ഗുജറാത്ത്: ഗില്ലിന്റെ ബാറ്റ് എകെ 47 ആയി മുംബൈ ബൗളർമാർക്ക് നേരെ വെടിയുതിർത്തപ്പോൾ, 62 റണ്ണിന്റെ തോൽവി ഏറ്റുവാങ്ങി രോഹിത്തിനും സംഘത്തിനും മടക്കം. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ സെഞ്ച്വറിയോടെ ഗിൽ അഴിഞ്ഞാടിയപ്പോൾ, സൂര്യതാപത്തിനും മുംബൈയെ രക്ഷിക്കാൻ സാധിച്ചില്ല. 62 റണ്ണിന്റെ ഉജ്വല വിജയത്തോടെ ഗുജറാത്ത് ഫൈനൽ ഉറപ്പിച്ചു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഗുജറാത്ത് ചെന്നൈയെ നേരിടും.
സ്കോർ
ഗുജറാത്ത് – 223-3
മുംബൈ – 171
കളിയ്ക്കിടെ ക്രിസ് ജോർദാനുമായി കൂട്ടിയിടിച്ച് പരിക്കേറ്റതോടെ മുംബൈയ്ക്ക് ഓപ്പണർ ഇഷാൻ കിഷനെ നഷ്ടമായത് ഇരട്ട പ്രഹരമായി. ഇതോടെ രോഹിത് ശർമ്മയും, നേഹാൽ വന്ദ്രയുമാണ് ഓപ്പണിംങ് ബാറ്റിംങിന് ഇറങ്ങിയത്.
ടോസ് നഷ്ടമായി ബാറ്റിംങിന് ഇറങ്ങിയ ഗുജറാത്തിന് എല്ലാവരെയും ഞെട്ടിക്കുന്ന തുടക്കമാണ് ഗില്ലും സാഹയും ചേർന്നു നൽകിയത്. താരതമ്യേനെ പതിയെ തുടങ്ങിയ സാഹയെ ഒരു വശത്ത് നിർത്തി ഗിൽ കത്തിക്കയറാൻ ഒരുങ്ങുകയായിരുന്നു. സ്കോർ 54 ൽ നിൽക്കെ സാഹയെ സ്റ്റമ്പ് ചെയ്ത് കിഷൻ പുറത്താക്കി. 16 പന്തിൽ 18 റണ്ണായിരുന്നു സാഹയുടെ സമ്പാദ്യം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, പിന്നാലെ എത്തിയ സായി സുദർശനെ (43) ഒരു വശത്ത് നിർത്തി ഗില്ലിന്റെ അഴിഞ്ഞാട്ടമാണ് കണ്ടത്. 60 പന്തിൽ പത്ത് സിക്സും ഏഴു ഫോറും പറത്തിയ ഗിൽ അടിച്ചു കൂട്ടിയത് 129 റണ്ണാണ്. 30 ൽ നിൽക്കെ ഗില്ലിനെ വിട്ടു കളഞ്ഞ ടിം ഡേവിഡ് അക്ഷരാർത്ഥത്തിൽ ഖേദിക്കുന്ന നിമിഷമായിരുന്നു ഗിൽ ക്രീസിൽ നിന്ന ആ 86 മിനിറ്റും. 215 സ്ട്രൈക്ക് റേറ്റിൽ ആക്രമിച്ചു കളിച്ച ഗിൽ അർദ്ധ സെഞ്ച്വറി തികച്ചത് 36 പന്തിലായിരുന്നു. പിന്നീട് 17 പന്തിലാണ് സെഞ്ച്വറി തികച്ചത്.
192 ൽ ഗിൽ പുറത്തായതിന് പിന്നാലെ, സായി സുദർശൻ റിട്ടയേർഡ് ഹർട്ടായി. ക്യാപ്റ്റൻ പാണ്ഡ്യയും (28) , റാഷിദ് ഖാനും (05) ചേർന്ന് ടീം സ്കോർ 233 ൽ എത്തിച്ചു. ഈ റൺ മല കയറാനിറങ്ങിയ രോഹിത്തിനും സംഖത്തിനും കളി തുടങ്ങും മുൻപ് തിരിച്ചടി കിട്ടി. ഇഷാൻ കിഷൻ പരിക്കേറ്റ് പുറത്തായി. പിന്നാലെ, സ്കോർ അഞ്ചിൽ നിൽക്കെ ഇംപാക്ട് പ്ലേയറായി ഇറങ്ങിയ നേഹാൽ വന്ദ്രയും മടങ്ങി. ആദ്യ ഓവറിൽ തന്നെ മുഹമ്മദ് ഷമിയ്ക്കായിരുന്നു വിക്കറ്റ്. പിന്നാലെ ഇറങ്ങിയ കാമറൂൺ ഗ്രീൻ, ഹാർദിക്കിന്റെ പന്തിൽ കൈയ്ക്കു പരിക്കേറ്റ് തിരികെ കയറി.
ഇതിന് ശേഷം ഗ്രൗണ്ടിലെത്തിയത് തിലക് വർമ്മയായിരുന്നു. തിലക് എത്തിയതിനു തൊട്ടുപിന്നാലെ രോഹിത് ശർമ്മ മിസ് ഹിറ്റിലൂടെ (8) പുറത്തായി. തിലകിന് കൂട്ടായി സൂര്യകുമാർ എത്തിയതോടെയാണ് മുംബൈ ഡ്രൈവിംങ് സീറ്റിൽ എത്തിയത്. 14 പന്തിൽ മൂന്നു സിക്സും അഞ്ചു ഫോറും അടിച്ച് 43 റണ്ണെടുത്ത തിലക് വർമ്മ, ഒരു ഘട്ടത്തിൽ മുംബൈയെ ഫൈനിൽ എത്തിക്കുമെന്ന പ്രതീതി ജനിപ്പിച്ചു. എന്നാൽ, നിർണ്ണായകമായ ആ വിക്കറ്റ് പിഴുത് റാഷിദ് ഖാൻ ടീമിന് നിർണ്ണായകമായ ബ്രേക്ക് ത്രൂ നൽകി.
തിലക് പുറത്തായതിനു പിന്നാലെ പരിക്കേറ്റ കാമറൂൺ ഗ്രീൻ തിരികെ കളത്തിലെത്തി. ഒരു വശത്ത് കൃത്യമായി ട്രാക്കി മാറ്റി ആവശ്യമുള്ള ഘട്ടത്തിൽ മാത്രം ആക്രമണം നടത്തി സൂര്യമുന്നേറുമ്പോൾ കൂട്ടായി നിൽക്കുകയായിരുന്നു കാമറൂൺ ഗ്രീൻ. സ്കോർ 124 ൽ നിൽക്കെ, ജോഷ് ലൈറ്റിന്റെ പന്തിൽ ക്ലീൻ ബൗൾഡായി ഗ്രീൻ മടങ്ങി. 20 പന്തിൽ 30 റൺ മാത്രമായിരുന്നു ഗ്രീനിന്റെ ബാറ്റിൽ നിന്ന് പിറന്നത്.
ഗ്രീനിന് പിന്നാലെ എത്തിയ മലയാളി താരം വിഷ്ണു വിനോദായിരുന്നു. ഒരു വശത്ത് അക്രമാസക്തനായ സൂര്യകുമാർ അഴിഞ്ഞാടുമ്പോൾ, സിംഗിളിട്ട് ആ മേളത്തിന് താളം പിടിക്കുക മാത്രമായിരുന്നു വിഷ്ണുവിന്റെ ജോലി. സ്കോർ 155 ൽ എത്തിച്ച ശേഷം, 38 പന്തിൽ 61 റണ്ണടിച്ച സൂര്യമടങ്ങുമ്പോൾ വലിയൊരു ശൂന്യത മുംബൈ ആകാശത്ത് വട്ടമിട്ടു പറന്നിരുന്നു. മൂന്നു സിക്സും അഞ്ചു ഫോറും സൂര്യ പറത്തിയെങ്കിലും ആവശ്യമുള്ളത് മാത്രം നേടാനായില്ല. സൂര്യ പുറത്തായതിന് പിന്നാലെ ഇതേ ഓവറിൽ തന്നെ വിഷ്ണു വിനോദിനെയും വീഴ്ത്തി മോഹിത് ശർമ്മ ആദ്യ ഓവറിൽ തന്നെ ആഞ്ഞടിച്ചു. അഞ്ച് റൺ മാത്രമായിരുന്നു വിഷ്ണുവിന്റെ സമ്പാദ്യം.
പിന്നാലെ, ടിം ഡേവിഡ് (2), ക്രിസ് ജോർദാൻ (2), പീയൂഷ് ചൗള (0) എന്നിവർ അടുത്തടുത്ത ഓവറുകളിൽ പുറത്തായതോടെ മുംബൈ തീർത്തും പ്രതിരോധത്തിലായി. സൂര്യകുമാറിന്റെ അടക്കം നിർണ്ണായകമായ നാലു വിക്കറ്റുകളാണ് മോഹിത് ശർമ്മ പിഴുതെടുത്തത്.