കൊച്ചി : മുകേഷിനോട് പണം ചോദിച്ചു എന്നത് ശരിയാണെന്നും എന്നാല്‍ അത് ബ്ലാക്മെയിലിങ് ആയിരുന്നില്ലെന്നും പീഡനപരാതി നല്‍കിയ ആലുവ സ്വദേശിയായ നടി.സഹായം എന്ന നിലയിലാണ് പണം ചോദിച്ചതെന്നും അത് പറയാൻ തനിക്ക് നാണക്കേടില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. ലൈംഗികപീഡന പരാതിയില്‍ നടനും എം.എല്‍.എയുമായ മുകേഷിനെതിരേ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ച പശ്ചാത്തലത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. മുകേഷിനെതിരായ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ടെന്നും ഉയർന്ന എല്ലാ ആരോപണങ്ങളും തെളിഞ്ഞുവെന്നുമാണ് അന്വേഷണസംഘം കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
നടിയുടെ വാക്കുകള്‍: ദൈവം എപ്പോഴും സത്യത്തിന്റെ കൂടെയാണ്. സത്യം പറയാമല്ലോ, എന്റെ കൈയില്‍ അത്ര വലിയ തെളിവുകളൊന്നും ഉണ്ടെന്ന് അറിയില്ലായിരുന്നു. പക്ഷേ, അന്വേഷണസംഘം ആദ്യമേ പറഞ്ഞത് ഒരു കാരണവശാലും യൂട്യൂബില്‍ നോക്കരുത്, കൂടെ ഞങ്ങളുണ്ടെന്നാണ്. ഒരു കാരണവശാലും തളരരുതെന്ന് പറഞ്ഞു. ഇതെന്താണ് ഇങ്ങനെ പറയുന്നത് എന്ന് ഞാൻ വിചാരിച്ചു. പക്ഷേ, എസ്.ഐ.ടിയുടെ അത്യുജ്ജല അന്വേഷണം കണ്ടപ്പോള്‍ ഇനി ഞാനാണോ പ്രതിയെന്ന് ചിന്തിച്ചു. ഒരു പ്രശ്നം വരുമ്ബോള്‍ കള്ളം പെട്ടന്ന് പ്രചരിപ്പിക്കും. അതുകണ്ട് തളരാൻ പാടില്ല. നമ്മുടെ ഭാഗത്താണ് സത്യമെങ്കില്‍ പോലീസുകാരുടെ കൂടെ കട്ടയ്ക്ക് നില്‍ക്കുക. അവർ നമ്മളെ ചേർത്തുപിടിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നമ്മള്‍ അവർക്കൊപ്പം പരമാവധി സഹകരിക്കുക. 2008-09 ആണല്ലോ സംഭവം നടന്നത്. അപ്പോള്‍ ഉണ്ടായിരുന്ന മെയിലിന്റെ പാസ്വേഡ് പോലും എനിക്ക് അറിയില്ലായിരുന്നു. പക്ഷേ, എസ്.ഐ.ടിയുടെ ഉഗ്രൻ അന്വേഷണമായിരുന്നു. അവർ 2006 തൊട്ടുള്ളതാണോ, ഞാൻ ജനിക്കും മുന്നേയുള്ളതാണോ എന്നറിയില്ല എല്ലാം വീണ്ടെടുത്തു. നമ്മള്‍ ആർക്കെങ്കിലും എതിരേ ഒരു തന്ത്രം മെനഞ്ഞാല്‍ ദൈവം ആ തന്ത്രംകൊണ്ട് തന്നെ അവരെ കുരുക്കും. മുകേഷ് ഏട്ടൻ പറഞ്ഞു, ഞാൻ ബ്ലാക്ക് മെയില്‍ ചെയ്തുവെന്ന്. അങ്ങനെ ഒരു സംഭവത്തെക്കുറിച്ച് എനിക്കറിയില്ലായിരുന്നു. കാശ് ചോദിച്ചു എന്നത് ശരിയാണ്. കാശ് ചോദിച്ചതിനേക്കുറിച്ച് ഞാൻ തന്നയാണ് പറഞ്ഞത്. അങ്ങനെയാണ് എല്ലാവരും അറിയുന്നത്. 15 വർഷം മുമ്ബ് ഞാനൊരു സിംഗിള്‍ പാരന്റായിരുന്നു.
കുട്ടിക്ക് പെട്ടന്ന് 40,000 രൂപ കെട്ടണം. 25,000 രൂപയുടെ കുറവുണ്ട്. ആ സമയത്ത് മുകേഷേട്ടന്റെ ഫോണ്‍ വരുന്നു. കുറച്ച് ടെൻഷനിലാണ് 25,000 മറിക്കാനുണ്ടാകുമോ എന്ന് ചോദിച്ചു. ഞാൻ അത് ഇപ്പോഴും എല്ലാവരോടും പറയും. എനിക്ക് ഒരു നാണക്കേടുമില്ല. ഒരു സഹായം ചോദിച്ചു എന്നത് ശരിയാണ്. എസ്.ഐ.ടി സംഘം ഫോണില്‍നിന്നും മെയിലില്‍ നിന്നും മുകേഷുമായുള്ള എല്ലാം വീണ്ടെടുത്തു. ഞാൻ ചെയ്ത മെസേജ് എല്ലാം അതിനകത്തുണ്ട്. എല്ലാ തെളിവുകളും എസ്.ഐ.ടി സംഘം എടുത്തിട്ടുണ്ട്. അദ്ദേഹം ഒരു എംഎല്‍എയായതിനാല്‍ നീതി കിട്ടും എന്ന് കരുതിയില്ല. പക്ഷേ ഇപ്പോള്‍ ആ അവസരത്തില്‍ എസ്‌ഐടിയോടും സർക്കാരിനോടും നന്ദി രേഖപ്പെടുത്തുന്നു.