വാഷിങ്ടൺ: അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടി തുടങ്ങി. പുതിയ ഭരണകൂടം സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസമായപ്പോഴേക്കും 538 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തു. നൂറുകണക്കിന് ആളുകളെ സൈനിക വിമാനം ഉപയോഗിച്ച് നാടുകടത്തിയെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.
“തീവ്രവാദിയെന്ന് സംശയിക്കുന്ന ഒരാള്‍ ഉള്‍പ്പെടെ 538 അനധികൃത കുടിയേറ്റ കുറ്റവാളികളെ അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്തവർക്ക് എതിരായ ലൈംഗിക അതിക്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചെയ്തവരും അറസ്റ്റിലായവരിലുണ്ട്. നൂറുകണക്കിന് അനധികൃത കുടിയേറ്റ കുറ്റവാളികളെ സൈനിക വിമാനങ്ങള്‍ വഴി നാടുകടത്തുകയും ചെയ്തു. ചരിത്രത്തിലെ ഏറ്റവും വലിയ വലിയ നാടുകടത്തല്‍ ഓപ്പറേഷൻ പുരോഗമിക്കുകയാണ്. വാഗ്ദാനങ്ങള്‍ നല്‍കി. വാഗ്ദാനങ്ങള്‍ പാലിക്കുന്നു”- കരോലിൻ ലീവിറ്റ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജനുവരി 20ന് അധികാരമേറ്റതിന് പിന്നാലെ ‘രാജ്യത്തിന്‍റെ അതിർത്തികള്‍ സുരക്ഷിതമാക്കാൻ’ എന്ന പേരിലാണ് ട്രംപ് ഭരണകൂടത്തിന്‍റെ നടപടി. അമേരിക്കൻ ജനതയെ അധിനിവേശത്തില്‍ നിന്ന് സംരക്ഷിക്കുക എന്നതുള്‍പ്പെടെയുള്ള ഇരുനൂറിലേറെ നിർണായക എക്സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പുവച്ചു. കഴിഞ്ഞ നാല് വർഷത്തിനിടെ അനധികൃത കുടിയേറ്റം അഭൂതപൂർവമായ രീതിയില്‍ കൂടിയെന്ന് ഉത്തരവില്‍ പറയുന്നു.
അതോടൊപ്പം അമേരിക്കയിലെ 90 ലക്ഷത്തോളം വരുന്ന ലൈംഗിക ന്യൂനപക്ഷങ്ങള്‍ ഇനി രേഖകളില്‍ ഉണ്ടാവില്ല. അമേരിക്കയില്‍ രണ്ടു വർഗ്ഗമേയുള്ളൂ, ആണും പെണ്ണും എന്ന് പ്രഖ്യാപിച്ച ട്രംപ് സർക്കാർ രേഖകളില്‍ ട്രാൻസ്‌ജെൻഡറുകള്‍ ഉണ്ടാവില്ലെന്ന ഉത്തരവിലും ഒപ്പിട്ടു. ലോകാരോഗ്യ സംഘടനയില്‍ ഇനി അമേരിക്ക ഇല്ലെന്നും ട്രംപ് പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയ്ക്ക് അമേരിക്ക നല്‍കുന്ന ഭീമമായ സാമ്പത്തിക സഹായം അനാവശ്യ ചെലവാണെന്ന് ട്രംപ് പറഞ്ഞു. വിഷവാതകങ്ങള്‍ കുറയ്ക്കാനും കാലാവസ്ഥാ വ്യതിയാനം തടയാനും ലക്ഷ്യമിട്ട് ലോകരാജ്യങ്ങള്‍ ഒപ്പിട്ട പാരീസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്മാറിയെന്ന ഉത്തരവിലും ട്രംപ് ഒപ്പിട്ടു. കരാർ രാജ്യത്തിൻറെ വളർച്ചയ്ക്ക് തടസമാണെന്നാണ് ട്രംപിന്റെ നിലപാട്.