ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പൻ വിജയം നേടി ലിവർപൂൾ. ടോട്ടനത്തിനെ മൂന്നിനെതിരെ ആറു ഗോളിന് തകർത്താണ് ലിവർപൂൾ തേരോട്ടം തുടർന്നത്. മുഹമ്മദ് സലയുടെയും, ലൂയിസ് ഡയസിന്റെയും ഇരട്ടഗോളുകളാണ് ലിവർപൂളിന് വിജയവഴി വിശാലമാക്കി നൽകിയത്. 23 ആം മിനിറ്റിൽ ലൂയിസ് ഡയസാണ് ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. 36 ആം മിനിറ്റിൽ അല്കസിസ് മാക് അലിസ്റ്റർ പട്ടികയിലെ രണ്ടാം ഗോൾ നേടി. എന്നാൽ, 41 ആം മിനിറ്റിൽ ജെയിംസ് മാഡിസണിലൂടെ ടോട്ടനം തിരിച്ചടിച്ചു. ആദ്യ പകുതിയുടെ ഇൻജ്വറി ടൈമിൽ മൂന്നാം ഗോൾ നേടിയ ഡൊമിനിക് സൊബോസാലിസ് രണ്ടാം പകുതിയിൽ സംഭവിക്കാനിരിക്കുന്നതിന്റെ സൂചന ടോട്ടനത്തിന് നൽകി. 54, 61 മിനിറ്റുകളിൽ തുടർച്ചയായി ഡബിൾ നേടിയ മുഹമ്മദ് സല ലിവർപൂളിന്റെ ഗോൾ നേട്ടം അഞ്ചായി ഉയർത്തി. 85 ആം മിനിറ്റിൽ ലൂയിസ് ഡയസ് തന്നെ ലിവർപൂളിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി. 72 ആം മിനിറ്റിൽ ഡെജാവനും , 83 ആം മിനിറ്റിൽ സോളങ്കിയും ടോട്ടനത്തിന്റെ ആശ്വാസപ്പട്ടിക പൂർത്തിയാക്കി.
വിജയവഴിയിൽ തിരികെ എത്തിയ യുണൈറ്റഡിനെ ബോൺസ്മൗത്താണ് വീഴ്ത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബോൺസ്മൗത്തിന്റെ വിജയം. 29 ആം മിനിറ്റിൽ ഡിയാൻ ഹ്യൂജിസെൻ, 61 ആം മിനിറ്റിൽ പെനാലിറ്റിയിലൂടെ ജസ്റ്റിൻ ക്ലൂയിവേർട്ട്, 63 ആം മിനിറ്റിൽ ആന്റണി സെമ്യായോ എന്നിവരാണ് ഗോൾ നേടിയത്. എവർട്ടണ്ണും ചെൽസിയും, ഫുൾഹാമും സതാംപ്ടണും ഗോൾരഹിത സമനിലയിൽ പിരിഞ്ഞപ്പോൾ, വൂൾവ്‌സിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് ലെസ്റ്റർ തോറ്റു.