ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ച ബലപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ടെന്നും സ്പില്‍ വേ തുറന്നത് റൂള്‍ പ്രാകാരമാണെന്നും മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ച തമിഴ്‌നാട് ജലസേചന മന്ത്രി ദുരൈമുരുകന്‍. സന്ദര്‍ശനത്തില്‍ പ്രത്യേകിച്ചൊന്നുമില്ലെന്നും സാധാരണ സന്ദര്‍ശനം മാത്രമാണെന്നും മന്ത്രിമാര്‍ വ്യക്തമാക്കി. ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുകന്‍, ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍, സഹകരണ മന്ത്രി ഐ പെരിയ സ്വാമി, വാണിജ്യ നികുതി വകുപ്പ് മന്ത്രി പി മൂര്‍ത്തി, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ആര്‍. ചക്രപാണി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
കൂടാതെ തേനി ജില്ലയിലെ കമ്പം, ആണ്ടിപ്പെട്ടി, പെരിയകുളം തുടങ്ങി ഏഴു മണ്ഡലങ്ങളില്‍ നിന്നുള്ള എംഎല്‍എമാരും മന്ത്രിമാര്‍ക്കൊപ്പം ഉണ്ടായിരുന്നത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എഐഎഡിഎംകെ ഈ മാസം ഒന്‍പതിന് വിവിധ സ്ഥലങ്ങളില്‍ സമരം നടത്താന്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ട് എന്നതും ശ്രദ്ധേയം. സന്ദര്‍ശനത്തിന് ശേഷം മന്ത്രിമാരുടെ സംഘം മാധ്യമങ്ങളെ കണ്ടേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.70 അടിയായി ഉയര്‍ന്നിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതോടെ അണക്കെട്ടിന്റെ സ്പില്‍വേയിലെ ഏഴ് ഷട്ടറുകള്‍ കൂടി തമിഴ്‌നാട് ഉയര്‍ത്തിയിരുന്നു.