ഇടുക്കി: ശക്തമായി തുടരുന്ന മഴയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് നിറയുന്നതിനിടെ തമിഴ്നാട് ജലം കൊണ്ടുപോകുന്നത് അഞ്ച് മണിക്കൂറോളം നിറുത്തിയത് കേരളത്തെ ആശങ്കയിലാഴ്ത്തി.ജലനിരപ്പ് 134 അടി പിന്നിട്ടപ്പോഴാണ് ഇന്നലെ രാവിലെ 11ഓടെ വൈഗ ഡാമിലേക്ക് വെള്ളം കൊണ്ടുപോകുന്ന ടണല്‍ തമിഴ്നാട് അടച്ചത്. നിലവിലെ റൂള്‍ലെവല്‍ അനുസരിച്ച് 137.5 അടിയെത്തുമ്ബോള്‍ അണക്കെട്ട് തുറക്കണം. അതാണ് കേരളത്തെ ആശങ്കപ്പെടുത്തിയത്. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി.അതേസമയം, തേക്കടി പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ പ്രവേശനകവാടത്തിന് സമീപമുള്ള ടണലിന്റെ ഷട്ടറില്‍ ചപ്പും ചവറും കയറി അടഞ്ഞതിനെത്തുടര്‍ന്നാണ് ജലം കൊണ്ടുപോകുന്നത് നിറുത്തിയതെന്നാണ് തമിഴ്നാടിന്റെ വിശദീകരണം. ഇത് വൃത്തിയാക്കിയശേഷം വൈകിട്ട് നാലോടെ ചെറിയ തോതില്‍ വെള്ളം കൊണ്ടുപോകാന്‍ തുടങ്ങി. രാത്രിയോടെ 1867 ഘനയടിയായി ഉയര്‍ത്തി. സെക്കന്‍ഡില്‍ 1112 ഘനയടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ 134.35 അടിയാണ് ജലനിരപ്പ്.എന്നാല്‍, വൈഗ അണക്കെട്ടും അതിവേഗം നിറയുന്നതാണ് തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത് മണിക്കൂറുകളോളം നിറുത്താന്‍ കാരണമെന്നാണ് സൂചന. നിലവില്‍ 68.71 അടിയാണ് വൈഗയിലെ ജലനിരപ്പ്. 71 അടിയാണ് പരമാവധി സംഭരണശേഷി. ഇനി രണ്ട് അടികൂടി ഉയര്‍ന്നാല്‍ നിറയും.