ഹിജാബിന് പിന്നാലെ ടീഷര്‍ട്ടും ജേഴ്സിയും കീറിയ ഡിസൈനുള്ള ജീൻസും നിരോധിച്ചു; ഡ്രസ് കോഡുമായി മുംബൈയിലെ കോളേജ്

മുംബൈ : ടീഷർട്ട്, ജേഴ്സി, കീറിയ ഡിസൈനുള്ള ജീൻസ്, ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങള്‍ എന്നിവ നിരോധിച്ച്‌ മഹാരാഷ്ട്രയിലെ കോളേജ്. ചെമ്ബൂരിലെ ആചാര്യ & മറാഠേ കോളേജിലാണ് പ്രിൻസിപ്പാള്‍ ഡ്രസ് കോഡ് വ്യക്തമാക്കി സർക്കുലർ ഇറക്കിയത്. നേരത്തെ ഇതേ കോളേജില്‍ ഹിജാബ് നിരോധിച്ചതിനെതിരെ വിദ്യാർത്ഥികള്‍ നല്‍കിയ ഹർജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെയാണ് ‘ഡ്രസ് കോഡും മറ്റ് നിയമങ്ങളും’ എന്ന പേരില്‍ കോളേജ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. ജൂണ്‍ 27ന് കോളേജ് പ്രിൻസിപ്പല്‍ ഡോ. വിദ്യാഗൗരി ലെലെ ഒപ്പിട്ട നോട്ടീസില്‍ പറയുന്നത് കാമ്ബസില്‍ വിദ്യാർത്ഥികള്‍ ഫോർമലും മാന്യവുമായ വസ്ത്രം ധരിക്കണം എന്നാണ്. ഹാഫ് കൈ ഷർട്ടും ഫുള്‍ കൈ ഷർട്ടും ധരിക്കാം. പെണ്‍കുട്ടികള്‍ക്ക് ഇന്ത്യൻ അല്ലെങ്കില്‍ പാശ്ചാത്യ വസ്ത്രങ്ങള്‍ ധരിക്കാം. മതപരമായ ഒരു വസ്ത്രവും വിദ്യാർത്ഥികള്‍ ധരിക്കരുത്. നികാബ്, ഹിജാബ്, ബുർഖ, സ്റ്റോള്‍, തൊപ്പി, ബാഡ്ജ് തുടങ്ങിയവ കോളജില്‍ സജജീകരിച്ചിരിക്കുന്ന മുറിയില്‍ പോയി മാറ്റിയ ശേഷമേ ക്ലാസ്സില്‍ പ്രവേശിക്കാവൂ എന്നും നോട്ടീസില്‍ പറയുന്നു.

Advertisements

അതോടൊപ്പമാണ് ടി-ഷർട്ട്, ജേഴ്സി, കീറിയ ഡിസൈനിലുള്ള ജീൻസ്, ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങള്‍ എന്നിവ ധരിക്കരുതെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഹിജാബ് കഴിഞ്ഞ വർഷവും വിദ്യാർത്ഥികള്‍ സാധാരണയായി ധരിക്കുന്ന ജീൻസും ടി ഷർട്ടും ഈ വർഷവും നിരോധിച്ചെന്ന് ഗോവണ്ടി സിറ്റിസണ്‍സ് അസോസിയേഷനിലെ അതീഖ് ഖാൻ പറഞ്ഞു. മത-ലിംഗ വ്യത്യാസമില്ലാതെ എല്ലാവരും സാധാരണയായി ധരിക്കുന്ന വസ്ത്രമാണിത്. അപ്രായോഗികമായ ഇത്തരം ഡ്രസ് കോഡുകള്‍ കൊണ്ടുവന്ന് വിദ്യാർത്ഥികളുടെ മേല്‍ അടിച്ചേല്‍പ്പിക്കാൻ ശ്രമിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേറ്റ് ലോകത്തേക്കുള്ള തയ്യാറെടുപ്പാണ് ഈ ഡ്രസ് കോഡിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രിൻസിപ്പല്‍ പറഞ്ഞു. വിദ്യാർത്ഥികള്‍ മാന്യമായ വസ്ത്രം ധരിക്കണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നു. യൂണിഫോം കൊണ്ടുവന്നിട്ടില്ല. എന്നാല്‍ ഔപചാരികമായ ഇന്ത്യൻ അല്ലെങ്കില്‍ പാശ്ചാത്യ വസ്ത്രങ്ങള്‍ ധരിക്കാനാണ് നിർദേശം നല്‍കിയിരിക്കുന്നത്. അഡ്മിഷൻ സമയത്ത് തന്നെ ഡ്രസ് കോഡ് വിദ്യാർത്ഥികളെ അറിയിച്ചിരുന്നുവെന്നും ഇപ്പോള്‍ എന്തിനാണ് അതിനെക്കുറിച്ച്‌ ആശങ്ക ഉന്നയിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും പ്രിൻസിപ്പല്‍ പറഞ്ഞു. വിദ്യാർത്ഥികള്‍ കാമ്ബസില്‍ അപമര്യാദയായി പെരുമാറിയ സംഭവങ്ങളും ഡ്രസ് കോഡ് കൊണ്ടുവരാൻ പ്രേരിപ്പിച്ചെന്ന് പ്രിൻസിപ്പല്‍ പറഞ്ഞു.

Hot Topics

Related Articles