ഗുജറാത്ത്: ഗില്ലിന്റെ ബാറ്റിൽ എകെ 46 ഘടിപ്പിച്ചു വെടി തുടങ്ങിയതോടെ മുംബൈയ്ക്ക് മറികടക്കേണ്ടത് വൻ റൺ മല. കളിയ്ക്കിടെ ക്രിസ് ജോർദാനുമായി കൂട്ടിയിടിച്ച് പരിക്കേറ്റതോടെ മുംബൈയ്ക്ക് ഓപ്പണർ ഇഷാൻ കിഷനെയും നഷ്ടമായി. ഇതോടെ രോഹിത് ശർമ്മയും, നേഹാൽ വന്ദ്രയുമാണ് ബാറ്റിംങിന് ഇറങ്ങിയത്.
ടോസ് നഷ്ടമായി ബാറ്റിംങിന് ഇറങ്ങിയ ഗുജറാത്തിന് എല്ലാവരെയും ഞെട്ടിക്കുന്ന തുടക്കമാണ് ഗില്ലും സാഹയും ചേർന്നു നൽകിയത്. താരതമ്യേനെ പതിയെ തുടങ്ങിയ സാഹയെ ഒരു വശത്ത് നിർത്തി ഗിൽ കത്തിക്കയറാൻ ഒരുങ്ങുകയായിരുന്നു. സ്കോർ 54 ൽ നിൽക്കെ സാഹയെ സ്റ്റമ്പ് ചെയ്ത് കിഷൻ പുറത്താക്കി. 16 പന്തിൽ 18 റണ്ണായിരുന്നു സാഹയുടെ സമ്പാദ്യം.
എന്നാൽ, പിന്നാലെ എത്തിയ സായി സുദർശനെ (43) ഒരു വശത്ത് നിർത്തി ഗില്ലിന്റെ അഴിഞ്ഞാട്ടമാണ് കണ്ടത്. 60 പന്തിൽ പത്ത് സിക്സും ഏഴു ഫോറും പറത്തിയ ഗിൽ അടിച്ചു കൂട്ടിയത് 129 റണ്ണാണ്. 30 ൽ നിൽക്കെ ഗില്ലിനെ വിട്ടു കളഞ്ഞ ടിം ഡേവിഡ് അക്ഷരാർത്ഥത്തിൽ ഖേദിക്കുന്ന നിമിഷമായിരുന്നു ഗിൽ ക്രീസിൽ നിന്ന ആ 86 മിനിറ്റും. 215 സ്ട്രൈക്ക് റേറ്റിൽ ആക്രമിച്ചു കളിച്ച ഗിൽ അർദ്ധ സെഞ്ച്വറി തികച്ചത് 36 പന്തിലായിരുന്നു. പിന്നീട് 17 പന്തിലാണ് സെഞ്ച്വറി തികച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
192 ൽ ഗിൽ പുറത്തായതിന് പിന്നാലെ, സായി സുദർശൻ റിട്ടയേർഡ് ഹർട്ടായി. ക്യാപ്റ്റൻ പാണ്ഡ്യയും (28) , റാഷിദ് ഖാനും (05) ചേർന്ന് ടീം സ്കോർ 233 ൽ എത്തിച്ചു. ഈ റൺ മല കയറാനിറങ്ങിയ രോഹിത്തിനും സംഖത്തിനും കളി തുടങ്ങും മുൻപ് തിരിച്ചടി കിട്ടി. ഇഷാൻ കിഷൻ പരിക്കേറ്റ് പുറത്തായി. പിന്നാലെ, സ്കോർ അഞ്ചിൽ നിൽക്കെ ഇംപാക്ട് പ്ലേയറായി ഇറങ്ങിയ നേഹാൽ വന്ദ്രയും മടങ്ങി. ആദ്യ ഓവറിൽ തന്നെ മുഹമ്മദ് ഷമിയ്ക്കായിരുന്നു വിക്കറ്റ്.