അടൽ റാങ്കിംഗ്: എം.ജി. സർവ്വകലാശാലയ്ക്ക് മൂന്നാം സ്ഥാനം
ഇന്നവേഷൻ – സംരംഭകത്വ മേഖലകളിൽ മികവ് പുലർത്തുന്ന സർവ്വകലാശാലകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഏർപ്പെടുത്തിയിട്ടുള്ള അടൽ റാങ്കിoഗിൽ മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്ക് മൂന്നാം സ്ഥാനം. റാങ്കിംഗിൽ ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾ പങ്കെടുത്ത സർക്കാർ മേഖലയിലുള്ള നോൺ ടെക്നിക്കൽ സ്ഥാപനങ്ങളുടെ വിഭാഗത്തിലാണ് മഹാത്മാഗാന്ധി സർവ്വകലാശാല ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരത്തി അറുന്നൂറോളം സ്ഥാപനങ്ങളെയാണ് ഇത്തവണ റാങ്കിംഗിനായി പരിഗണിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ വർഷം എട്ടിനും 23 നും ഇടയിൽ റാങ്ക് ലഭിച്ചവരുടെ വിഭാഗത്തിലായിരുന്നു മഹാത്മാഗാന്ധി സർവ്വകലാശാല ഉൾപ്പെട്ടിരുന്നത്.
ഗവേഷണ രംഗത്തെ കണ്ടുപിടുത്തങ്ങളുടെ ഉത്പാദന – വിപണന രംഗത്തെ സാധ്യതകൾ, പുതിയ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്കായി ലഭ്യമാക്കിയ സൗകര്യങ്ങൾ, സാങ്കേതിക രംഗത്തെ സഹകരണവും മൂലധന നിക്ഷേപവും തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തവണ അടൽ റാങ്കിംഗിനായി സ്ഥാപനങ്ങളെ തെരഞ്ഞെടുത്തിട്ടുള്ളത്.
ജനങ്ങളുടെ ഇടയിൽ വികസനോന്മുഖ ചിന്താഗതി വളർത്തിയെടുക്കുന്നതിലുള്ള പങ്കും പരിഗണനാ വിഷയങ്ങളിൽ ഉൾപ്പെട്ടിരുന്നു.
കൃത്യമായ ലക്ഷ്യബോധത്തോടെ നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് സർവ്വകലാശാലയ്ക്ക് ഇത്തരത്തിലൊരു മുന്നേറ്റം സാധ്യമായതെന്ന് വൈസ് ചാൻസലർ ഡോ. സാബു തോമസ് പറഞ്ഞു. ഇതിനായി പ്രവർത്തിച്ച സർവ്വകലാശാല അക്കാദമിക സമൂഹത്തിലെ എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു.
തീയതി നീട്ടി
2021-22 അദ്ധ്യയനവർഷത്തിൽ യു.ജി./ പി.ജി. പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷിക്കുവാനുള്ള തീയതി നീട്ടി. പിഴ കൂടാതെ ജനുവരി 14 വരെയും 1050 രൂപ പിഴയോടു കൂടി ജനുവരി 15 മുതൽ 18 വരെയും 2100 രൂപ പിഴയോടു കൂടി ജനുവരി 19 മുതൽ 22 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in) ലഭ്യമാണ്.
അപേക്ഷാ തീയതി
അഞ്ചാം സെമസ്റ്റർ ബി.എ. / ബി.കോം പ്രോഗ്രാമുകൾ (സി.ബി.സി.എസ്. 2019 അഡ്മിഷൻ – റെഗുലർ – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾക്ക് പിഴയില്ലാതെ ജനുവരി മൂന്ന് വരെയും 525 രൂപ പിഴയോടു കൂടി ജനുവരി ഏഴ് വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ജനുവരി 10 വരെയും അപേക്ഷിക്കാം. വിദ്യാർത്ഥികൾ പരീക്ഷാഫീസിന് പുറമേ 210 രൂപ ക്യാമ്പ് ഫീസായി അടയ്ക്കണം.
പരീക്ഷാ തീയതി
രണ്ടാം സെമസ്റ്റർ ബി.എഡ്. (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ – 2020 അഡ്മിഷൻ – റെഗുലർ / സപ്ലിമെന്ററി – ദ്വിവത്സര കോഴ്‌സ് – അഫിലിയേറ്റഡ് കോളേജ്, സീപാസ്) ബിരുദ പരീക്ഷകൾ ജനുവരി 25 ന് തുടങ്ങും. പിഴ കൂടാതെ ജനുവരി 11 വരെയും 525 രൂപ പിഴയോടു കൂടി ജനുവരി 12 നും 1050 രൂപ സൂപ്പർഫൈനോടെ ജനുവരി 13 നും അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാ ഫീസിന് പുറമെ അടയ്ക്കണം.
പരീക്ഷാഫലം
2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. കംപ്യൂട്ടർ സയൻസ് (റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി 12 വരെ ഓൺലൈനായി അപേക്ഷിക്കാം.
2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.കോം. റെഗുലർ(സി.എസ്.എസ്. 2019 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി 13 വരെ ഓൺലൈനായി അപേക്ഷിക്കാം.
2021 ഏപ്രിലിൽ നടന്ന നാലാം സെമസ്റ്റർ എം.സി.എ. റെഗുലർ ആന്റ് സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ വീതമുള്ള ഫീസ് സഹിതം ജനുവരി 13 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ട് നൽകാം.