മല്ലപ്പള്ളി : ഒരു വർഷം മുമ്പ് നാട്ടിൽ നിന്നും പലരോടും പണം കടം വാങ്ങിയശേഷം നാടുവിട്ട യുവാവിനെ കണ്ടെത്തി. കോട്ടാങ്ങൽ പാടിമൺ കോലമല വീട്ടിൽ സാജൻ തോമസി(38)നെയാണ് പെരുമ്പെട്ടി പോലീസ് ഗുജറാത്ത് രാജസ്ഥാൻ അതിർത്തിയായ രാധൻപൂരിൽ കണ്ടെത്തി നാട്ടിലെത്തിച്ചത്. നിരവധിയാളുകളിൽ നിന്നും പണം കടം വാങ്ങുകയും, പിന്നീട് തിരികെ നൽകാതെ ഒളിവിൽ പോകുകയുമായിരുന്നു. തുടർന്ന് വീട്ടുകാർ ഇയാളെ കാണാതായതായി പെരുമ്പെട്ടി പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണത്തിൽ യുവാവ് സംസ്ഥാനം വിട്ടതായി സ്ഥിരീകരിച്ചു.
മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ ഇയാളെപ്പറ്റി യാതൊരു വിവരവും ലഭിച്ചിരുന്നില്ല. വർഷങ്ങൾക്ക് മുമ്പ് ഗുജറാത്തിൽ ജോലി ചെയ്തിരുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ജില്ലാ പോലീസ് മേധാവി മുഖേന ഗുജറാത്ത് പോലീസുമായി ബന്ധപ്പെടുകയും തുടർന്ന് ഗുജറാത്ത് രാജസ്ഥാൻ അതിർത്തിയായ രാധൻ പൂരിൽ കണ്ടെത്തുകയുമായിരുന്നു. യുവാവ് ഇവിടെയുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലിസ് ഇൻപെക്ടർ എം ആർ സുരേഷിന്റെ നിർദ്ദേശാനുസരണം എസ് ഐ സുമേഷ്, സി പി ഓമാരായ അജീഷ് കുമാർ, സുനിൽ കുമാർ എന്നിവരുടെ സംഘം രാധൻപൂരിലെത്തി പിടികൂടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇയാളെ പിടികൂടിയതറിഞ്ഞ് കടം വാങ്ങിയിട്ട് പണം തിരികെ കിട്ടാത്തവരുടെ പരാതികൾ പെരുമ്പെട്ടി പോലിസ് സ്റ്റേഷനിൽ ലഭിക്കുന്നുണ്ട്. പരാതികളിൽ തുടർനടപടി ഉണ്ടാകുമെന്ന് പെരുമ്പെട്ടി പോലീസ് പറഞ്ഞു. പണം കടം വാങ്ങിയത് സുഹൃത്തിനു വേണ്ടിയാണെന്നും അയാൾക്ക് കൈമാറിയിട്ടുണ്ടെന്നും സുഹൃത്തുമായി പങ്കുകച്ചവടം നടത്തിയിരുന്നുവെന്നും സാജൻ തോമസ് പോലീസിനോട് പറഞ്ഞു. ഇതിനെ പറ്റി പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. യുവാവിനെ കോടതിയിൽ ഹാജരാക്കി.