വെള്ളിയാഴ്ച രാവിലെ അഞ്ചുമണിക്കു രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മോക് പോളിങ് നടക്കും. രാഷ്ട്രീയപാർട്ടി പ്രതിധികളായി രണ്ടുപേരെങ്കിലും ഉണ്ടെങ്കിൽ യഥാർഥ പോളിങ് സമയത്തിന് 90 മിനിട്ട് മുമ്പ് മോക് പോൾ നടത്തണമെന്നാണ് ചട്ടം. കുറഞ്ഞത് അൻപതു വോട്ടുകളെങ്കിലും ചെയ്തുകൊണ്ടായിരിക്കും മോക് പോൾ നടത്തുക. നോട്ടയുൾപ്പെടെ എല്ലാ സ്ഥാനാർഥികൾക്കും മോക് പോളിൽ വോട്ടു ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. തുടർന്ന് ഓരോ സ്ഥാനാർഥിക്കും കിട്ടിയ വോട്ട് രേഖപ്പെടുത്തും. മോക് പോളിനുശേഷം വോട്ടിങ് യന്ത്രങ്ങൾ ക്ലിയർ ചെയ്തശേഷമായിരിക്കും യഥാർഥ പോളിങ്ങിലേക്കു കടക്കുക.
വൈകിട്ട് ആറുമണിവരെയാണ് പോളിങ് സമയം നിശ്ചയിച്ചിട്ടുള്ളത്. ആറുമണിക്കു പോളിങ് ബൂത്തിൽ വോട്ട് ചെയ്യാനുള്ള വരിയിൽനിൽക്കുന്നവർക്കു ടോക്കൺ നൽകി വോട്ട് ചെയ്യാൻ അവസരം നൽകും. 14 സ്ഥാനാർഥികളാണ് കോട്ടയം ലോക്സഭ മണ്ഡലത്തിൽ മത്സരരംഗത്തുള്ളത്. മണ്ഡലത്തിൽ 12,54,823 വോട്ടർമാരുണ്ട്; 6,47,306 സ്ത്രീകളും 6,07,502 പുരുഷൻമാരും 15 ട്രാൻസ്ജെൻഡറും. വോട്ടർമാരിൽ 51.58 ശതമാനം സ്ത്രീകളാണ്. പുരുഷന്മാർ 48.41 ശതമാനവും. മണ്ഡലത്തിൽ 1198 പോളിങ് സ്റ്റേഷനുകളാണുള്ളത്.
പോളിങ്ങിനുശേഷം സ്വീകരണ-വിതരണകേന്ദ്രങ്ങളിൽ എത്തിച്ചശേഷം വോട്ടിങ് യന്ത്രങ്ങൾ വോട്ടെണ്ണൽ കേന്ദ്രമായ കോട്ടയം നാട്ടകം ഗവ. കോളജിലെ സ്ട്രോങ് റൂമിലേക്കു മാറ്റും. ജൂൺ നാലിനാണ് വോട്ടെണ്ണൽ.