ചെന്നൈ: തമിഴ് ചലച്ചിത്ര സംവിധായകൻ മോഹൻ ജി അറസ്റ്റില്‍. പഴനി ക്ഷേത്രത്തിലെ പ്രസാദമായ ‘പഞ്ചാമൃതം’ സംബന്ധിച്ച് അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് മോഹന്‍ ജിയെ ചൊവ്വാഴ്ച ട്രിച്ചി ജില്ലാ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ ചെന്നൈയില്‍ വെച്ച് അറസ്റ്റ് ചെയ്ത ഇയാളെ ട്രിച്ചിയിലേക്ക് കൊണ്ടുവരുമെന്ന് ട്രിച്ചി ജില്ലാ എസ്പി വരുണ്‍ കുമാർ അറിയിച്ചു.
അടുത്തിടെ പഴനിയിലെ പഞ്ചാമൃതം സംബന്ധിച്ച് ഇദ്ദേഹം നടത്തിയ പരാമര്‍ശം വിവാദമായിരുന്നു.
തിരുമല തിരുപ്പതിയില്‍ ഭക്തർക്ക് പ്രസാദമായി നല്കുന്ന ലഡ്ഡൂകളില്‍ മൃഗ കൊഴുപ്പ് കലര്‍ന്നിട്ടുണ്ടെന്ന വാര്‍ത്ത വന്നതിന് പിന്നാലെ മോഹന്‍ജി തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രമായ പഴനി മുരുകന് ക്ഷേത്രത്തിലെ പ്രസാദമായ ‘പഞ്ചാമൃതത്തില്‍’ ഗർഭനിരോധന ഗുളികകള്‍ കലർത്തിയെന്ന അഭ്യൂഹങ്ങള്‍ താൻ കേട്ടിട്ടുണ്ടെന്നും ആരോപിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിവിധ സംഘടനകള്‍ അടക്കം ഇയാള്‍ക്കെതിരെ രംഗത്ത് വന്നു. ഇത്തരം ഒരു സംഘടന ട്രിച്ചി പൊലീസിന് നല്കിയ പരാതിയിലാണ് ഇപ്പോള്‍ അറസ്റ്റ് എന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളില്‍ ആന്ധ്രയിലെ തിരുപ്പതി ക്ഷേത്രത്തിലെ ലഡുവില്‍ മൃഗ കൊഴുപ്പ് ഉണ്ടെന്ന ലാബ് റിപ്പോര്‍ട്ടിന് പിന്നാലെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നു വന്നിരുന്നു. തുടര്‍ന്ന് ക്ഷേത്രത്തില്‍ പരിഹാര ക്രിയ അടക്കം നടന്നിരുന്നു.