സിനിമ ഡസ്ക് : ചെറിയ ഇടവേളക്ക് ശേഷം മികച്ച സിനിമകളും കഥാപാത്രങ്ങളുമായി ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് നടൻ മോഹൻലാൽ. പ്രതീക്ഷയുണർത്തുന്ന നിരവധി സിനിമകളാണ് മോഹൻലാലിന്റേതായി ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. ആവേശം, രോമാഞ്ചം തുടങ്ങിയ സിനിമകൾ ഒരുക്കിയ ജിത്തു മാധവനൊപ്പം മോഹൻലാൽ ഒന്നിക്കുന്നു എന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള കൂടുതൽ റിപ്പോർട്ടുകൾ പുറത്തുവരുകയാണ്.തന്റെ ആദ്യത്തെ രണ്ടു സിനിമകളെപോലെ ബാംഗ്ലൂർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് അടുത്ത വർഷത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒരു പക്കാ എന്റർടൈയ്നർ ആയി ഒരുങ്ങുന്ന സിനിമ നിർമിക്കാനൊരുങ്ങുന്നത് ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്.
മോഹൻലാലും ഗോകുലം മൂവിസും ആദ്യമായി ഒരുമിക്കുന്ന സിനിമയാകുമിത്. 140 ദിവസത്തെ ചിത്രീകരണം പദ്ധതിയിട്ടിരിക്കുന്ന ചിത്രം വമ്പൻ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. സുഷിൻ ശ്യാം ആകും സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുക എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇതിനെപറ്റി ടീമിന്റെ ഭാഗത്തുനിന്നും ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല. ആവേശത്തിന് ശേഷം ജിത്തു മാധവനുമായി ഒന്നിക്കുമ്പോൾ ഒരു പക്കാ എന്റർടൈയ്നർ ആണ് പ്രതീക്ഷിക്കുന്നതെന്നാണ് മോഹൻലാൽ ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.