തിരുവനന്തപുരം: അപകടത്തില്‍ പെട്ട ഉമ തോമസ് എംഎല്‍എയെ കൈകാര്യം ചെയ്ത രീതി കണ്ട് നടുങ്ങിപ്പോയെന്ന് ദുരന്ത നിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി. നട്ടെല്ലിനും കഴുത്തിനും ഒക്കെ പരിക്കേറ്റിരിക്കാൻ സാധ്യതയുള്ള ഒരാളെ ഉറപ്പുള്ള ഒരു സ്ട്രെച്ചറില്‍ വേണം എടുത്തുകൊണ്ടുപോകാൻ. എന്ത് ആത്മാർത്ഥത കൊണ്ടാണെങ്കിലും കുറച്ചാളുകള്‍ പൊക്കിയെടുത്തുകൊണ്ടുപോകുന്നത് പരിക്കിന്‍റെ ആഘാതം വർദ്ധിപ്പിക്കുകയേ ഉള്ളൂ. എത്രയും വേഗം പ്രൊഫഷണലായ രക്ഷാപ്രവർത്തനം ലഭ്യമാകും എന്ന വിശ്വാസം സമൂഹത്തില്‍ ഇല്ലാത്തതുകൊണ്ടാണ് ആളുകള്‍ പരിക്കേറ്റവരെ തൂക്കിയെടുത്ത് കിട്ടുന്ന വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കാൻ നോക്കുന്നതെന്നും മുരളി തുമ്മാരുകുടി കുറിച്ചു.
പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ കാർ പാർക്കിംഗിനു വേണ്ടിപ്പോലും ഡസൻ കണക്കിന് ആളുകളെ നിയമിക്കാറുണ്ട്. എന്നാല്‍ പ്രഥമ ശുശ്രൂഷയില്‍ പരിശീലനമുള്ള നാല് പേരോ അത്യാവശ്യമായ പ്രഥമ ശുശ്രൂഷാ ഉപകരണങ്ങളോ ഒരിടത്തും കാണാറില്ല. ഒരു വർഷം പതിനായിരം ആളുകളാണ് അപകടങ്ങളില്‍ മരിക്കുന്നത്. അതില്‍ പലമടങ്ങ് ആളുകള്‍ ജീവിതകാലം മുഴുവൻ മാനസികവും ശാരീരികവുമായ വെല്ലുവിളികളോടെ ജീവിക്കുന്നു. ഈ അപകടങ്ങളും അപകടത്തിനു ശേഷമുള്ള പരിക്കുകളും മിക്കവാറും ഒഴിവാക്കാവുന്നതാണ്. നമ്മുടെ സമൂഹത്തില്‍ ഒരു സുരക്ഷാ സാക്ഷരതാ പദ്ധതിയുടെ സമയം അതിക്രമിച്ചു കഴിഞ്ഞെന്നും മുരളി തുമ്മാരുകുടി അഭിപ്രായപ്പെട്ടു.