ആദ്യ ഷെഡ്യൂള്‍ പൂർത്തിയാക്കി സത്യന്‍ അന്തിക്കാടിന്റെ ‘ഹൃദയപൂര്‍വ്വം’ ; മോഹന്‍ലാല്‍ ഇനി ‘എമ്പുരാന്‍’ പ്രൊമോഷനിലേക്ക് 

മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂര്‍വ്വം എന്ന ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. ഇനി എമ്പുരാന്‍ പ്രൊമോഷന്‍ പരിപാടികള്‍ക്കായി സമയം നീക്കിവച്ചിരിക്കുകയാണ് മോഹന്‍ലാല്‍ എന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നും എപ്പോഴും എന്ന ചിത്രത്തിന് ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. 

Advertisements

സന്ദീപ് ബാലകൃഷ്ണൻ എന്നാണ് ഈ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര്. അഖില്‍ സത്യന്‍റേതാണ് ചിത്രത്തിന്‍റെ കഥ. ഒരു പുതിയ തിരക്കഥാകൃത്തിനെക്കൂടി മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുകയാണ് സത്യന്‍ അന്തിക്കാട് ഈ ചിത്രത്തിലൂടെ. ടി പി സോനുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷോർട്ട് ഫിലിമുകളിലൂടെ കടന്നുവന്ന ടി പി സോനുവിൻ്റെ നൈറ്റ് കോൾ എന്ന ടെലിഫിലിമാണ് സത്യൻ അന്തിക്കാടിനെ ആകർഷിച്ചത്. അനൂപ് സത്യനാണ് പ്രധാന സംവിധാന സഹായി.  


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ആശിർവാദ് സിനിമാസും സത്യൻ അന്തിക്കാടും ഒത്തുചേരുന്ന അഞ്ചാമത്തെ ചിത്രവുമാണ് ഹൃദയപൂര്‍വ്വം. വളരെ പ്ലെസന്‍റ് ആയ ഒരു ചിത്രമായിരിക്കും ഇതെന്ന് സത്യന്‍ അന്തിക്കാട് വ്യക്തമാക്കിയിരുന്നു. മാളവിക മോഹനന്‍ നായികയാവുന്ന ഈ ചിത്രത്തിൽ സംഗീത, ലാലു അലക്സ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

മനു മഞ്ജിത്തിൻ്റെ വരികള്‍ക്ക് ജസ്റ്റിൻ പ്രഭാകരന്‍ ഈണം പകർന്നിരിക്കുന്നു. അനു മൂത്തേടത്താണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് കെ രാജഗോപാൽ, കലാസംവിധാനം പ്രശാന്ത് മാധവ്, മേക്കപ്പ് പാണ്ഡ്യൻ, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, സഹസംവിധാനം ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി, പ്രൊഡക്ഷൻ മാനേജർ  ആദർശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്. കൊച്ചി, വണ്ടിപ്പെരിയാർ, പൂനെ എന്നിവിടങ്ങളിലായി ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാകും. പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ അമൽ സി സദർ.

Hot Topics

Related Articles