സ്പോർട്സ് ഡെസ്ക്ക്
അതി ശൈത്യകാലം വിറക് ചുള്ളികൾ അടുക്കി തീ കാഞ്ഞിരുന്ന സമയങ്ങളിലെപ്പഴോ ഒരു കനൽ അവന്റെ ഹൃദയത്തിലേക്ക് പറന്നണഞ്ഞിട്ടുണ്ടാകാം.
മഞ്ഞ് പൊഴിയുന്ന കാശ്മീർ താഴ് വരകളിൽ ബാല്യകാലത്തെ ആ ചൂട് പകർന്ന ഓർമ്മകളിൽ കൂടിയാകാം ആ ബാല്യം ശൈത്യത്തെ കീഴടക്കിയിരിക്കുക. വളർച്ചയുടെ ഘട്ടങ്ങളിൽ അണഞ്ഞ് തീരാതെ ആ കനൽ ആളിക്കത്തുക തന്നെയായിരുന്നു. തിര നിറച്ച തോക്കിൽ നിന്നും വെടിയുണ്ടകൾ ലക്ഷ്യം തേടുന്ന പോലെ, ഒരു അശ്വമേധയാത്രയിലെ ഇടി മുഴക്കം പോലെ വേഗത കീഴടക്കി ആ ബാലൻ കുതിക്കുമ്പോൾ അതേ അഗ്നി തന്നെയാകും ഇന്നും അവനെ ആവേശം കൊള്ളിച്ച് വഴി തെളിക്കുന്നത്. അതെ തീർച്ച , അവൻ അഗ്നിയെ ഹൃദയത്തിലൊളിപ്പിച്ചവൻ ഉമ്രാൻ .
വെടിയുണ്ടകൾ ഗ്രനേഡുകൾ ഉഗ്ര ശേഷിയുള്ള ബോംബുകൾ അതിർത്തിയിൽ കഥ പറഞ്ഞിരുന്ന കാശ്മീരിന്റെ ഇന്നലെകളെയും ആ ബാലന്റെ ഹൃദയത്താൽ കൊണ്ട് ചുട്ട് പൊള്ളിച്ചിരിക്കാം. കാശ്മീർ താഴ് വരയിലെ ചീറിപ്പാഞ്ഞ വെടിയുണ്ടകൾ അവന്റെ ഹൃദയത്തിൽ ഒരു പക്ഷേ ഓർമ്മകളായി തറഞ്ഞിരിക്കാം. അല്ലാതെ മറ്റെന്താണ് അവനെ തീയുണ്ട കണക്കിന് പന്തെറിയാൻ പ്രേരിപ്പിക്കുന്നത്. ഗുജറാത്തിനെതിരെ അവസാനം നടന്ന മത്സരത്തിലും നാല് എണ്ണം പറഞ്ഞ ബാറ്റർമാരുടെ ഹൃദയത്തിലേയ്ക്കാണ് അവൻ നിറയൊഴിച്ചത്. മിഡിൽ സ്റ്റംമ്പ് പിഴുതെടുത്ത തീയുണ്ട പോലെ പാഞ്ഞു വന്ന പന്തുകൾ. നന്നായി ബാറ്റ് ചെയ്ത് വന്ന വൃദ്ധിമാൻ സാഹ ഒരു നിമിഷത്തിൽ സ്വാഹയായത് അതിവേഗത്തിൽ പാഞ്ഞ് വന്ന ഉമ്രാന്റെ യോർക്കറിൽ താളം പിഴച്ചായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബാറ്റർമാരുടെ ഹെൽമെറ്റിലേക്ക് പന്തെറിഞ്ഞ് ഭീതി നിറയ്ക്കാൻ ഇഷ്ടപ്പെടുന്ന സൈക്കോ , ചീറിപ്പാഞ്ഞ് പായുന്ന പന്തിയിൽ സ്റ്റമ്പ് നിലം പതിക്കുമ്പോൾ സന്തോഷം കണ്ടെത്തുന്നവൻ. ആ സന്തോഷത്തെ മുഷ്ടി ചുരുട്ടി വായുവിൽ പ്രഹരം തീർത്ത് ആഘോഷമാക്കുന്നവൻ. ബോളിങ് നിരയിൽ ഫാസ്റ്റ് ബൗളർമാരില്ലാതെ ഉഴറിയിരുന്ന ഇന്ത്യൻ ദേശീയ ടീമിന് അവൻ പുതിയ വെളിച്ചം പകരുകയാണ്. ഹൈദരാബാദിന്റെ കുന്തമുനയായി ഡെയ്ൽ സ്റ്റെയിനിന്റെ ശിക്ഷണത്തിൽ കൂടുതൽ അപകടകാരിയായി വളർന്നു വരുന്ന ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഉമ്രാൻ മാലിക് .
അവനൊരു പ്രതീക്ഷയാണ്. വിദേശ പിച്ചുകളിൽ തീ തുപ്പുന്ന പീരങ്കിയെപ്പോലെ ബാറ്റർമാരുടെ തല തകർക്കാൻ ഭാവിയിൽ പാഞ്ഞടുക്കേണ്ടുന്ന ഇന്ത്യൻ ബൗളിംഗ് തന്ത്രത്തിന്റെ പ്രതീക്ഷ. ഹൃദയത്തിലൊളിപ്പിച്ച അഗ്നിയുമായി ഇന്ത്യയ്ക്ക് വെളിച്ചം പകരുവാൻ പോകുന്ന വിജയ പാതയുടെ വഴികാട്ടിയും. അന്നും അണയാതെ ആ തീക്കനൽ അവന്റെ ഹൃദയത്തിൽ ഇഴുകിച്ചേർന്ന് തന്നെയുണ്ടാകും….