പത്തനംതിട്ട : എൻ.ഡി.എ.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തനംതിട്ടയിലെത്തി. പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിന് സമീപമുള്ള മൈതാനിയില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ അദ്ദേഹം 2.20 ഓടെ റോഡുമാർഗം പൊതുസമ്മേളന വേദിയായ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ എത്തി. നിശ്ചയിച്ചതിലും ഒരു മണിക്കൂർ വൈകിയാണ് അദ്ദേഹം സമ്മേളന വേദിയിലെത്തിയത്. കന്യാകുമാരിയിലെ പ്രചാരണ യോഗത്തില്‍ പങ്കെടുത്ത ശേഷമായിരുന്നു അദ്ദേഹം പത്തനംതിട്ടയിലേക്കെത്തിയത്. സമ്മേളനവേദിയില്‍ എത്തിയ മോദിയെ പ്രവർത്തകർ ആവേശത്തോടെ സ്വീകരിച്ചു.
സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം മോദി പങ്കെടുക്കുന്ന ആദ്യ പൊതുസമ്മേളനങ്ങളിലൊന്നാണ് പത്തനംതിട്ടയില്‍ നടക്കുന്നത്. എൻ.ഡി.എ. സ്ഥാനാർഥികളായ അനില്‍ ആൻ്റണി (പത്തനംതിട്ട), ബൈജു കലാശാല ( മാവേലിക്കര ), ശോഭാസുരേന്ദ്രൻ (ആലപ്പുഴ), വി. മുരളീധരൻ (ആറ്റിങ്ങല്‍) എന്നിവരടക്കം വേദിയിലുണ്ട്. ബി.ജെ.പി. സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ, കുമ്മനം രാജശേഖൻ, അല്‍ഫോണ്‍സ് കണ്ണന്താനം, ജോർജ് കുര്യൻ, തുഷാർ വെള്ളാപ്പള്ളി, പദ്മജ വേണുഗോപാല്‍, പി.സി. ജോർജ്, ഷോണ്‍ ജോർജ്, സന്ദീപ് വാചസ്പതി, പ്രമീളാ ദേവി, വി.എ. സൂരജ് തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നുള്ള പ്രവർത്തകരും എത്തിയിട്ടുണ്ട്. 11.45 ഓടെ സംസ്ഥാന നേതാക്കളുടെ പ്രസംഗങ്ങള്‍ ആരംഭിച്ചിരുന്നു. മോദി എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പുതന്നെ അദ്ദേഹത്തിൻ്റെ മുൻ പ്രസംഗങ്ങള്‍ മലയാളത്തില്‍ വേദിയില്‍ കേള്‍പ്പിച്ചു. നിർമിത ബുദ്ധി (എ.ഐ.) അടിസ്ഥാനമാക്കിയാണ് ഹിന്ദിയിലുള്ള പ്രസംഗങ്ങള്‍ മലയാളത്തിലാക്കി വേദിയുടെ പിന്നിലെ സ്ക്രീനില്‍ പ്രദർശിപ്പിച്ചത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചടങ്ങുകളില്‍ പങ്കെടുത്ത് മോദി പ്രസംഗിച്ചതടക്കമുള്ളതാണ് എ.ഐ.യിലൂടെ മലയാളത്തിലേക്ക് എത്തിയത്. ബി.ജെ.പി സർക്കാരിൻ്റെ നേട്ടങ്ങളായിരുന്നു പ്രസംഗങ്ങളുടെ ഉള്ളടക്കം.