തിരുവനന്തപുരം : ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തില്‍ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ സംരക്ഷിച്ച് മന്ത്രി സജി ചെറിയാന്. രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണ്. വസ്തുത പരിശോധിക്കേണ്ടതുണ്ട്. ആക്ഷേപത്തില്‍ കേസെടുക്കില്ലെന്നും പരാതി ഉണ്ടെങ്കില്‍ കേസെടുക്കുമെന്നും മന്ത്രി സജി ചെറിയാന് പ്രതികരിച്ചു. സര്‍ക്കാര്‍ ഇരയ്ക്കൊപ്പമാണ് വേട്ടക്കാർക്കൊപ്പമല്ല. പരാതി തരുന്ന മുറയ്ക്ക് സർക്കാർ പരിശോധിക്കുമെന്നും സജി ചെറിയാന് പറഞ്ഞു.
കുറ്റം ചെയ്യുന്നവർക്കെതിരെ വിട്ടു വീഴ്ച ഉണ്ടാകില്ല. എന്നാല്‍ നടപടി എടുക്കാന്‍ രേഖമൂലം പരാതി വേണം. നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ചേ തീരുമാനത്തില്‍ എത്താൻ ആകൂവെന്ന് മന്ത്രി പ്രതികരിച്ചു. മീഡിയ വഴി ഉന്നയിച്ച മൊഴിയില്‍ കേസെടുക്കാൻ കഴിയില്ലെന്ന് പറഞ്ഞ സജി ചെറിയാന്, രഞ്ജിത്ത് അത് നിഷേധിച്ചില്ലെ എന്നും ചോദിച്ചു. ഹേമ കമ്മറ്റിയുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ സംബന്ധിച്ച് കേസ് എടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ പരാതി നല്കിയാല് ഏത് ഉന്നത ആണെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്നും വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് മന്ത്രി സജി ചെറിയാന് പറഞ്ഞു. പരാതിയിലെ വസ്തുത അന്വേഷിക്കേണ്ടത് പൊലീസാണ്. ആരോപണം ഉയർന്നപ്പോള്‍ രഞ്ജിത്ത് മറുപടി പറഞ്ഞു. ആരോപണവും രഞ്ജിത്തിന്റെ മറുപടിയുമാണ് സർക്കാരിന്റെ മുന്നിലുള്ളത്. ഇക്കാര്യത്തില്‍ പരാതി വന്നാല്‍ നടപടി ഉണ്ടാകുമെന്ന് മന്ത്രി പറയുന്നു. ആരോപണത്തില്‍ കേസെടുത്താല്‍ അത് നിലനില്‍ക്കില്ലെന്നും പരാതി തന്നാല്‍ മാത്രമേ നടപടി സ്വീകരിക്കൂ എന്നുമാണ് മന്ത്രിയുടെ നിലപാട്.
രഞ്ജിത്തുമായി താൻ സംസാരിച്ചോ എന്ന് പരസ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും സജി ചെറിയാന് പറഞ്ഞു. സർക്കാർ സ്ത്രീകള്‍ക്കൊപ്പമാണ്. വേട്ടക്കാരനൊപ്പമല്ല ഇരയോടൊപ്പമാണ് സർക്കാർ. ആരോപണങ്ങളില്‍ കേസെടുക്കാൻ ആവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ആരോപണം ഉന്നയിച്ചാല്‍ വസ്തുത ഉണ്ടായിരിക്കാം, ഇല്ലായിരിക്കാം. പക്ഷേ പരാതി കൊടുക്കേണ്ടത് അയാളുടെ ഉത്തരവാദിത്വമാണ്. ആക്ഷേപങ്ങളിലും ആരോപണങ്ങളിലും നടപടിയെടുക്കാൻ ആവില്ലെന്ന് മന്ത്രി സജി ചെറിയാന് ആവര്‍ത്തിച്ചു.