എല്ലാം വെറും പബ്ലിസിറ്റിക്ക് വേണ്ടി മാത്രം: മേജർ രവിക്കെതിരെ പരസ്യ പ്രസ്താവനയുമായി മോഹൻലാല്‍ ഫാൻസ്‌

കൊച്ചി : സംവിധായകനും നടനുമായ മേജർ രവിക്കെതിരെ പരസ്യ പ്രസ്താവനയുമായി മോഹൻലാല്‍ ഫാൻസ്‌. ഓള്‍ കേരള മോഹൻലാല്‍ ഫാൻസ്‌ കള്‍ച്ചറല്‍ ആൻഡ് വെല്‍ഫെയർ അസോസിയേഷൻ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് മേജർ രവിക്കെതിരെ പോസ്റ്റ് വന്നത്.രാപ്പകല്‍ സിനിമക്ക് ഒപ്പം നിന്ന ഫാൻസ് അടക്കം ഉള്ള സിനിമാ പ്രവർത്തകർക്കും സിനിമ സ്നേഹികള്‍ക്കും പ്രഹരമായിരുന്നു ‘രവി’ എന്ന സംവിധായകൻ്റെ ലൈവ് ഷോ എന്നും പോസ്റ്റില്‍ പറയുന്നു. ഓന്തിനെയും നാണിപ്പിക്കുന്ന വിധത്തിലുള്ള നിറം മാറ്റമാണ് മേജർ രവിയുടേതെന്നും എല്ലാം വെറും പബ്ലിസിറ്റിക്ക് വേണ്ടി മാത്രം ആണെന്നും ഫേസ്ബുക്കില്‍ പോസ്റ്റില്‍ പറയുന്നു.

Advertisements

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നമസ്കാരം,
ഏറെ കാലത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ തിരശീലയിലേക്ക് എത്തിയ ചിത്രമാണ് L2E: എമ്ബുരാൻ. ചിത്രം റിലീസ് ചെയ്തത് മുതല്‍ വിവാദങ്ങള്‍ക്കും തിരി കൊളുത്തി.
മലയാളക്കര ഇന്ന് വരെ കാണാത്ത രീതിയില്‍ ചിത്രം തരംഗം സൃഷ്ടിച്ച സമയത്ത് രാപകല്‍ സിനിമക്ക് ഒപ്പം നിന്ന ഫാൻസ് അടക്കം ഉള്ള സിനിമാ പ്രവർത്തകർക്കും സിനിമ സ്നേഹികള്‍ക്കും പ്രഹരം എന്ന രീതിയിലാണ് ലാലേട്ടൻ്റെ സിനിമകള്‍ എടുത്ത ‘രവി’ എന്ന സംവിധായകൻ്റെ ലൈവ് ഷോ വരുന്നത്.

എമ്ബുരാൻ സിനിമ അണിയറപ്രവർത്തകർക്കും ഫാൻസുകാർക്കും ഒപ്പം കണ്ട ശേഷം ലോകോത്തര നിലവാരം ഉള്ള സിനിമാ ആണ് എന്നും സംവിധായകൻ പൃഥ്വിരാജിന് അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു ചാനലില്‍ റിവ്യൂ പറഞ്ഞ അദ്ദേഹം പിറ്റെ ദിവസം ഓന്തിനെയൂം നാണിപ്പിക്കുന്ന വിധത്തില്‍ നിറം മാറി വന്ന് സിനിമയെയും സംവിധായകനെയും വിമർശിച്ചതും വെറും പബ്ലിസിറ്റിക്ക് വേണ്ടി ആണെന്ന് നമ്മള്‍ മറക്കരുത്. കൂടാതെ എല്ലാ ഭാഗത്ത് നിന്നും പ്രഷറില്‍ നില്‍ക്കുന്ന അണിയറ പ്രവർത്തകർ തമ്മില്‍ പ്രശ്നങ്ങള്‍ ആണെന്ന് തെറ്റായ ധാരണകള്‍ ഉണ്ടാക്കാനും ഇയാള്‍ക്ക് കഴിഞ്ഞു. ഇയാള്‍ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങാൻ മാത്രം വിഡ്ഢികള്‍ ആണ് കേരളത്തിലെ ജനങ്ങള്‍ എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. പക്ഷേ ഇയാളുടെ സ്വന്തം താല്‍പര്യം ലാലേട്ടൻ്റെ താല്‍പര്യമെന്ന് പറഞ്ഞു നടക്കുന്ന മാധ്യമങ്ങള്‍ ഒന്ന് മനസ്സിലാക്കുക, ലാലേട്ടൻ സുഹൃത്തുക്കളെ അത്രമേല്‍ സ്നേഹിക്കുന്നുണ്ട്, അതിനാല്‍ അവരാല്‍ അദ്ദേഹത്തിൻ്റെ ദേഹത്ത് തെറിക്കുന്ന ചെളികള്‍ അദ്ദേഹം കണ്ടില്ല എന്ന് വെക്കാറാണ് പതിവ്.

നല്ല സൗഹൃദങ്ങള്‍ നമുക്ക് നന്മകള്‍ കൊണ്ടു വരും മറിച്ചായാല്‍ അതാകും ലോകത്തെ ഏറ്റവും വലിയ അപകടങ്ങളില്‍ നമ്മളെ എത്തിക്കുക. മോഹൻലാല്‍ എന്ന ഒരു വ്യക്തിക്ക് ഒരു അഭിപ്രായം പറയാൻ ഉണ്ടെങ്കില്‍ അത് പറയുക തന്നെ ചെയ്യും, അതിനു സിനിമയില്‍ എന്നപോലെ ഒരു ആമുഖത്തിന്റെ ആവശ്യമുണ്ടോ?

ഒരിക്കലുമില്ല എന്ന് തന്നെ പറയും. തലേന്നത്തെ ഒറ്റ ലൈവ് കൊണ്ടു കേരളം മൊത്തം ഉണ്ടായ പ്രതീതി എന്താണ് മോഹൻലാല്‍ മാപ്പ് പറയാൻ പോകുന്നു… ആ ഒറ്റ കാരണത്താല്‍ പിറ്റേന്ന് വന്ന ഖേദ പ്രകടനം എല്ലായിടത്തും ഒരു മാപ്പ് അപേക്ഷ പോലെ നിഴലിച്ചു… ഇതിന്റെ ആവശ്യം ഉണ്ടായിരുന്നോ…. ആപത്തില്‍ അല്ലെ, ഒറ്റപെടുമ്ബോള്‍ നമുക്ക് താങ്ങാവേണ്ടത് സൗഹൃദങ്ങള്‍ തന്നെ ആണ്, എന്ന് വെച്ചിട്ടു ഒരിക്കലും വേലിയേല്‍ കിടക്കുന്ന പാമ്ബ് ആകാൻ നില്‍ക്കരുത്… ആർക്കും ആരുടേയും കാര്യം മുൻകൂട്ടി വിളിച്ചു പറയാൻ ആരും അനുവാദം കൊടുത്തിട്ടുള്ളതായി ഞങ്ങള്‍ കരുതുന്നില്ല.

കേരളത്തില്‍ ഇന്നുള്ളതില്‍ ഏറ്റവും സെൻസിറ്റീവ് കണ്ടന്റ് “മോഹൻലാല്‍” തന്നെ ആണ് അത് സൂക്ഷമമായി ശ്രെദ്ധയോട് കൈ കാര്യം ചെയ്യാൻ പറ്റിയില്ലേല്‍ ഞങ്ങള്‍ ആ സൗഹൃദത്തെയും സംശയിക്കും ചോദ്യം ചെയ്യും. കാരണം ഇതിന് മുൻപും ഇതേ വ്യക്തിയില്‍ നിന്നും ഇങ്ങനെ തന്നെ സംഭവിച്ചിട്ടുണ്ട്… വയനാട് ഉരുള്‍പൊട്ടല്‍ സമയത്ത് ലാലേട്ടനും അദ്ദേഹത്തിൻ്റെ മാതാപിതാക്കളുടെ പേരില്‍ പ്രവർത്തിക്കുന്ന വിശ്വശാന്തി ഫൗണ്ടേഷനും ചേർന്ന് നടത്തിയ കാരുണ്യ പ്രവർത്തനങ്ങള്‍ എല്ലാം ഈ ഒരു വ്യക്തിയുടെ മാത്രം ബുദ്ധിയും കഴിവും കൊണ്ട് ആണെന്ന് പറഞ്ഞു നടന്നു അവിടെയും ഇയാള്‍ സ്വയം ആളായി നിന്നു.

വിശ്വശാന്തി ഫൗണ്ടേഷൻ്റെ ഒരു ഡയറക്ടർ എന്ന നിലയില്‍ അദ്ദേഹം ചെയ്ത അദ്ദേഹത്തിൻ്റെ ജോലി അല്ലെങ്കില്‍ സർവീസ് അത് അയാളുടെ മാത്രം ക്രെഡിറ്റ് ആക്കാൻ അയാള്‍ അന്നും ശ്രമിച്ചു. ഒരിക്കല്‍ കൂടി, ജനങ്ങള്‍ വിഡ്ഢികള്‍ അല്ലാത്തത് കൊണ്ട് അതൊന്നും വിശ്വസിച്ചില്ല.
ലാലേട്ടനെ പോലെ ഒരാള്‍ അദ്ദേഹത്തിൻ്റെ സിനിമകള്‍ റിലീസിന് മുൻപ് കാണില്ല, ഒന്നുമറിയാതെ പോയി അഭിനയിക്കുന്നു എന്നെല്ലാം അടിച്ച്‌ വിട്ട് അവിടെയും സെൻസിറ്റീവ് കണ്ടൻ്റ് ഉണ്ടാക്കി ആളാകാൻ നോക്കുക ആണ് ഈ പ്രമുഖൻ.

വളരെ പണ്ട് ഇയാളുടെ രീതികള്‍ മനസ്സിലാക്കും മുൻപ് അസോസിയേഷന് ഒരു വാഗ്ദാനം നല്‍കി… ഒരു സല്‍കർമ്മം… ലാലേട്ടൻ പറഞ്ഞിട്ട് എന്ന് പറഞ്ഞു ഞങ്ങളെ അറിയിച്ച ആ കാര്യം വിശ്വസിച്ച ഞങ്ങള്‍ വളരെ വൈകി ആണ് അറിഞ്ഞത് അതും ഇയാള് അപ്പോളത്തെ ഒരു ഹീറോയിസത്തിന് വേണ്ടി വെറുതെ പറഞ്ഞത് ആണെന്നും ഇക്കാര്യം ലാലേട്ടൻ അറിഞ്ഞിട്ട് പോലും ഇല്ല എന്നും.
ദയവ് ചെയ്തു പ്രിയ മാധ്യമ സുഹൃത്തുക്കള്‍ ഒന്ന് മനസ്സിലാക്കുക, ഇതുപോലെ ഉള്ള സ്വലാഭം ലക്ഷ്യം വച്ച്‌ കൂടെ നില്‍ക്കുന്ന സുഹൃത്തുക്കളുടെ സ്വരം ലാലേട്ടൻ്റെ സ്വരമായി കണക്കാക്കതിരിക്കുക.

കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്ക് ലൈവുമായി മേജർ രവി എത്തിയത്. എമ്ബുരാൻ എന്ന സിനിമ റിലീസിന് മുന്നേ മോഹൻലാല്‍ കണ്ടിട്ടില്ല എന്ന് തനിക്ക് ആധികാരികമായി പറയാൻ കഴിയും. ഈ സംഭവങ്ങള്‍ അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചിട്ടുണ്ട്. താൻ അറിയുന്ന മോഹൻലാല്‍ ഈ സംഭവങ്ങളില്‍ ഉറപ്പായും മാപ്പ് പറയുമെന്നും മേജർ രവി പറഞ്ഞു.

തുടർന്ന് തൊട്ടടുത്ത ദിവസം മോഹൻലാല്‍ ഖേദം പ്രകടിപ്പിച്ച്‌ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഒരു കലാകാരൻ എന്ന നിലയില്‍ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല. അതുകൊണ്ട് എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തില്‍ എനിക്കും എമ്ബുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ടെന്നാണ് മോഹൻലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. മോഹൻലാല്‍ പങ്കുവെച്ച പോസ്റ്റ് സംവിധായകൻ പൃഥ്വിരാജും നിർമാതാവ് ആന്റണി പെരുമ്ബാവൂരും ഷെയർ ചെയ്യുകയുമുണ്ടായി. എല്‍ 2 ഇ, എമ്ബുരാൻ എന്നീ ഹാഷ്ടാഗുകള്‍ക്ക് ഒപ്പമാണ് പൃഥ്വിരാജ് പോസ്റ്റ് ഷെയർ ചെയ്തത്.

Hot Topics

Related Articles