കെഎസ്ഇബി നാട്ടുകാർക്കിട്ട് കൊടുക്കുന്നത് എട്ടിന്റെ പണി; അറ്റകുറ്റപണിയുടെ പേരിൽ വൈദ്യുതി മുടങ്ങുന്നത് രാത്രിയിലും; സഹികെട്ട് പുഞ്ചവയൽ നിവാസികൾ

മുണ്ടക്കയം: പുഞ്ചവയലിൽ കെഎസ്ഇബി നാട്ടുകാർക്കിട്ട് കൊടുക്കുന്നത് എട്ടിന്റെ പണി. അറ്റകുറ്റപണിയുടെ പേരിൽ പകൽ മാത്രമല്ല രാത്രിയിലും വൈദ്യുതി മുടങ്ങുകയാണ്. ‘ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത്, ഇനിയും സഹിക്കാൻ പറ്റില്ല ഈ വൈദ്യുതി മുടക്കം, ഇനിയും ഈ സ്ഥ്തി തുടർന്നാൽ ഞങ്ങൾ ഓഫിസിൽ വന്ന് പ്രതിഷേധിക്കും എന്നാണ് പുഞ്ചവയൽ നിവാസികൾ പറയുന്നത്. പുഞ്ചവയൽ ടൗണുമായി ബന്ധപ്പെട്ട് കിടക്കുന്ന എല്ലാ മേഖലകളിലും വൈദ്യുതി തടസ്സം പതിവാണ്. വൈദ്യുതി ഉള്ള സമയം കുറവെന്ന് തന്നെ പറയാം. ഇവിടെ കെഎസ്ഇബി കൃത്യമായി ചെയ്യുന്ന രണ്ട് ജോലികളാണ് ഉള്ളത്. ഒന്ന് ബിൽ നൽകലും മറ്റൊന്നു ബില്ലടച്ചില്ലെങ്കിൽ കട്ട് ചെയ്യുന്നതും.

Advertisements

കഴിഞ്ഞ മഴക്കാലത്താണ് പ്രശ്നം തുടങ്ങിയത്. മഴയല്ലേ എന്നോർത്ത് ജനങ്ങൾ ക്ഷമിച്ചു. പക്ഷേ മഴകഴിഞ്ഞ് വെയിൽ തെളിഞ്ഞിട്ടും പ്രശ്നത്തിന് പരിഹാരമില്ല. കറന്റ് പോയാൽ പിന്നെ വരുന്നത് മണിക്കൂറുകൾ കഴിഞ്ഞാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ടൗണിലെ വ്യാപാരികളെ വൈദ്യുതി മുടക്കം പൂർണമായും ബാധിച്ചു. ഇലക്ട്രോണിക്സ കടകളിൽ അടച്ചിടേണ്ടി വന്നു. കാരണം ചോദിച്ചാൽ ലൈനിൽ പണി നടക്കുന്നതുകൊണ്ടാണെന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി. അപ്പോൾ നാട്ടുകാർക്ക് മറ്റൊരു സംശയം ഉണ്ട്. രാത്രിയിലും ലൈനിൽ പണി നടക്കുന്നുണ്ടോ എന്ന്. രാത്രി കാലങ്ങളിലാണ് പലപ്പോഴും കൂടുതലായും കറന്റ് പോകുന്നത്. പുലർച്ചെ സമയങ്ങളിലും കറന്റ് കാണില്ല. പശ്ചിമ റൂട്ടിലേക്കാണ് പതിവായി വൈദ്യുതി മുടങ്ങുന്നത്. കിണറുകളിൽ നിന്നും മോട്ടർ അടിക്കാൻ കഴിയാതെ വീട്ടമ്മമാരും ദുരിതത്തിലാണ്. വൈദ്യുതി മുടക്കം ഈ രീതിയിൽ തുടർന്നാൽ ശക്തമായ പ്രതിഷേധ പരിപാടികൾ നടത്താനാണ് നാട്ടുകാരുടെ തീരുമാനം.

Hot Topics

Related Articles