വൈക്കം: കഴിഞ്ഞ ദിവസം കാണാതായ യുവതിയേയും രണ്ടര വയസുള്ള കുഞ്ഞിനെയും കണ്ടെത്തി. വൈക്കം കിഴക്കേനട സ്വദേശിനിയായ 23 കാരിയേയും കുഞ്ഞിനെയുമാണ് ഇന്നലെ ഉച്ചയോടെ ആലപ്പുഴയില്‍ ഒരു യുവാവിനൊപ്പം കണ്ടെത്തിയത്. യുവതിയുടെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് യുവതിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കൊല്ലം സ്വദേശിയായ യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ച യുവതി ഭര്‍ത്താവുമായി പിണങ്ങിയതിനെത്തുടര്‍ന്ന് അകന്നു കഴിയുകയാണ്. സ്വന്തം വീട്ടില്‍ മാതാവിനും സഹോദരനുമൊപ്പം കഴിയുന്ന യുവതി കഴിഞ്ഞ ദിവസങ്ങളില്‍ ആരുമായോ നിരന്തരം ഫോണില്‍ സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ യുവതിയെ ശകാരിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് യുവതിയെയും കുഞ്ഞിനെയും കാണാതായത്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ പിന്നീട് ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.