ജയ്പൂർ: ഫുൾ ഓൺ പവറിൽ ആഞ്ഞടിച്ച മുംബൈ ഇന്ത്യൻസിനു മുന്നിൽ തകർന്നടിഞ്ഞ് രാജസ്ഥാൻ റോയൽസ്. വെടിക്കെട്ട് ബാറ്റിംങും ഇടിവെട്ട് ബൗളിംങുമായി മുംബൈ കളം നിറഞ്ഞ മത്സരത്തിൽ രാജസ്ഥാന് മറുപടി പോലുമുണ്ടായിരുന്നില്ല. സ്‌കോർ: മുംബൈ: 217/2. രാജസ്ഥാൻ: 117. ഈ കളി കൂടി തോറ്റതോടെ രാജസ്ഥാൻ ഔദ്യോഗികമായി ടൂർണമെന്റിൽനിന്ന് പുറത്തായി.
ടോസ് നേടിയ രാജസ്ഥാൻ സ്വന്തം മൈതാനത്ത് മുംബൈയെ ബാറ്റിംങിന് അയക്കുകയായിരുന്നു. ആദ്യം റിവ്യുവിലൂടെ ഔട്ടിൽ നിന്ന് രക്ഷപെട്ട രോഹിത് ശർമ്മ തന്നെ ടീമിനെ മുന്നിൽ നിന്ന് നയിച്ചു. ഓപ്പണർമാരായ റിക്കിൾട്ടനും (38 പന്തിൽ 61), രോഹിത് ശർമ്മയും (36 പന്തിൽ 53) ചേർന്ന് 116 റണ്ണിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. രോഹിത് ഒൻപത് ഫോറടിച്ചപ്പോൾ, മൂന്നു സിക്‌സും ഏഴു ഫോറുമാണ് റിക്കിൾട്ടൺ നേടിയത്. രണ്ടു പേരും പുറത്തായ ശേഷം ക്രീസിൽ എത്തിയ സൂര്യയും, പാണ്ഡ്യയും വെടിക്കെട്ട് അടിയാണ് പുറത്തെടുത്തത്. 208 ശരാശരിയിൽ ബാറ്റ് ചെയ്ത രണ്ട് പേരും 23 പന്തിൽ 48 റണ്ണാണ് നേടിയത്. സൂര്യ മൂന്നു സിക്‌സും നാലു ഫോറും നേടിയപ്പോൾ, ഒരു സിക്‌സും ആറു ഫോറുമാണ് പാണ്ഡ്യ പറപ്പിച്ചത്. രാജസ്ഥാന് വേണ്ടി തീക്ഷണയും പരാഗും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങ് ആരംഭിച്ച രാജസ്ഥാന് തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിൽ തന്നെ കഴിഞ്ഞ കളിയിലെ സെഞ്ച്വറി വീരൻ വൈഭവിനെ (0) റണ്ണെടുക്കും മുൻപ് ദീപക് ചഹർ വിൽ ജാക്‌സിന്റെ കയ്യിലെത്തിച്ചു. ബോൾട്ടിനെ രണ്ടു തവണ സിക്‌സറിനു പറത്തി ആത്മവിശ്വാസത്തോടെ ബാറ്റേന്തിയ ജയ്‌സ്വാളിനെ (13) തൊട്ടടുത്ത പന്തിൽ ക്ലീൻ ബൗൾഡ് ചെയ്തായിരുന്നു ബോൾട്ടിന്റെ ആഘോഷം.
മൂന്നാം വിക്കറ്റിൽ നിതീഷ് റാണയും (11 പന്തിൽ 9), റിയാൻ പരാഗും ( എട്ട് പന്തിൽ 16) ചേർന്ന് മെല്ലെ കളിയിലേയ്ക്ക് രാജസ്ഥാനെ തിരിച്ച് എത്തിച്ചു. എന്നാൽ, 41 ൽ റാണ ബോൾട്ടിന്റെ പന്തിൽ തിലക് വർമ്മയ്ക്കും, 47 ൽ ബുംറയുടെ പന്തിൽ പരാഗ് രോഹിത് ശർമ്മയ്ക്കും, ഹിറ്റ്‌മേയർ സൂര്യയ്ക്കും ക്യാച്ച് നൽകിയതോടെ രാജസ്ഥാന്റെ കളിയും കഥയും കഴിഞ്ഞു. 64 ൽ ശുഭം ദുബൈ (15), 76 ൽ ധ്രുവ് ജുവറൽ (11), 87 ൽ മഹേഷ് തീക്ഷണ (2), 91 ൽ കുമാർ കാർത്തികേയ (2) എന്നിവർ ഒന്നിന് പിന്നാലെ ഒന്നായി കൂടാരത്തിൽ മടങ്ങിയെത്തി. അവസാനം നിന്ന് തകർത്തടിച്ച ആർച്ചറാണ് ടീം സ്‌കോർ 100 കടത്തി നാണക്കേട് കുറച്ച് അൽപമെങ്കിലും മുഖം രക്ഷിച്ചത്. 26 പന്തിൽ 30 റണ്ണെടുത്ത ആർച്ചറാണ് ടോപ് സ്‌കോറർ. ബോൾട്ടിന്റെ പന്തിൽ ബുംറ പിടിച്ച് അവസാനമാണ് ആർച്ചർ പുറത്താകുന്നത്. ബോൾട്ടും കരൺശർമ്മയും മൂന്നും, ബുംറ രണ്ടും ചഹറും പാണ്ഡ്യയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.