ഏലൂർ ബഡ്സ്, ആശാകേന്ദ്രം തുടങ്ങി സ്പെഷൽ സ്‌കൂളുകളിൽ നിന്നുള്ള 65 കുട്ടികളായിരുന്നു ആദ്യ യാത്രക്കാർ. അഞ്ചരയോടെ സ്റ്റേഷനിലെത്തിയ കുട്ടികളുടെ മുഖത്തെ ചിരിയും സന്തോഷവും മെട്രോയിൽ പ്രവേശിച്ചപ്പോൾ ഇരട്ടിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരമ്പരാഗത വേഷമണിഞ്ഞെത്തിയ ജോർജി ജോസഫെന്ന മാവേലി മന്നനും ആദ്യ മെട്രോയാത്രയുടെ സന്തോഷത്തിലായിരുന്നു.
അണുവിട തെറ്റാത്ത ഒരുക്കങ്ങൾ
ആദ്യയാത്രയ്ക്കുള്ള ട്രെയിൻ യമുന നേരത്തെ സ്റ്റേഷനിലെത്തിച്ചിരുന്നു. പരിശോധനകൾ പൂർത്തിയാക്കി 6.30ന് ആദ്യയാത്രക്കാരായ കുട്ടികളെയും അദ്ധ്യാപകരെയും മാദ്ധ്യമപ്രവർത്തകരെയും പ്രവേശിപ്പിച്ചു. 6.50ന് വാതിലടച്ച ട്രെയിൻ 7.02ന് പുറപ്പെട്ടു.
ആദ്യ സാരഥികളായി അനീഷയും ശ്രീജയും
പേട്ടയിൽ നിന്ന് ആലുവയിലേക്ക് കുതിച്ച യമുനയെന്ന ആദ്യ ട്രെയിനിന്റെ സാരഥികൾ വനിതകളായിരുന്നു. പാലക്കാട് സ്വദേശിനി ശ്രീജ വി. നായരും കൊല്ലം സ്വദേശിനി അനീഷ ടി.സിയും. അനീഷയാണ് ട്രെയിൻ ഓടിച്ചത്. എസ്.എൻ ജംഗ്ഷനിൽ നിന്ന് ആദ്യ സർവീസിന്റെ ഭാഗമായതിൽ സന്തോഷമുണ്ടെന്ന് ഇരുവരും കേരളകൗമുദിയോട് പറഞ്ഞു.
പേട്ട- എസ്.എൻ ജംഗ്ഷൻ റീച്ച്
പേട്ടയിൽ നിന്ന് എസ്.എൻ. ജംഗ്ഷൻ വരെ 1.8 കിലോമീറ്റർ പാതയാണ് തുറന്നത്. വടക്കേക്കോട്ട ഉൾപ്പെടെ രണ്ട് സ്റ്റേഷനുകളിലേക്ക് കൂടി മെട്രോ ട്രയിൻ എത്തിയതോടെ സ്റ്റേഷനുകളുടെ എണ്ണം 22ൽ നിന്ന് 24 ആയി. 95,000 ചതുരശ്രയടി വിസ്തീർണമുള്ളതാണ് സ്റ്റേഷൻ.
കൊച്ചി മട്രോ റെയിൽ ലിമിറ്റഡ് നേരിട്ട് നിർമ്മിച്ച ആദ്യ പാതയാണ് പേട്ട മുതൽ എസ്.എൻ ജംഗ്ഷൻ. 2019 ഒക്ടോബറിലാണ് നിർമ്മാണം ആരംഭിച്ചത്. 453 കോടി രൂപയാണ് ചെലവ്.