ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് അവസാന ഘട്ടത്തിലേയ്ക്കു കടക്കുമ്പോൾ , ലീഗിലെ അവസാന സ്ഥാനത്തിനായി മത്സരിക്കുകയാണ് ഹൈദരാബാദ്. വെടിക്കെട്ട് ബാറ്റർമാരും സൂപ്പർ ബൗളർമാരും കയ്യിലുണ്ടായിട്ടും നനഞ്ഞ പടക്കം പോലാണ് ഇപ്പോൾ ഹൈദരാബാദ് ആയത്. ടീമിന്റെ മോശം പ്രകടനത്തിൽ ചൂണ്ടിക്കാട്ടാവുന്ന പ്രധാന താരം ഇന്ത്യൻ പേസർ മുഹമ്മദ് ഷമി തന്നെയാണ്. പരിക്കിന് ശേഷം ഐപിഎല്ലിൽ മടങ്ങിയെത്തിയ ഷമി അക്ഷരാർത്ഥത്തിൽ ദുരന്ത നായകനായി മാറിയിരിക്കുകയാണ്.
സീസണിൽ ഇതുവരെ ഒൻപത് മത്സരങ്ങളിലാണ് ഹൈദരാബാദ് കളിച്ച് പൂർത്തിയാക്കിയത്. ഇതിൽ എട്ടിലും ഷമി ടീമിൽ ഉണ്ടായിരുന്നു. ആകെ വിക്കറ്റ് വീഴ്ത്തിയതാകട്ടെ ആറെണ്ണം മാത്രം. ഇതിനായി കഴിഞ്ഞ എട്ട് മത്സരങ്ങളിൽ നിന്നും ഷമി വഴങ്ങിയത് 289 റണ്ണാണ്. ഇന്ന് പുരോഗമിക്കുന്ന ഗുജറാത്ത് – ഹൈദരാബാദ് മത്സരത്തിലെ കണക്ക് കൂട്ടാതെയാണ് ഇത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, ഇതിൽ ഒരൊറ്റ മത്സരത്തിൽ മാത്രമാണ് ഷമിയ്ക്ക് ഒന്നിലധികം വിക്കറ്റ് നേടാനായത്. ആദ്യ മത്സരത്തിൽ രാജസ്ഥാന് എതിരെ 33 റൺ വഴങ്ങി ഷമി ഒരു വിക്കറ്റ് നേടി. രണ്ടാം മത്സരത്തിലും ഒരു വിക്കറ്റാണ് നേടിയതെങ്കിലും ഇതിനായി എൽ.എസ്.ജിയ്ക്ക് 37 റൺ നൽകി. ഡൽഹിയ്‌ക്കെതിരെ 31 റൺ വഴങ്ങിയപ്പോൾ ഒരു വിക്കറ്റ് പോലും കിട്ടിയില്ല. എന്നാൽ, തൊട്ടടുത്ത മത്സരത്തിൽ കെ.കെ.ആറിന് എതിരെ 29 റണ്ണിന് ഒരു വിക്കറ്റ് വീഴ്ത്താനായി. ഗുജറാത്തിന് എതിരെ രണ്ട് വിക്കറ്റ് വീഴ്ത്തി 28 റൺ വഴങ്ങി.
എന്നാൽ, ഏപ്രിൽ 12 ന് പഞ്ചാബിന് എതിരെ നടന്ന മത്സരം ആകും ഷമി ജീവിതത്തിൽ മറക്കാൻ ആഗ്രഹിക്കുന്നത്. പഞ്ചാബ് ബാറ്റർമാർ അഴിഞ്ഞാടിയ മത്സരത്തിൽ നാല് ഓവറിൽ നിന്നും ഷമിയ്ക്ക് വഴങ്ങേണ്ടി വന്നത് 75 റണ്ണാണ്. മുംബൈയ്‌ക്കെതിരെയും, ചെന്നൈയ്‌ക്കെതിരെയും 28 റൺ വഴങ്ങിയപ്പോൾ മുംബൈയുടെ ഒരു വിക്കറ്റ് ഷമി പിഴുതു. എന്നാൽ, ഇന്ന് നിലവിൽ പുരോഗമിക്കുന്ന മത്സരത്തിൽ ഷമിയെ നിഷ്‌കരുണമാണ് ഗുജറാത്ത് ഓപ്പണർമാർ നേരിട്ടത്. സീസണിലെ തന്റെ ഒൻപതാം മത്സരത്തിന് ഇറങ്ങിയ ഷമിയ്‌ക്കെതിരെ രണ്ട് ഓവറിൽ 31 റണ്ണാണ് സായ് സുദർശനും, ഗില്ലും ചേർന്ന് അടിച്ചെടുത്തത്. സായ് സുദർശൻ 20 റണ്ണാണ് ഷമിയുടെ ഒരു ഓവറിൽ അടിച്ചെടുത്തത്.