മൊഹാലി: ട്വന്റ്ി 20 ലോകകപ്പിന് മുന്നോടിയായി തയ്യാറെടുക്കാനായി ഓസീസിനെ നാട്ടിലേയ്ക്കു വിളിച്ചു വരുത്തിയ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ആദ്യ മത്സരത്തിൽ, പുതിയ ജഴ്സിയിൽ കളിക്കാനിറങ്ങിയ ടീം ഇന്ത്യയ്ക്ക് വൻ തോൽവി. 209 എ്ന്ന കൂറ്റൻ സ്കോർ ഉയർത്തിയിട്ടും കാര്യമായി ഒന്നും ചെയ്യാനാവാതെ മൂർച്ചയില്ലാതെ പോയ ബൗളർമാർ ചേർന്ന് ടീം ഇന്ത്യയെ തകർത്തു തരിപ്പണമാക്കി. ഓട്ടക്കൈകളുമായി കാവൽ നിന്ന ഫീൽഡർമാർ കൂടി ആയതോടെ ഇന്ത്യൻ തോൽവി സമ്പൂർണം.
സ്കോർ
ഇന്ത്യ -208-06
ഓസ്ട്രേലിയ – 211 -06
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി സിക്സർ പറത്തി മികച്ച വെടിക്കെട്ടിന് രോഹിത് തുടക്കമിട്ടെങ്കിലും തൊട്ടടുത്ത പന്തിൽ തന്നെ ഷോട്ട് പിഴച്ച് രോഹിത്ത് മടങ്ങി. പിന്നാലെ, കോഹ്ലി കൂടി മടങ്ങിയതോടെ ഇന്ത്യയ്ക്ക് ചുവട് പിഴച്ചു തുടങ്ങി. എന്നാൽ, മെല്ലെപ്പോക്കിനു നിരന്തരം പഴി കേട്ടിരുന്ന രാഹുൽ ഗിയർ മാറ്റി മൂന്നു സിക്സും നാലു ഫോറും സഹിതം 35 പന്തിൽ 55 റൺ അടിച്ച് കൂട്ടിയതോടെ മുന്നേറ്റ നിരയിൽ ഇന്ത്യയ്ക്ക് പ്രതീക്ഷയായി. പിന്നാലെ രാഹുലിന് കൂട്ടായി എത്തിയ സൂര്യകുമാർ യാദവ് പതിവ് ശൈലിയിൽ തകർത്തടിച്ചു. നാലു സിക്സും രണ്ടു ഫോറും സഹിതം 25 പന്തിൽ 46 റണ്ണടിച്ച് അർഹിച്ച അരസെഞ്ച്വറിയ്ക്കരികെ സൂര്യ മടങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നീട് എത്തിയ പാണ്ഡ്യയുടെ തകർപ്പൻ ഷോട്ടുകളാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്. 30 പന്തിൽ 71 റണ്ണടിച്ച പാണ്ഡ്യ അവസാന ഓവറിൽ മൂന്നു സിക്സറുകളാണ് പറത്തിവിട്ടത്. അഞ്ചു സിക്സും ഏഴു ഫോറുമാണ് പാണ്ഡ്യയുടെ ബാറ്റിൽ നിന്നും പിറന്നത്. ഓസീസിനു വേണ്ടി നഥാൻ ഏലിയാസ് മൂന്നു വിക്കറ്റും, ഹെയ്സൽ വുഡ് രണ്ടും, കാമറൂൺ ഗ്രീൻ ഒന്നും വിക്കറ്റ് നേടി.
മറുപടി ബാറ്റിംങിൽ ഇന്ത്യൻ ബൗളർമാരെ തകർത്തടിച്ചാണ് ഓസീസ് ബാറ്റർമാർ നേരിട്ടത്. പത്തു റൺ ശരാശരി കൃത്യമായി പാലിച്ച് പോകാൻ ഓസീസ് മുൻനിരയ്ക്കായി. 39 ൽ ഫിഞ്ച് പുറത്താകുമ്പോൾ 22 റണ്ണായിരുന്നു സമ്പാദ്യം. പിന്നീട് രണ്ടാം വിക്കറ്റ് ഇന്ത്യയ്ക്ക് നേടാനായത് 109 ൽ മാത്രമായിരുന്നു. അപ്പോഴും പത്തു റൺ ശരാശരി ഓസീസിനുണ്ടായിരുന്നു. 30 പന്തിൽ 61 റണ്ണെടുത്ത കാമറൂൺ ഗ്രീൻ പുറത്തായതിനു പിന്നാലെ, 122 ൽ സ്റ്റീവൻ സ്മിത്തിനെയും, 123 ൽ മാക്സ് വെല്ലിനെയും ഉമേഷ് യാദവ് പുറത്താക്കി. പക്ഷേ, അപ്പോഴേയ്ക്കും സമയം ഏറെ വൈകിയിരുന്നു. 145 ൽ ജോഷിനെയും , അവസാന ഓവറിന്റെ ആദ്യ പന്തിൽ ടിം ഡേവിഡിനെയും ഇന്ത്യ പുറത്താക്കിയെങ്കിലും ഏറെ വൈകിയിരുന്നു. നാലു പന്തുകൾ ബാക്കി നിൽക്കെ മോഹിപ്പിച്ച മോഹാലിയിൽ ഇന്ത്യയ്ക്ക് തോൽവി.