കല്‍പ്പറ്റ: പുത്തുമലയില്‍ ഭൂമി നഷ്ടപ്പെട്ട ഏഴ് കുടുംബങ്ങള്‍ വഴിയാധാരമായെന്ന വാർത്തയില്‍ ഇടപെടലുമായി റവന്യൂ മന്ത്രി കെ രാജൻ. ഇത് പ്രത്യേക കേസായി പരിഗണിച്ച് പ്രശ്നം പരിഹരിക്കുമെന്ന് കെ രാജൻ പറഞ്ഞു. ഉടൻ ജില്ലാ കളക്ടറുടെ റിപ്പോർട്ട് വാങ്ങി തുടർനടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. ഉരുള്‍പൊട്ടലുണ്ടായി അഞ്ചു വർഷം കഴിഞ്ഞിട്ടും വാടക വീടുകളില്‍ കഴിയുകയാണ് കുടുംബങ്ങള്‍.
ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയില്‍ ഏഴ് കുടുംബങ്ങളാണ് ഇപ്പോഴും ആനുകൂല്യങ്ങള്‍ക്ക് പുറത്ത് നില്‍ക്കുന്നത്. വീടും കൃഷിയും നഷ്ടപ്പെട്ടവരെ മാത്രമാണ് സർക്കാർ പുനരധിവസിപ്പിച്ചത് എന്നും ഭൂമി മാത്രം നഷ്ടമായവരെ സർക്കാർ പരിഗണിച്ചില്ലെന്നുമാണ് കുടുംബങ്ങള്‍ പറയുന്നത്. അബ്ദുല്‍ അസീസ്, ഇർഫാന, റസീന, ഷെമീർ, ഹസീന ഷെഫീ, ജുബൈരിയ മൻസൂർ, അബു ത്വല്‍ഹത്ത്, ഷെക്കീർ എന്നിവർക്കാണ് ഇപ്പോഴും വീടില്ലാത്തത്. ഇവരെല്ലാവരും ഇപ്പോഴും എസ്റ്റേറ്റ് ലയങ്ങളിലാണ് കഴിയുന്നത്. 2019 ഓഗസ്റ്റ് എട്ടിനാണ് പുത്തുമലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. അതില്‍ അഞ്ചുപേരുടെ മൃതദേഹം ഇതുവരേയും കണ്ടെത്താനായിട്ടില്ല.