ന്യൂഡൽഹി: എല്‍.കെ. അദ്വാനിയ്ക്ക് ഭാരതരത്ന ബഹുമതി ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏറ്റവും ബഹുമാന്യരാജ്യതന്ത്രജ്ഞരില് ഒരാളായ അദ്വാനിയ്ക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതി നല്കി അംഗീകരിക്കുന്നത് തന്റെ ജീവിതത്തിലെ വികാരനിർഭരമായ മുഹൂർത്തമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അദ്വാനിയുമായി താൻ സംസാരിച്ചതായും അദ്ദേഹത്തെ അഭിനന്ദനം അറിയിച്ചതായും മോദി എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
“ഇന്ത്യയുടെ വികസനത്തിനായി അദ്ദേഹം നല്കിയ സംഭാവനകള്‍ മഹത്തരമാണ്. താഴെത്തട്ടില്‍ നിന്നാരംഭിച്ച് പിന്നീട് ഉപപ്രധാനമന്ത്രിയായി രാജ്യത്തെ സേവിച്ചതാണ് അദ്ദേഹത്തിന്റെ ജീവിതം. നമ്മുടെ ആഭ്യന്തരമന്ത്രിയായും വാർത്താവിതരണ പ്രക്ഷേപണ മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചു. പാർലമെന്റില്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. പതിറ്റാണ്ടുകള്‍ നീണ്ട അദ്ദേഹത്തിന്റെ പൊതുജീവിതം സുതാര്യമായിരുന്നു. രാഷ്ട്രീയ ധാർമികതയില്‍ മാതൃകാപരമായ നിലപാടായിരുന്നു അദ്ദേഹത്തിന്റെത്. ദേശീയ ഐക്യത്തിനും സാംസ്കാരിക പുനരുജ്ജീവനത്തിനും വേണ്ടി അദ്ദേഹം സമാനതകളില്ലാത്ത ശ്രമങ്ങള്‍ നടത്തി” മോദി കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാർട്ടി ദേശീയ അധ്യക്ഷനായിരുന്ന ഘട്ടത്തില്‍ രാമജന്മഭൂമിയുമായി ബന്ധപ്പെട്ട വിഷയം സജീവമാക്കാനായി എല്‍.കെ അദ്വാനി സംഘടിപ്പിച്ച രഥയാത്ര ബിജെപിയുടെ വളർച്ചയില്‍ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 2002 മുതല്‍ 2004 വരെയായിരുന്നു അദ്ദേഹം ഇന്ത്യയുടെ ഏഴാമത്തെ ഉപപ്രധാനമന്ത്രി പദവി വഹിച്ചത്. ആഭ്യന്തര വകുപ്പടക്കം നിരവധി മന്ത്രാലയങ്ങളുടെ ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്. 1970 മുതല്‍ 2019 വരെയുള്ള കാലയളവില്‍ രാജ്യസഭയിലും ലോക്സഭയിലുമായി പാർലമെന്റ് അംഗവുമായിരുന്നു. ഏറ്റവും കൂടുതല്‍ കാലം ആഭ്യന്തര മന്ത്രിയും ലോക്സഭയില്‍ ഏറ്റവും കൂടുതല്‍ കാലം പ്രതിപക്ഷ നേതാവായിരുന്ന വ്യക്തിയും കൂടിയാണ് അദ്വാനി. 2009-ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായിരുന്നു അദ്ദേഹം.