നാടകീയതകള്‍ക്ക് അന്ത്യം കുറിച്ചുകൊണ്ട് ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടു. മലയാള സിനിമയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടാണിത്. സിനിമാ മേഖലയിലുള്ളത് പുറമേക്കുള്ള തിളക്കം മാത്രമാണ്. വിട്ടുവീഴ്ചയ്‌ക്ക് തയ്യാറാകുന്നവർക്ക് അവസരം ലഭിക്കുന്നുണ്ടെന്ന് ഒന്നിലേറെ വനിതാ താരങ്ങള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ വിട്ടുവീഴ്ചയ്‌ക്ക് തയ്യാറാകുന്നവർക്ക് കോഡ് പേരുകള്‍ (കോ-ഓപ്പറേറ്റിംഗ് സ്റ്റാറുകള്‍) ലഭിക്കും.
വനിതകളെ ചൂഷണം ചെയ്യുന്നവരില്‍ പ്രധാന നടൻമാരുമുണ്ട്. നടിമാരുടെ വെളിപ്പെടുത്തലുകള്‍ കേട്ട് ഞെട്ടിയെന്നും ഹേമാ കമ്മിറ്റി റിപ്പോർട്ടില്‍ പരാമർശിക്കുന്നു. 233 പേജുകളാണ് റിപ്പോർട്ടിലുള്ളത്. സിനിമാ മേഖലയില്‍ വ്യാപക ലൈംഗിക ചൂഷണമുണ്ടെന്ന് റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നു. മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് വ്യാപകമാണെന്നും വഴിവിട്ട കാര്യങ്ങള്‍ ചെയ്യാൻ സംവിധായകരും നിർമ്മാതാക്കളും നിർബന്ധിക്കാറുണ്ടെന്നുമാണ് റിപ്പോർട്ടില്‍ പരാമർശിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വഴങ്ങാത്തവരെ പുറത്താക്കുന്നതാണ് പതിവ്. എതിർത്ത് സംസാരിക്കുന്നവർ പലരും വിലക്കിലേക്ക് പോകും. ചൂഷണം ചെയ്യുന്നവർക്ക് വേണ്ടി ഇടനിലക്കാർ പ്രവർത്തിക്കാറുണ്ട്. ഇവർ സിനിമാ സെറ്റില്‍ തന്നെയുണ്ടാകും. ലൈംഗിക ചൂഷണത്തിനെതിരെ പരാതിപ്പെട്ടാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നും മൊഴികളുണ്ട്. വഴിമാറിപ്പോവുക, നിലനില്‍ക്കണമെങ്കില്‍ ചൂഷണത്തിന് വിധേയരാവുകയെന്ന നിലയാണ് കാര്യങ്ങളെന്നും റിപ്പോർട്ടില്‍ പറയുന്നു.