എം.ജി സര്‍വകലാശാലയുടെ കായിക പ്രൗഢിക്ക് അംഗീകാരമായി ഫിഫ നിലവാരമുള്ള ഫുട്ബോള്‍ കോര്‍ട്ട്

പതിനൊന്ന് ഒളിമ്പ്യന്‍മാര്‍ ഉള്‍പ്പെടെ നിരവധി കായിക താരങ്ങളെ സംഭാവന ചെയ്ത മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് രാജ്യാന്തര നിലവാരത്തിലുള്ള ഫുട്ബോള്‍ കോര്‍ട്ട് സ്വന്തമാകുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ നാലാം നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി 2.74 കോടി രൂപ ചിലവിട്ട് സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ നിര്‍മിച്ച നാച്വറല്‍ ടര്‍ഫ് ഫ്ളഡ്ലിറ്റ് കോര്‍ട്ട് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഒക്ടോബര്‍ 22ന് ഉദ്ഘാടനം ചെയ്യുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Advertisements

രാവിലെ 10.30ന് സ്റ്റേഡിയത്തില്‍ ശിലാഫലകം അനാച്ഛാദനം ചെയ്യുന്ന മന്ത്രി തുടര്‍ന്ന് സര്‍വകലാശാലാ അസംബ്ലി ഹാളില്‍ ചേരുന്ന പൊതുസമ്മേളനത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കും. സഹകരണ, ദേവസ്വം, തുറമുഖ വകുപ്പ് മന്ത്രി ശ്രീ. വി.എന്‍. വാസവന്‍ അധ്യക്ഷത വഹിക്കും. നാഷണല്‍ അസസ്മെന്‍റ് ആന്‍റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്‍റെ എ ഡബിള്‍ പ്ലസ് ഗ്രേഡ് നേടിയ സര്‍വകലാശാലയെ ചടങ്ങില്‍ ആദരിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യ പ്രഭാഷണം നടത്തും. വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍, സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ, അഡ്വ. റെജി സക്കറിയ, ഡോ. ബിജു തോമസ് രജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും. സ്കൂള്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍റ് സ്പോര്‍ട്സ് മേധാവി ഡോ. ബിനു ജോര്‍ജ് വര്‍ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ബിന്ദു, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്യ രാജന്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോസ് ജോസഫ് അമ്പലക്കുളം, ജില്ലാ പഞ്ചായത്ത് അംഗം ഡോ. റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെയിംസ് കുര്യന്‍, ഗ്രാമപഞ്ചായത്തംഗം ജോഷി ഇലഞ്ഞിയില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സ്പെയിനില്‍ നടന്ന ലോക യൂണിവേഴ്സിറ്റി ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത ഇന്ത്യന്‍, പുരുഷ, വനിതാ ടീമുകളില്‍ അംഗങ്ങളായിരുന്ന മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ താരങ്ങളെയും പരിശീലകരെയും മാനേജരെയും ഇതോടനുബന്ധിച്ച് അനുമോദിക്കും.

പ്രവര്‍ത്തനമാരംഭിച്ച 1983 മുതല്‍ കായിക മേഖലയില്‍ സര്‍വകലാശാല നിലനിര്‍ത്തുന്ന മികവിനുള്ള അംഗീകാരമെന്നോണം സംസ്ഥാന സര്‍ക്കാര്‍ കായിക അടിസ്ഥാന സൗകര്യ വികസനത്തിന് വിപുലമായ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കിവരികയാണെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. അണ്ടര്‍ഗ്രൗണ്ട് സ്പ്രിംഗ്ലര്‍, ഡ്രെയിനേജ് സംവിധാനങ്ങളോടെ നിര്‍മ്മിച്ച 105 മീറ്റര്‍ നീളവും 65 മീറ്റര്‍ വീതിയുമുള്ള ഫുട്ബോള്‍ കോര്‍ട്ട് രാജ്യാന്തര ഫുട്ബോള്‍ മത്സരങ്ങള്‍ വരെ നടത്താന്‍ പര്യാപ്തമാണ്. സ്പോര്‍ട്സ് കേരള ഫൗണ്ടേഷനാണ് നിര്‍മാണം നിര്‍വ്വഹിച്ചത്.

സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി ഫണ്ടില്‍നിന്ന് 57 കോടി രൂപ ചിലവിട്ട് സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ നിര്‍മിക്കുന്ന സ്പോര്‍ട്സ് കോംപ്ലക്സ് ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍കൂടി പൂര്‍ത്തിയാകുന്നതോടെ ഇവിടം സംസ്ഥാനത്തെ ഏറ്റവും മികച്ച കായിക കേന്ദ്രങ്ങളിലൊന്നായി മാറുമെന്നും കോട്ടയം ജില്ലയിലും സംസ്ഥാനത്ത് പൊതുവിലുമുള്ള കായിക വളര്‍ച്ചയ്ക്ക് ഊര്‍ജ്ജം പകരാന്‍ ഈ കേന്ദ്രത്തിന് സാധിക്കുമെന്നും ഡോ. അരവിന്ദകുമാര്‍ വ്യക്തമാക്കി. സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗം ഡോ. കെ.ആര്‍. ബൈജു, രജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണന്‍, സ്കൂള്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍റ് സ്പോര്‍ട്സ് സയന്‍സസ് മേധാവി ഡോ. ബിനു ജോര്‍ജ് വര്‍ഗീസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Hot Topics

Related Articles