ഡൽഹി: അവസാന പന്ത് വരെ ആവേശം നിറഞ്ഞു നിന്ന ത്രില്ലർ മാച്ചിൽ വിജയം ഓടിയെടുത്ത് മുംബൈ. അവസാന പന്തിൽ രണ്ട് റൺ വേണ്ടപ്പോൾ രണ്ട് റൺ ഓടിയെടുത്താണ് മുംബൈ വിജയം പിടിച്ചു വാങ്ങിയത്. ഇതോടെ ടൂർണമെന്റിൽ ആദ്യമായി മുംബൈയ്ക്ക് രണ്ട് പോയിന്റായി.
ടോസ് നഷ്ടമായ ഡൽഹിയെ മുംബൈ ബാറ്റിംങിന് അയക്കുകയായിരുന്നു. പതിവിന് വിപരീതമായി മികച്ച തുടക്കമാണ് ഡൽഹിയ്ക്ക് ഓപ്പണർമാർ നൽകിയത്. 10 പന്തിൽ 15 റണ്ണെടുത്ത പൃഥ്വി ഷാ ഷൗക്കിന്റെ പന്തിൽ ഗ്രീനിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. പിന്നീട് എത്തിയ മനീഷ് പാണ്ഡേ ക്യാപ്റ്റൻ ഡേവിഡ് വാർണറെ സാക്ഷിയാക്കി ആഞ്ഞടിച്ചു. 18 പന്തിൽ 144 സ്ട്രൈക്ക് റേറ്റുമായി 26 റണ്ണാണ് അഞ്ചു ഫോറുമായി മനീഷ് പാണ്ഡേ അടിച്ചെടുത്തത്. പീയൂഷ് ചൗളയുടെ പന്തിൽ ബെൻഡ്രോഫ് പിടിച്ച് പാണ്ഡേ പുറത്തായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യ മത്സരം കളിച്ച യഷ് ദയാലിന് കാര്യമായ ഇംപാക്ട് ഉണ്ടാക്കാനായില്ല. നാല് പന്തിൽ രണ്ട് റണ്ണെടുത്ത് ദയാൽ പുറത്ത്. പിന്നാലെ, റോമൻ പവലിനെയും (4), ലളിത് യാദവിനെയും (2) പുറത്താക്കി പീയൂഷ് ചൗള മധ്യനിരയിൽ പിടിമുറുക്കി. 98 ന് അഞ്ച് എന്ന നിലയിൽ ഈ സമയം ഡൽഹി പ്രതിരോധത്തിലേയ്ക്കു വലിഞ്ഞു. ഈ സമയത്താണ് ക്യാപ്റ്റൻ വാർണർക്ക് കൂട്ടായി അക്സർ പട്ടേൽ എന്ന ഇന്ത്യൻ താരം എത്തുന്നത്.
12.3 ഓവറിൽ 98 റൺ മാത്രമുണ്ടായിരുന്ന ടീമിന് അവസാന പ്രതീക്ഷയായിരുന്നു അക്സർ പട്ടേൽ. ഈ പ്രതീക്ഷ അക്സർ കൃത്യമായി പാലിക്കുകയും ചെയ്തു. 25 പന്തിൽ അഞ്ചു സിക്സും നാലു ഫോറും പറത്തിയ 54 റണ്ണെടുത്ത അക്സറിന്റെ മികവാണ് മത്സരത്തിൽ തെളിഞ്ഞു കണ്ടത്. പതിനെട്ടാം ഓവറിന്റെ ആദ്യ പന്തിൽ പുറത്താകും മുൻപ് അക്സർ , ടീമിനെ 165 ൽ എത്തിച്ചിരുന്നു. അക്സർ വാർണർ കൂട്ടുകെട്ടിൽ പിറത്ത 67 റണ്ണിൽ 54 ഉം എടുത്തത് അക്സറാണ് എന്നത് വായിക്കുമ്പോഴാണ് ടീമിന്റെ സ്കോറിലെ അക്സറിന്റെ സംഭാവന പൂർത്തിയാകുക.
എന്നാൽ, പതിനെട്ടാം ഓവറിന്റെ ആദ്യ പന്തിൽ അക്സറിനെ പുറത്താക്കിയ ബെൻഡറോഫിന്റെ ഓവർ അക്ഷരാർത്ഥത്തിൽ ഡൽഹിയ്ക്ക് സമ്മാനിച്ചത് വൻ തിരിച്ചടിയായി. അക്സർ ക്രീസിൽ നിൽക്കുമ്പോൾ 180 ന് മുകളിൽ സ്കോർ പ്രതീക്ഷിച്ചപ്പോൾ, ഇതേ ഓവറിൽ ആദ്യ പന്തിൽ അക്സറും, മൂന്നാം പന്തിൽ ഡേവിഡ് വാർണറും (47 പന്തിൽ 51) പുറത്തായി. അക്സർ അർഷദ് ഖാന് ക്യാച്ച് നൽകിയപ്പോൾ, മെരിഡത്തിനായിരുന്നു വാർണറുടെ ക്യാച്ച്.
നാലാം പന്തിൽ അപ്രതീക്ഷിത റണ്ണൗട്ടിലൂടെ കുൽദീപ് യാദവ് റണ്ണെടുക്കും മുൻപ് പുറത്ത്. വാന്ദ്രയുടെ നേരിട്ടുള്ള ഏറിലാണ് കുൽദീപ് ഔട്ടായി മടങ്ങിയത്. പതിനെട്ടാം ഓവറിന്റെ അവസാന പന്തിൽ അഭിഷേക് പോറലിനെ ഗ്രീനിന്റെ കയ്യിൽ എത്തിച്ച് ബെൻഡ്രോഫ് വീണ്ടും ആഞ്ഞടിച്ചു. അവസാന ബാറ്ററായി എത്തിയ നോട്രിച്ച് ഒരു ഫോറടിച്ച് ടീമിന് പ്രതീക്ഷ നൽകി. എന്നാൽ, തൊട്ടടുത്ത പന്തിൽ നോട്രിച്ചിനെ ക്ലീൻ ബൗൾ ചെയ്ത മെരിഡെത്ത് ടീമിനെ 172 ൽ നിർത്തിച്ചു.
മറുപടി ബാറ്റിംങ് ആരംഭിച്ച മുംബൈയ്ക്ക് വെടിക്കെട്ട് തുടക്കമാണ് ഓപ്പണർമാർ ചേർന്നു നൽകിയത്. ഇഷാൻ കിഷനും (26 പന്തിൽ 31), രോഹിത് ശർമ്മയും (45 പന്തിൽ 65) ചേർന്ന് വെടിക്കെട്ടടിയാണ് കാഴ്ച വച്ചത്. ഇഷാൻ പുറത്താകുമ്പോൾ ഏഴ് ഓവറിൽ 71 റണ്ണാണ് മുംബൈ നേടിയത്. ഇഷാൻ പുറത്തായതിന് പിന്നാലെ എത്തിയ തിലക് വർമ്മയും, 29 പന്തിൽ 41 റണ്ണടിച്ച് ക്യാപ്റ്റന് മികച്ച പിൻതുണ നൽകി. തിലക് പുറത്തായതിന് പിന്നാലെ എത്തിയ സൂര്യ ആദ്യ പന്തിൽ തന്നെ ക്യാച്ച് നൽകി മടങ്ങിയതോടെ ക്യാപ്റ്റൻ രോഹിത്തിന് സമ്മർദമേറി. മുസ്തിഫുർ റഹ്മാന്റെ വൈഡ് യോർക്കറിൽ ബാറ്റ് വച്ച രോഹിത്തിന് പിഴച്ചു. മനോഹരമായ ക്യാച്ചിലൂടെ വിക്കറ്റ് കീപ്പർ അഭിഷേക് പോറൽ രോഹിത്തിനെ പുറത്താക്കി. പിന്നീട്, ടിം ഡേവിഡും കാമറോൺ ഗ്രീനും ചേർന്ന് മുംബൈ പോരാട്ടം നയിച്ചു. പതിനെട്ടാം ഓവറിൽ രണ്ട് സിക്സ് സഹിതം, 15 റണ്ണാണ് മുംബൈ അടിച്ചെടുത്തത്. ഇതോടെ അവസാന ഓവറിൽ അഞ്ചു റണ്ണായി വിജയലക്ഷ്യം. രണ്ടാം പന്തിൽ ടിം ഡേവിഡിന്റെ ഷോട്ട് മുകേഷ് താഴെയിട്ടു. ക്യാച്ചാകാതെ വന്നതോടെ മുംബൈയ്ക്ക് അശ്വാസം. തൊട്ടടുത്ത പന്ത് അമ്പയർ വൈഡ് വിളിച്ചത്, റിവ്യുവിലൂടെ തിരുത്തിയ ഡൽഹി കളിയിലേയ്ക്കു തിരിച്ചു വന്നു. അവസാന ഒരു പന്തിൽ വേണ്ടത് രണ്ടു റൺ. മുന്നിലേയ്ക്കു തട്ടിയിട്ട ഡേവിഡ് രണ്ട് ഓടിയെടുത്തതോടെ മുംബൈയ്ക്ക് ആദ്യ വിജയം.