മൂന്ന് പേരുടെയും അച്ഛന്മാർക്കൊപ്പം ഞാൻ അഭിനയിച്ചിട്ടുണ്ട് : തുടരുമിലെ മോഹൻലാലിനൊപ്പമുള്ള അപൂർവ ചിത്രം പങ്ക് വച്ച് റാണി ശരണ്‍

കൊച്ചി : മോഹൻലാലിനൊപ്പം തുടരും ലൊക്കേഷനില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച്‌ റാണി ശരണ്‍. ചില നിമിഷങ്ങളിലൂടെ കടന്നു പോവുമ്ബോള്‍ അത് സ്വപ്നമാണോ ജീവിതമാണോ എന്ന് തിരിച്ചറിയാൻ പ്രയാസമാണെന്ന് റാണി ശരണ്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. ലൊക്കേഷനില്‍ പോയി തരുണ്‍ ബ്രീഫ് ചെയ്യുന്ന വരെയും മോഹൻലാലിനൊപ്പം കോംബിനേഷൻ ആണെന്ന് പോലും അറിയില്ലായിരുന്നു എന്ന് റാണി എഴുതി.

Advertisements

മോഹൻലാലിനൊപ്പമുള്ള ഒരു ചിത്രവും റാണി പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തില്‍ റാണിക്കും മോഹൻലാലിനുമൊപ്പം ഷോബി തിലകൻ, ബിനു പപ്പു എന്നിവരും ഉണ്ട്. റാണിയടക്കം ഇവർ മൂന്ന് പേരുടെയും അച്ഛന്മാർക്കൊപ്പം മോഹൻലാല്‍ അഭിനയിച്ചിട്ടുണ്ട്. പഴയകാല നടൻ മഞ്ചേരി ചന്ദ്രന്റെ മകളാണ് റാണി ശരണ്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റാണിയുടെ പോസ്റ്റ്

ചില നിമിഷങ്ങളിലൂടെ കടന്നു പോവുമ്ബോള്‍ അത് സ്വപ്നമാണോ ജീവിതമാണോ എന്ന് തിരിച്ചറിയാൻ പ്രയാസപ്പെടും. “തുടരും” സിനിമയുടെ ഭാഗമാവുമെന്നോ ഇങ്ങനെ ഒരു നിമിഷം സ്വന്തമാവുമെന്നോ സ്വപ്നം കണ്ടിരുന്നില്ല. പ്രതീക്ഷിക്കാതെയാണ് മണിയന്‍റെ അമ്മയാവാൻ രഞ്ജിത്തേട്ടന്‍റെ കോള്‍ വന്നത്. Yes പറയാൻ കൂടുതല്‍ ആലോചിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. ലൊക്കേഷനില്‍ പോയി തരുണ്‍ ബ്രീഫ് ചെയ്യുന്ന വരെയും ലാലേട്ടന്‍റെ കോംബിനേഷൻ ആണെന്ന് പോലും അറിയില്ലായിരുന്നു. കൂടെ അച്ഛന്‍റെ സുഹൃത്തായിരുന്ന തിലകൻ അങ്കിളിന്‍റെ മകനും, എനിക്കും ഏട്ടനും മൂത്ത ചേട്ടനുമായ ഷോബി ചേട്ടൻ. പിന്നെ അച്ഛന് പ്രിയപ്പെട്ട പപ്പു അങ്കിളിന്‍റെ മോൻ ബിനു. എല്ലാം കൊണ്ടും അതി മധുരം.

ഞങ്ങള്‍ പൊലീസ് സ്റ്റേഷനിലേക്ക് വരുമ്ബോള്‍ ലാലേട്ടൻ കാറില്‍ പുറത്തേക്ക് പോവുന്ന ഷോട്ട് ആണ്. അതിന് ഗേറ്റില്‍ റെഡി ആയി നില്‍ക്കുന്നു. അപ്പോ ഷോബി ചേട്ടൻ എന്നോട് പറഞ്ഞു, ലാലേട്ടൻ ബിനുവിനോടു നമ്മളെക്കുറിച്ചാണെന് തോന്നുന്നു പറയുന്നത്. ഷോട്ടിനൊടുവില്‍ ചേട്ടൻ ബിനുവിനോട് ലാലേട്ടൻ എന്താ പറഞ്ഞതെന്ന് ചോദിച്ചു. ‘നിങ്ങളുടെ ഒക്കെ അച്ഛന്മാരുടെ കൂടെ ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ നിങ്ങള്‍ മക്കളുടെ കൂടെയും.വല്ലാത്ത സന്തോഷം തോന്നുന്നു’ എന്നാണെന്ന് പറഞ്ഞു.

അപ്പോഴാണ് ഞങ്ങളും അതോർത്തത്. അപ്പോഴേക്കും അടുത്തെത്തിയ ലാലേട്ടൻ അതൊരു ഭാഗ്യമല്ലേ ഇങ്ങനെ സാധിച്ചത് എന്ന് ചോദിച്ചു. ‘അതെ ലാലേട്ടാ, അത് ഞങ്ങളുടെ ഭാഗ്യമാണ്’ എന്ന് പറഞ്ഞു ഞാൻ. ഉടൻ രഞ്ജിത്തേട്ടനോട് ചോദിച്ചു ഞങ്ങള്‍ ഒരുമിച്ച്‌ ഒരു ഫോട്ടോ തരാമോ എന്ന്. രഞ്ജിത്തേട്ടൻ ലാലേട്ടനോട് ‘റാണി പറയുന്നു അവർ മൂന്നു പേരും ലാലേട്ടനും കൂടി ഒരു ഫോട്ടോ വേണമെന്ന്’ എന്ന് പറഞ്ഞതും ‘അതൊരു നല്ല കാര്യമല്ലേ വരൂ നമുക്ക് ഫോട്ടോ എടുക്കാം’ എന്ന് പറഞ്ഞ് എടുത്ത ഫോട്ടോ ആണിത്. ഇനി മുന്നോട്ടുള്ള കാലം കാത്തു വെക്കുന്നത് എന്ത് തന്നെയായാലും ഇത് അതി മധുരമായി തന്നെ തുടരും…
അച്ഛൻ എല്ലാം കണ്ടും അറിഞ്ഞും മേലെ ഉണ്ട്.

Hot Topics

Related Articles