മുംബൈ: വാംഖഡേ സ്റ്റേഡിയത്തിൽ ന്യൂസിലൻഡിന് എതിരായ മൂന്നാം ടെസ്റ്റിൽ രണ്ടാം ദിനം ഇന്ത്യ പൊരുതുന്നു. ന്യൂസിലൻഡിന്റെ 235 ന് 40 റൺ പിന്നിലാണ് ഇന്ത്യ ഇപ്പോൾ. ലഞ്ചിനു പിരിയുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടമാക്കി 195 എന്ന സ്കോറിലാണ് ഇന്ത്യ നിൽക്കുന്നത്. ഇന്ന് 59 പന്തിൽ 60 റൺ എടുത്ത ഋഷഭ് പന്തിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇന്നലെ അവസാന രണ്ട് ഓവറിനിടെ ഇന്ത്യ മൂന്ന് വിക്കറ്റുകളാണ് നഷ്ടമാക്കിയത്. ഇതിന്റെ ആഘാതം മാറും മുൻപാണ് പന്തും , ഗില്ലും ഇന്ന് ബാറ്റിംങിന് ഇറങ്ങിയത്. രണ്ട് തവണ വീതം പന്തിനെയും ഗില്ലിനെയും കൈവിട്ട് സഹായിച്ച കിവീസ് ഫീൽഡർമാർ ഇന്ത്യൻ ആയുസ് നീട്ടി നൽകി.
ഇതിനിടെ 37 ആം ഓവറിന്റെ മൂന്നാം പന്തിൽ പന്തിന്റെ പ്രതിരോധം പാളി. ഇഷ് സോധിയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയ പന്ത് പുറത്ത്. സോധിയുടെ പന്ത് പുറത്തേയ്ക്കാണ് ടേൺ ചെയ്യുന്നതെന്ന് റിവ്യുവിൽ വ്യക്തമായിരുന്നെങ്കിലും, അമ്പയർ ഔട്ട് വിളിച്ചതിനാൽ റിവ്യു എടുത്തെങ്കിലും ഫലത്തിൽ മാറ്റമുണ്ടായില്ല. പിന്നീട് ക്രീസിൽ എത്തിയ ജഡേജ കാര്യമായ നഷ്ടമില്ലാതെ ബാറ്റ് ചെയ്യുന്നുണ്ട്. 106 പന്തിൽ 70 റണ്ണോടെ ഗില്ലും, 18 പന്തിൽ 10 റണ്ണോടെ ജഡേജയുമാണ് ലഞ്ചിനു പിരിയുമ്പോൾ ക്രീസിൽ.