ചെന്നൈ: ചെന്നൈ അണ്ണാ സർവകലാശാല ക്യാമ്പസിലെ ബലാത്സംഗത്തില്‍ കൂടുതല്‍ നടുക്കുന്ന വിവരങ്ങള്‍ പുറത്ത്. കേസില്‍ പിടിയിലായ സർവകലാശാലക്ക് സമീപം വഴിയോരത്ത് ബിരിയാണി വില്‍ക്കുന്ന കോട്ടൂർ സ്വദേശി ജ്ഞാനശേഖരൻ മുക്കാല്‍ മണിക്കൂറോളം പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്നും, ദൃശ്യങ്ങള്‍ ഫോണില്‍ പകർത്തിയെന്നും പൊലീസിന്‍റെ എഫ്‌ഐആറില്‍ പറയുന്നു. സംഭവദിവസം മറ്റൊരു പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചതായും സൂചനയുണ്ട്.
അണ്ണാ സർവകലാശാല ക്യാംപസില്‍ പുരുഷ സുഹൃത്തിനൊപ്പം നില്‍ക്കുകയായിരുന്ന രണ്ടാം വർഷ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാർത്ഥിനിയായ കന്യാകുമാരി സ്വദേശിയെ ആണ് 37 കാരനായ ജ്ഞാനശേഖരൻ അതിക്രൂരമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തത്. പെണ്‍കുട്ടി സുഹൃത്തായ നാലാം വർഷ വിദ്യാർത്ഥിക്കൊപ്പം നില്‍ക്കുമ്പോഴാണ് സംഭവം. പ്രതി ഇരുവരുടെയും അടുത്തെത്തുകയും പ്രകോപനമല്ലാതെ ഇരുവരെയും മർദ്ദിക്കയും ചെയ്തു. ഇതോടെ പെണ്‍കുട്ടിയെ തനിച്ചാക്കി ഒപ്പമുണ്ടാരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു. പുരുഷ സുഹൃത്ത് പേടിച്ച് ഓടിപ്പോയതിനു പിന്നാലെയാണ് പ്രതി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സർവകലാശാല ലാബിനു പിന്നിലുള്ള ആളൊഴിഞ്ഞ റോഡിലേക്ക് പെണ്‍കുട്ടിയെ എത്തിച്ചാണ് പീഡനം നടത്തിയത്. തന്നോടൊപ്പവും, അതിക്രമത്തിന് തൊട്ടുമുൻപ് തന്നെ ഫോണില്‍ വിളിച്ച വ്യക്തിക്കൊപ്പവും സമയം ചിലവിടണമെന്ന് ഇയാള്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടെന്നും എഫ്‌ഐആറില്‍ പറയുന്നു. ഫോണ്‍ ചെയ്ത വ്യക്തിയെ പ്രതി സാർ എന്ന് വിളിച്ചെന്നും പെണ്‍കുട്ടിയെ ഉടൻ വിട്ടയാക്കാമെന്ന് ഉറപ്പുനല്‍കിയെന്നും പൊലീസിന് ലഭിച്ച പരാതിയില്‍ ഉണ്ട്. അതിനു ശേഷം മുക്കാല്‍ മണിക്കൂറോളം ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചു.
പെണ്‍കുട്ടിയുടെ, ഫോണില്‍ നിന്ന് അച്ഛന്‍റെ മൊബൈല്‍ നമ്പർ എടുത്ത ഇയാള്‍ ദൃശ്യങ്ങള്‍ അയച്ചു കൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. ക്രിസ്മസ് അവധിക്ക് നാട്ടില്‍ പോകരുതെന്നും വിളിക്കുമ്പോഴെല്ലാം വരണമെന്നും ആവശ്യപ്പെട്ടതിനു ശേഷമാണു ഇയാള്‍ പെണ്‍കുട്ടിയെ വിട്ടയച്ചതെന്ന് പൊലീസ് പറഞ്ഞു.
അതേസമയം പെണ്‍കുട്ടിയുടെ മേല്‍വിലാസം അടക്കമുള്ള വിവരങ്ങള്‍ എല്ലാം അടങ്ങിയ എഫ്‌ഐആർ ചെന്നൈ പൊലീസ് വെബ്സൈറ്റില്‍ പങ്കുവച്ചതില്‍ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
അതിനിടെ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ അടക്കം നേതാക്കള്‍ക്കൊപ്പം പ്രതി നില്‍ക്കുന്ന ചിത്രങ്ങള്‍ പ്രതിപക്ഷം പുറത്തുവിട്ടു. സൈദപെട്ടിലെ ഡിഎംകെ വിദ്യാർത്ഥി വിഭാഗം ഭാരവാഹി ആയിരുന്നു ജ്ഞാനശേഖരൻ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ ആരോപിച്ചെങ്കിലും ഇയാള്‍ക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് മന്ത്രിമാരയ ദുരൈമുരുകനും രഘുപതിയും പ്രാതികരിച്ചു.