ലാലേട്ടാ… മീശ പിരിച്ചതും മുണ്ടു മടക്കിക്കുത്തിയതും കണ്ട് ഞങ്ങൾ കയ്യടിച്ചിട്ടുണ്ട്.. ആ കാലം കഴിഞ്ഞെന്നു തിരിച്ചറിയണം..! ഞങ്ങൾക്ക് വേണ്ടത് ഹൃദയത്തിൽ കൊള്ളുന്ന സിനിമകളാണ്; പഴയ കുപ്പിയിലെ വീഞ്ഞ് പൊടിതട്ടിയെടുക്കാതെ ഇനിയെങ്കിലും പുതിയ തലമുറയ്ക്ക് കൈകൊടുക്കാൻ ശ്രമിക്കുമല്ലോ…! ഒരു ആരാധകൻ എഴുതുന്നു

ലാലിസം
മായുമ്പോൾ

ലാലേട്ടാ… നിങ്ങൾ മീശ പിരിച്ച് വെള്ളത്തിൽ നിന്നും പൊങ്ങിയെന്തുന്നത് അന്നല്ല ഇന്നു കണ്ടാലും ഞങ്ങൾക്ക് രോമാഞ്ചമുണ്ട്..!
നിങ്ങൾ അന്നു പറഞ്ഞ ‘നർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ്’ യുട്യൂബിൽ കാണുമ്പോൾ ഇപ്പോഴും കയ്യടിക്കാൻ തോന്നുന്നുണ്ട്..
സ്പടികം എന്ന് എഴുതിക്കാണിച്ചാൽ ആടുതോമായുടെ മുണ്ടുപറിച്ചടിയും, ‘എന്റെ ഭീഷണീന്ന് പറഞ്ഞാൽ രാഷ്ട്രീയക്കാർ പറയുന്നത് പോലെ ആകില്ല.. കൊന്നുകളയും.. ഇവിടെ ചോദിച്ചാ മതിയെന്നു’ കേൾക്കുമ്പോൾ ദേവാസുരമെന്നും ഞങ്ങളുടെ മനസിലെത്തുന്നത് നിങ്ങളുണ്ടാക്കിവച്ച ഇമേജ് അത്ര വലുതായതുകൊണ്ടാണ്..

Advertisements

അതുകൊണ്ട് ഒരു അപേക്ഷയുണ്ട്..
ഇതെല്ലാം പുതിയ സിനിമകളിലും വീണ്ടും വീണ്ടും കാണിച്ച് ഞങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത്…
നിങ്ങളുടെ ഇതിഹാസ തുല്യമായ കഥാപാത്രങ്ങളെല്ലാം ഓരോ മലയാളിയ്ക്കും കാണാപാഠമാണ്.
ഈ കഥാപാത്രങ്ങൾ പറഞ്ഞ ഓരോ ഡയലോഗുകളും ഞങ്ങൾ മനപാഠമാക്കിയിട്ടുണ്ട്.
ടി.പി ബാലഗോപാലൻ എം.എയും, മംഗലശേരി നീലകണ്ഠനും, സാഗർ ഏലിയാസ് ജാക്കിയും, ജഗന്നാഥനും, ഇന്ദുചൂഡനും, ആട് തോമയും എന്തു ചെയ്താലും ഞങ്ങൾ അതെല്ലാം സഹിക്കും. കാരണം അതെല്ലാം നിങ്ങളെക്കൊണ്ടു തിരശീലയിൽ ചെയ്യിപ്പിച്ചത് പ്രഗത്ഭമതികളായ ഒരു പിടി സംവിധായകരായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പക്ഷേ, ആ ചെയ്തതെല്ലാം സ്ഥിരം കുറ്റികളായ സംവിധായകർ വീണ്ടും ചെയ്യിപ്പിക്കുമ്പോൾ നിങ്ങൾക്ക് ഉളുപ്പ് തോന്നുന്നില്ലെങ്കിലും കണ്ടു നിൽക്കുന്ന ഞങ്ങൾക്ക് മടുപ്പു തോന്നുന്നുണ്ട്. അന്ന് 20 ആം നൂറ്റാണ്ടിൽ സാഗർ ശേഖരൻ കുട്ടിയോട് നർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ് എന്നു പറഞ്ഞപ്പോൾ ഞങ്ങൾക്ക് ഇഷ്ടമായി. എന്നു വച്ച് എല്ലാ സിനിമയിലും പുട്ടിന് പീരയിടുന്നത് പോലെ, ആവശ്യമുള്ളടത്തും ഇല്ലാത്തിടത്തും ദയവു ചെയ്ത് നർക്കോട്ടിക്ക് കച്ചവടവുമായി എത്തരുത്. ആന്റണിയും കൂട്ടുകാരും വായിച്ച് പഠിക്കുന്ന കഥകേട്ട് ലാലേട്ടാ, നിങ്ങൾ മുണ്ടും മടക്കിക്കുത്തിയിറങ്ങും മുൻപ് ഒന്ന് ആലോചിക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്.
ഇപ്പോഴിറങ്ങുന്ന നിങ്ങളുടെ സിനിമ കാണുമ്പോൾ സരോജ് കുമാറിന്റെ ആ പ്രസിദ്ധമായ ഡയലോഗാണ് ഓർമ്മവരുന്നത് – ആരാധകർ നാശങ്ങൾ..!

ലാലേട്ടാഹൃദയം
തുറന്നൊന്നു നോക്കൂ

ലാലേട്ടാ നിങ്ങളിപ്പോൾ ചെയ്യുന്നത് എന്താണെന്നു നിങ്ങൾക്കറിയില്ല. കാരണം നിങ്ങൾ നിങ്ങളിലേയ്ക്കു നോക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം. നല്ല സിനിമകളെന്താണെന്നു ഞങ്ങൾ ആരും നിങ്ങളെ പഠിപ്പിക്കേണ്ട കാര്യമില്ല. പക്ഷേ, നിങ്ങളിപ്പോൾ മറ്റെന്തിന്റെയോ മായിക വലയത്തിൽപ്പെട്ടു കിടക്കുകയാണ്. ഇത്തരത്തിൽ പെട്ടു കിടക്കുന്ന ലാലേട്ടന് ആ മായികതയുടെ കണ്ണഞ്ചിപ്പിക്കുന്ന സ്തുതി പാഠക ലോകത്തു നിന്നു പുറത്തു വരാനൊരു വഴിയുണ്ട്. ഹൃദയം തുറന്നൊന്നു നോക്കുക. ഏറെ അകലേയ്‌ക്കൊന്നും ലാലേട്ടൻ നോക്കേണ്ടി കാര്യമില്ല. ്‌സ്വന്തം വീടിനുള്ളിലേയ്ക്കു നോക്കിയാൽ മതി. അപ്പുവിന്റെ ആദ്യ സിനിമയ്ക്കു ശേഷം മലയാളിയുടെ മനസിലേയ്ക്ക് അപ്പു എന്ന പ്രണവിനെ സ്വീകരിച്ച സിനിമയാണ് ഹൃദയം. അതിന് വഴിയൊരുക്കിയതാകട്ടെ ഗിമ്മിക്കുകൾ ഒന്നുമില്ലാതെ നന്മയുള്ള കഥ പറഞ്ഞ വിനീത് ശ്രീനിവാസൻ എന്ന സംവിധായകനും.
ഇനി ലാലേട്ടാ നിങ്ങൾ ചെയ്യേണ്ടത് യുവത്വവും, ചോരത്തിളപ്പും കാമ്പുമുള്ള താരമൂല്യമില്ലാത്ത സംവിധായകരെ നിങ്ങൾ സ്വയം ഏൽപ്പിക്കുകയാണ്. നല്ല തിരക്കഥയും, ആശയങ്ങളും കൈമുതലാക്കിയുള്ള പുതുമുഖങ്ങളെ സിനിമകൾ ഏൽപ്പിക്കുക.

ശരീരം വഴങ്ങുന്നില്ല
പ്രായവും കീഴടങ്ങുന്നില്ല

സിനിമയ്ക്കു വേണ്ടി എന്തു വിട്ടു വീഴ്ചയും നടത്തിയിരുന്ന ലാലേട്ടനെ ഇന്ന് മലയാളിയ്ക്കു നഷ്ടമായിരിക്കുന്നു. ഓരോ സിനിമയിലെയും മുഖഭാവം നോക്കി മലയാളി ലാൽ കഥാപാത്രങ്ങളെ തിരിച്ചറിഞ്ഞിരുന്ന കാലമുണ്ടായിരുന്നു. ഇന്ന് പക്ഷേ, മുഖം കണ്ടാൽ തിരിച്ചറിയുന്ന ആ മൂല്യം ലാൽ കഥാ പാത്രങ്ങൾക്ക് നഷ്ടമായിരിക്കുന്നു. കണ്ണിലെ കൃഷ്ണമണികൊണ്ടു പോലും കഥ പറയുന്ന ലാലിനെ ഞങ്ങൾക്ക് നഷ്ടമായിരിക്കുന്നു. ശരീരവും, മുഖവും എന്തിന് വേഷം പോലും മാറ്റാൻ മോഹൻ ലാൽ തയ്യാറാകുന്നില്ല സിനിമയ്ക്കു വേണ്ടിയെന്നു സംശയിച്ചാൽ ഞങ്ങളെ നിങ്ങൾ കുറ്റം പറയരുത്. എഡിറ്റിംങും, ഗ്രാഫിക്‌സും ഒന്നും പഠിച്ചിട്ടില്ലെങ്കിലും സിക്‌സ് പാക്കില്ലെങ്കിലും, അരിച്ചാക്ക് വയറുമായി 35 കാരന്റെ വേഷം കെട്ടാൻ മോഹൻലാൽ എത്തുമ്പോൾ സ്വാഭാവികമായും അരോചകം തോന്നും.

ഒന്നുമില്ലെങ്കിലും കഷ്ടപ്പെട്ട് പണിയെടുക്കുന്നതിൽ നിന്നും 150 രൂപ മാറ്റിവെച്ച് നിങ്ങളെ കാണാനെത്തുന്ന ഞങ്ങളെയും കൂടി പരിഗണിക്കണേ ലാലേട്ടാ…!!! ആരാധക വെട്ടുകിളിക്കൂട്ടത്തെ തൃപ്തിപ്പെടുത്തുന്ന പുലിമുരുകനും, ലൂസിഫറും കൊള്ളാം.. പക്ഷേ, അത് തന്നെ നിരന്തരം കോപ്പിയടിച്ചിറക്കുന്ന കമ്മട്ടവുമായെത്തുന്ന കള്ളക്കഥക്കാർക്ക് മുന്നിൽ ഇനിയെങ്കിലും വീഴരുതേ.. മോഹൻലാൽ.. ഇത് ഒരു അപേക്ഷയാണ്.. താരത്തെയല്ല.. നടനെ സ്‌നേഹിക്കുന്ന മലയാളികളുടെ അപേക്ഷ..!

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.