കൊച്ചി : അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറില്‍ത്തന്നെ വിക്കറ്റ് കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും അതു വലിയ ദൈവാനുഗ്രഹമാണെന്നും മലയാളി താരം മിന്നുമണി പറഞ്ഞു.ബംഗ്ലാദേശ് മത്സരത്തിനുശേഷം കേരളത്തില്‍ മടങ്ങിയെത്തിയ മിന്നുമണിക്ക് നെടുമ്പാശേരി വിമാനത്താവളത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയ സ്വീകരണത്തിലാണ് മിന്നു തന്റെ സന്തോഷം പങ്കുവച്ചത്. പരമ്പരയിലെ മൂന്നു മത്സരത്തില്‍ നിന്നായി അഞ്ചു വിക്കറ്റാണ് മിന്നുമണി നേടിയത്.
‘നന്നായി കളിക്കാന്‍ പറ്റി. സഹതാരങ്ങളുടെ പിന്തുണ എടുത്തു പറയുന്നു. ആദ്യമായി അന്താരാഷ്ട്ര മത്സരം കളിച്ച എന്റെ സമ്മര്‍ദം ഇല്ലാതാക്കാന്‍ ഏറ്റവും സഹായിച്ചത് അവരാണ്. കളിയിലെ മികവിനെക്കാള്‍ കളിക്കളത്തില്‍ എങ്ങനെ കൂളായിരിക്കണമെന്ന് അവര്‍ എനിക്കു പറഞ്ഞുതന്നു. അത് നല്ല പ്രകടനം നടത്താന്‍ എന്നെ സഹായിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോകമെങ്ങുമുള്ള മലയാളികളില്‍നിന്ന് വലിയ പ്രോത്സാഹനവും സ്‌നേഹവും ഈ ദിവസങ്ങളില്‍ ലഭിച്ചു. ഇത്രയും പേര്‍ എന്നെ ഇഷ്ടപ്പെടുന്നു എന്നത് വലിയ അദ്ഭുതമായിരുന്നു. അതു നല്‍കിയ സന്തോഷവും ആത്മവിശ്വാസവും ചെറുതല്ല.’ മിന്നുമണി പറഞ്ഞു.
വലിയ സ്വപ്നങ്ങള്‍ കാണാനും അതിനായി കഠിനാധ്വാനം ചെയ്യാനും മിന്നുമണി കുട്ടികളെ ഉപദേശിച്ചു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ടിനു യോഹന്നാന്‍, കേരള ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജസ്റ്റിന്‍ പി. ആന്‍ഡ്രൂസ്, എറണാകുളം ജില്ലാ ക്രിക്കറ്റ് ലീഗ് കമ്മിറ്റി ചെയര്‍മാന്‍ മനോജ് പി. മോഹന്‍ എന്നിവര്‍ ചേര്‍ന്നു മിന്നുമണിക്ക് ഊഷ്മള സ്വീകരണം നല്‍കി.