എംഎല്‍എയുടെ കാറിന് വഴി മാറാത്തതിന് മര്‍ദ്ദനം; കാട്ടാക്കടയില്‍ 8 മാസം ഗര്‍ഭിണിയടക്കമുള്ള കുടുംബത്തിന് നേരെ ആക്രമണം

തിരുവനന്തപുരം : തിരുവനന്തപുരം കാട്ടാക്കടയില്‍ എംഎല്‍എയുടെ കാറിന് കടന്നുപോകാൻ സൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ച്‌ ഗര്‍ഭിണിയടക്കമുള്ള കുടുംബത്തിന് നേരെ ആക്രമണം. ജി സ്റ്റീഫൻ എംഎല്‍എക്കും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകർക്കുമെതിരെയാണ് ഗുരുതര ആരോപണം ഉയരുന്നത്. കാർ അടിച്ചുതകർത്തുവെന്നും യുവതിയുടെ മാല പൊട്ടിച്ചെന്നുമാണ് ആരോപണം. എംഎല്‍എക്കും ഒപ്പമുണ്ടായിരുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകർക്കുമെതിരെ സ്റ്റേഷനില്‍ കുടുംബം പരാതി നല്‍കി. ഇന്നലെ രാത്രിയിലാണ് സംഭവം. എംഎല്‍എയുടെ കാറിന് കടന്നുപോകാൻ സൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ച്‌ എട്ട് മാസം ഗര്‍ഭിണിയായ യുവതിയടക്കമുള്ള കുടുംബത്തിനെ ഒരു സംഘം ആക്രമിച്ചു എന്നാണ് പരാതി.

Advertisements

കാട്ടാക്കടയില്‍ കല്യാണ വിരുന്നില്‍ പങ്കെടുത്ത് തിരികെയിറങ്ങിയ കുടുംബത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബിനീഷ്, ഭാര്യ നീതു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരുടെ കാറും തല്ലിത്തകര്‍ത്തു. സംഘര്‍ഷത്തിനിടെ തങ്ങളുടെ മാല പൊട്ടിച്ചെടുത്തെന്നും ഇവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബിനീഷിന്‍റെ മൂക്കിനും കൈക്കും നെഞ്ചിനും പരിക്കുണ്ട്. കുടുംബം കാട്ടാക്കട സ്റ്റേഷനില്‍ പരാതി നല്‍കി. അതേസമയം, ആരോപണം നിഷേധിക്കുകയാണ് ജി. സ്റ്റീഫൻ എംഎല്‍എ. തന്‍റെ കാര് കടന്നുപോകുന്നതിന് വഴിയൊരുക്കാന് ആവശ്യപ്പെട്ടിട്ടില്ല. സംഭവ സമയത്ത് താന്‍ കല്യാണ ഓഡിറ്റോറിയത്തില്‍ ആയിരുന്നുവെന്നും ആരാണ് കുടുംബത്തെ ആക്രമിച്ചതെന്ന് അറിയില്ലെന്നും സ്റ്റീഫൻ പറഞ്ഞു.

Hot Topics

Related Articles