തിരുവനന്തപുരം : സംസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. സഭ നിര്‍ത്തിവെച്ച് ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് നോട്ടീസ് സ്പീക്കര്‍ തള്ളി. സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാൻ സര്‍ക്കാര്‍ പരാജയപ്പെട്ടതും വിവിധ പദ്ധതികളുടെ ഭാഗമായി കുഴിച്ച റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കാത്തതും കാരണം റോഡുകള്‍ ഗതാഗത യോഗ്യമല്ലാതാവുകയും അപകടങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്ന ഗുരുതര സാഹചര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് അടിയന്തര പ്രമേയത്തിലൂടെ നജീബ് കാന്തപുരം എംഎല്‍എ ആവശ്യപ്പെട്ടത്. അതേസമയം, വെള്ളിയാഴ്ചകളില്‍ അടിയന്തര പ്രമേയങ്ങള്‍ ഒഴിവാക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് അടിയന്തര പ്രമേയസത്തിന് മന്ത്രി റിയാസ് മറുപടി നല്‍കി. റോഡുകള്‍ മികച്ച നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് പിഡബ്ല്യുഡിക്കുള്ളതെന്നും റോഡ് നിർമ്മാണത്തിനൊപ്പം പരിപാലനത്തിനും പരിഗണന നല്‍കുന്നുണ്ടെന്നും സംസ്ഥാനത്തെ റോഡുകളില്‍ ഭൂരിപക്ഷവും ഗതാഗത യോഗ്യമാണെന്നും മന്ത്രി റിയാസ് പറഞ്ഞു. കോടതി വ്യവഹാരങ്ങള്‍ ഉള്‍പ്പെടെ നടക്കുന്ന റോഡുകളില്‍ ചില പ്രയാസം ഉണ്ട്. മന്ത്രിമാർ തമ്മില്‍ നല്ല ഏകോപനമുണ്ടെന്നും റിയാസ് പറഞ്ഞു. എന്നാല്‍, വഴി നടക്കാനുള്ള അവകാശം നിഷേധിച്ച സര്‍ക്കാരാണിതെന്നും എത്ര റോഡിലൂടെ എല്ലൊടിയാതെ യാത്ര ചെയ്യാനാകുമെന്നും നജീബ് കാന്തപുരം ചോദിച്ചു. മണിച്ചിത്രത്താഴ് സിനിമയില്‍ കുതിരവട്ടം പപ്പു ചെവിയില്‍ ചെമ്പരത്തി പൂ വെച്ച് ചാടി ചാടി പോകുന്നതുപോലെ പോകേണ്ട അവസ്ഥയല്ലേ ഉള്ളതെന്നും നജീബ് കാന്തപുരം ചോദിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുദ്ധഭൂമിയിലൂടെ പോകുന്നത് പോലെയാണ് നടു റോഡിലൂടെ പോകേണ്ടിവരുന്നത്. കുഴികള്‍ എണ്ണാനായിരുന്നു മന്ത്രി ആദ്യം പറഞ്ഞത്. എന്നാല്‍, ഇപ്പോള്‍ കുളങ്ങള്‍ എണ്ണിയാല്‍ തീരുമോ?. റോഡില്‍ വീണ് സ്ത്രീകള്‍ക്ക് ഗർഭം പോലും അലസുന്നുവെന്നും ജനിക്കാതെ പോയ ആ കുഞ്ഞിന്‍റെ കാലനാണ് പൊതുമരാമത്ത് വകുപ്പെന്നും നജീബ് കാന്തപുരം തുറന്നടിച്ചു. ഇതോടെ ഭരണപക്ഷ അംഗങ്ങള്‍ ബഹളം വെച്ചു. ഇതിനിടെയും നജീബ് കാന്തപുരം പ്രസംഗം തുടര്‍ന്നു. കുഴിയില്ലാത്ത റോഡിലൂടെ പോകാൻ മുഖ്യമന്ത്രി 16 കിലോമീറ്റർ ആണ് ചുറ്റിയത്. സാധാരണക്കാർക്ക് ഇങ്ങനെ റൂട്ട് മാറാൻ പറ്റുമോയെന്നും നജീബ് കാന്തപുരം ചോദിച്ചു. തലസ്ഥാനത്തെ സ്മാർട്ട് റോഡിന് ഇപ്പോഴും ദുരവസ്ഥയാണെന്നും ഉദ്യോഗസ്ഥർ തമ്മില്‍ കൂട്ട അടിയാണെന്നും വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലെന്നും നജീബ് കാന്തപുരം ആരോപിച്ചു.
ചില റോഡുകളിലൂടെ പോയാല്‍ അഡ്വഞ്ചർ പാർക്കിലൂടെ പോകും പോലെയാണ്. മഴക്കാല പൂർവ ഓട്ടയടക്കല്‍ യജ്ഞമാണ് നടക്കുന്നത്. ശാസ്ത്രീയമായി റോഡിലെ കുഴിയടക്കാൻ അറിയില്ലെന്നും നജീബ് കാന്തപുരം പറഞ്ഞു. ഇതിനിടെ, നജീബ് കാന്തപുരത്തിന് കൂടുതല്‍ സമയം നല്‍കുന്നുവെന്ന ആരോപണവുമായി മന്ത്രി എംബി രാജേഷ് രംഗത്തെത്തി. സ്പീക്കര്‍ക്കെതിരെ മന്ത്രി വിമര്‍ശനം ഉന്നയിച്ചു. 16 മിനുട്ടാണ് നജീബ് കാന്തപുരത്തിന് സംസാരിക്കാൻ നല്‍കിയതെന്നും ഈ ഉദാരത മന്ത്രിമാരോടും കാണിക്കണമെന്നും എംബി രാജേഷ് സ്പീക്കറോട് പറഞ്ഞു. എന്നാല്‍, ഡിജിറ്റല്‍ ക്ലോക്കിലെ സമയം തെറ്റാണെന്നായിരുന്നു സ്പീക്കര്‍ എഎന്‍ ഷംസീറിന്‍റെ മറുപടി. ഇതോടെ പ്രതിപക്ഷ നിരയില്‍ നിന്ന് പൊട്ടിച്ചിരി ഉയര്‍ന്നു. തുടര്‍ന്ന് സഭ നിര്‍ത്തി ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് മന്ത്രി മറുപടി നല്‍കി. മന്ത്രി റിയാസിന്‍റെ മറുപടിക്കുശേഷം അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.