ഈരാറ്റുപേട്ട : മുംബൈ പോലീസ് എന്ന വ്യാജേനെ മധ്യവയസ്കനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ തെലുങ്കാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. തെലുങ്കാന സ്വദേശിയായ പ്രശാന്ത് കുമാർ (38) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട സ്വദേശിയായ മധ്യവയസ്കന് മുംബൈയിലെ കൊറിയർ കമ്പനിയിൽ നിന്നാണെന്നും പറഞ്ഞ് ഇയാളുടെ പേരില്‍ തായ്‌വാനിലേക്ക് അയച്ച പാഴ്സലിൽ എംഡിഎംഎയും, പാസ്പോർട്ടും,ലാപ്ടോപ്പും മറ്റും ഉള്ളതിനാൽ ഇയാൾക്കെതിരെ മുംബൈയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പറയുകയായിരുന്നു.
തുടർന്ന് വ്യാജ സ്കൈപ്പ് ഐഡിയിൽ നിന്നും മുംബൈ പോലീസിൽ നിന്നാണെന്നും പറഞ്ഞ് ഇയാളെ വിളിക്കുകയും, അറസ്റ്റ് ഒഴിവാക്കണമെങ്കിൽ പണം നൽകണമെന്ന് പറഞ്ഞ് പലതവണകളായി ഇയാളെ ഭീഷണിപ്പെടുത്തി ഏഴുലക്ഷത്തി ഇരുപത്താറായിരത്തി തൊള്ളായിരത്തി നാപ്പത്തിമൂന്ന് രൂപ (7,26,943) രൂപ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു. മധ്യവയസ്കന്റെ പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ പ്രശാന്ത് കുമാറിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയതായി കണ്ടെത്തുകയും, തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ തെലുങ്കാനയിൽ നിന്നും പിടികൂടുകയുമായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ സുബ്രഹ്മണ്യൻ പി.എസ്, എസ്.ഐ ജിബിൻ തോമസ്, സി.പി.ഓ മാരായ രമേഷ്, ശരത് കൃഷ്ണദേവ്, ജിനു ജി. നാഥ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.