ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയുമായി നിലനില്‍ക്കുന്ന അതിർത്തി തർക്കത്തില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ദീർഘകാലമായുള്ള ഇന്ത്യ-ചൈന അതിർത്തി തർക്കം എത്രയും വേഗം പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണനിലയിലാകണമെന്നും മോദി പറഞ്ഞു. യു.എസ് മാഗസിനായ ന്യൂസ് വീക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിർത്തിയില്‍ ദീർഘകാലമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ഉടൻ പരിഹരിക്കപ്പെടണമെന്നാണ് ഞാൻ കരുതുന്നത്. ഇതുവഴി ഉഭയകക്ഷി ബന്ധത്തിലുണ്ടായ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയും. നയതന്ത്രതലത്തിലും സൈനികതലത്തിലും ക്രിയാത്മകമായ ചർച്ചകള്‍ നടത്തിക്കൊണ്ട് നമ്മുടെ അതിർത്തികളില്‍ സമാധാനം പുനഃസ്ഥാപിക്കാനും അത് നിലനിർത്താനും കഴിയുമെന്നാണ് എന്റെ പ്രതീക്ഷ’, മോദി പറഞ്ഞു.
ചൈനയുമായുള്ള മത്സരത്തേക്കുറിച്ചുള്ള ചോദ്യത്തിന് ഇന്ത്യയിലെ സാമ്ബത്തിക പരിഷ്കാരങ്ങളാണ് മോദി ഉയർത്തിക്കാട്ടിയത്. ചൈനയില്‍ നിന്ന് മാറാൻ ആഗ്രഹിക്കുന്ന കമ്ബനികളെ ആകർഷിക്കുന്ന വിധത്തില്‍ രാജ്യം മാറിയെന്നും അദ്ദേഹം പറഞ്ഞു. ‘ജനാധിപത്യരാഷ്ട്രമെന്ന നിലയിലും ആഗോള സാമ്ബത്തിക വളർച്ചയുള്ള രാജ്യം എന്ന നിലയിലും, വിതരണശൃംഖലകള്‍ വൈവിധ്യവത്കരിക്കാൻ ആഗ്രഹിക്കുന്നവരുടെ സ്വാഭാവികമായ തിരഞ്ഞെടുപ്പാണ് ഇന്ത്യ’, നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയിലെ നിയമങ്ങളും നികുതി സമ്ബ്രദായവും അടിസ്ഥാനസൗകര്യങ്ങളുമെല്ലാം ആഗോള നിലവാരത്തിനൊപ്പമെത്തിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നു പറഞ്ഞ മോദി, ചരക്കുസേവന നികുതി, കോർപ്പറേറ്റുകളുടെ നികുതി കുറയ്ക്കാനുള്ള നയം, തൊഴില്‍ നിയമ പരിഷ്കാരം തുടങ്ങിയവ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോകജനസംഖ്യയുടെ ആറിലൊരുഭാഗം ഉള്‍ക്കൊള്ളുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യ ഈ മേഖലകളില്‍ ആഗോളനിലവാരത്തിലെത്തുമ്ബോള്‍ അത് ലോകത്ത് വലിയ സ്വാധീനമുണ്ടാക്കുമെന്നും മോദി പറഞ്ഞു. ഈ മാസം ആദ്യം അരുണാചല്‍ പ്രദേശിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള 30 സ്ഥലങ്ങളുടെ പേര് മാറ്റിക്കൊണ്ടുള്ള പട്ടിക ചൈന പുറത്തിറക്കിയതാണ് ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലെ ഏറ്റവും ഒടുവിലത്തെ സംഭവവികാസം. ഇതിനുപിന്നാലെ, അരുണാചല്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും പുതിയ പേരുകള്‍ നല്‍കിയാല്‍ ആ യാഥാർഥ്യം മായ്ക്കാനാകില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുകയുംചെയ്തിരുന്നു.