കൊച്ചി : ജനുവരി ആദ്യവാരം കുടുംബസംഗമം നടത്താനൊരുങ്ങി താരസംഘടനയായ അമ്മ. മുഴുവൻ അംഗങ്ങളേയും അവരുടെ കുടുംബാംഗങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ട് വലിയ പരിപാടി നടത്താനാണ് സംഘടന ലക്ഷ്യമിടുന്നത്. കൊച്ചിയിൽ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാവും പരിപാടിയെന്നാണ് വിവരം. തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി കൂട്ടരാജി നൽകിയതോടെ നിലവിലുള്ള അഡ്ഹോക് കമ്മിറ്റിയാവും പരിപാടിക്ക് നേതൃത്വം നൽകുക.കേന്ദ്രമന്ത്രി സുരേഷ് ഗോപി, സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ നേതൃത്വത്തിലാവും പരിപാടികൾ. മെഗാസ്റ്റേജ് ഷോയടക്കമുള്ള പരിപാടികളാണ് പദ്ധതിയിടുന്നത്.
ഒരുദിവസം പൂർണ്ണമായും നീണ്ടുനിൽക്കുന്ന പരിപാടിയാണുണ്ടാവുക.നേരത്തെ, ഓണത്തോട് അനുബന്ധിച്ച് കുടുംബസംഗമം നടത്താൻ സിദ്ധിഖ് ജനറൽ സെക്രട്ടറിയായ ഭരണസമിതി തീരുമാനിച്ചിരുന്നു. എന്നാൽ, വിവാദങ്ങളെത്തുടർന്ന് ഭരണസമിതി കൂട്ടരാജി നൽകിയതോടെ പരിപാടി നടന്നില്ല.കൂട്ടരാജി അംഗീകരിക്കില്ലെന്ന് കേന്ദ്രമന്ത്രികൂടിയായ നടൻ സുരേഷ് ഗോപി അമ്മ ആസ്ഥാനത്ത് നടന്ന കേരള പിറവി ദിനാഘോഷത്തിൽ അഭിപ്രായപ്പെട്ടിരുന്നു. രാജിവെച്ചവർ തിരികെ സ്ഥാനമേറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ലൈംഗികാരോപണമുയർന്നതിനെ തുടർന്ന് ജനറൽ സെക്രട്ടറി സിദ്ദിഖ് ഉൾപ്പെടെയുള്ള ഭാരവാഹികൾ കൂട്ട രാജി നൽകിയിരുന്നു. ഭരണസമിതി മുഴുവൻ കഴിഞ്ഞ ഓഗസ്റ്റ് 27-നാണ് രാജിവെച്ചത്. രണ്ടുമാസത്തിനുള്ളിൽ ജനറൽബോഡി വിളിച്ച് പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുമെന്നായിരുന്നു രാജിസമയത്ത് അറിയിച്ചിരുന്നത്. തിരഞ്ഞെടുപ്പിലൂടെ അധികാരമേറ്റ ഭരണസമിതി രണ്ടുമാസം തികയുംമുൻപാണ് സ്ഥാനമൊഴിഞ്ഞത്.