ഇടുക്കി: മൂന്നാറില്‍ കക്കൂസ് മാലിന്യം പുഴയിലേക്ക് ഒഴുക്കിയ ഹോട്ടലും റിസോർട്ടും പൂട്ടിച്ചു. മൂന്നാർ ടൗണില്‍ പ്രവർത്തിക്കുന്ന അല്‍ ബുഹാരി ഹോട്ടല്‍, തങ്കം ഇൻ റിസോർട്ട് എന്നിവയാണ് ആരോഗ്യ വകുപ്പ് അടപ്പിച്ചത്. നല്ലതണ്ണിയാറിലേക്കാണ് കക്കൂസ് മാലിന്യം ഒഴുക്കിയത്. സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം പിഴയും ചുമത്തി. പ്രദേശവാസികള്‍ നല്‍കിയ പരാതിയെ തുടർന്നാണ് നടപടിയുണ്ടായത്. പ്രദേശത്ത് ദുർഗന്ധം വമിച്ചതോടെയാണ് നാട്ടുകാർ ആരോഗ്യ വകുപ്പിനെയും പഞ്ചായത്തിനെയും സമീപിച്ചത്.
റോഡരികില്‍ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടങ്ങളുടെ പിൻഭാഗത്തുള്ള നല്ലതണ്ണിയാറിലേക്കാണ് മാലിന്യം ഒഴുക്കിയത്. പരിശോധനയില്‍ പരാതി ശരിയാണെന്ന് കണ്ടെത്തി. നല്ലതണ്ണിയാർ ഒഴുകിയെത്തുന്നത് മുതിരപ്പുഴയാറിലേക്കാണ്. മുതിരപ്പുഴയാറിലെ വെള്ളം കുടിവെള്ളമായി ഉപയോഗിക്കുന്നുണ്ട്. അനിശ്ചിത കാലത്തേക്കാണ് ഹോട്ടലും റിസോർട്ടും അടപ്പിച്ചത്. ഇനി കൃത്യമായി മാലിന്യം സംസ്കരിക്കാനുള്ള നടപടി സ്വീകരിച്ച ശേഷം മലിനീകരണ നിയന്ത്രണ ബോർഡിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും അനുമതി ലഭിച്ചാല്‍ മാത്രമേ ഹോട്ടലും റിസോർട്ടും തുറക്കാൻ കഴിയൂ എന്ന് പഞ്ചായത്ത് അറിയിച്ചു.