ധാക്ക: കൊലക്കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ ഷാക്കിബ് അൽ ഹസനെ ക്രിക്കറ്റിൽനിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് വക്കീൽ നോട്ടീസ്. കൊല്ലപ്പെട്ട യുവാവിന്റെ പിതാവാണ് വക്കീൽ നോട്ടീസയച്ചത്. ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽനിന്നും താരത്തെ വിലക്കണമെന്നാണ് ആവശ്യം.
നിലവിൽ പാകിസ്താനെതിരായ ടെസ്റ്റ് പരമ്ബരയിൽ കളിക്കുകയാണ് ഷാക്കിബ്. ആദ്യ ടെസ്റ്റ് മത്സരത്തിന് ശേഷം ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് ഫറുഖ് അഹമ്മദ് പ്രതികരിച്ചത്. ആദ്യ ടെസ്റ്റിൽ പത്ത് വിക്കറ്റിന് ബംഗ്ലാദേശ് പാകിസ്താനെ കീഴടക്കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബംഗ്ലാദേശിൽ ഈയിടെ നടന്ന പ്രക്ഷോഭത്തിനിടെ തയ്യൽ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലാണ് ഷാക്കിബുൾപ്പെടെ 147-ഓളം പേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൽ 28-ാം പ്രതിയാണ് ബംഗ്ലാദേശ് താരം. ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും നടൻ ഫെർദസ് അഹമ്മദും പ്രതിപ്പട്ടികയിലുണ്ട്.
രാജ്യത്ത് നടന്ന പ്രക്ഷോഭത്തെ തുടർന്ന് ഓഗസ്റ്റ് ഏഴിന് തയ്യൽ തൊഴിലാളിയായ മുഹമ്മദ് റുബൽ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ പിതാവ് റഫീഖുൾ ഇസ്ലാം നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ധാക്ക ട്രിബ്യൂണിന്റെ റിപ്പോർട്ട് പ്രകാരം നെഞ്ചിനും വയറിനും വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്നാണ് റുബൽ കൊല്ലപ്പെടുന്നത്. ധാക്കയിലെ ഒരു റാലിക്കിടെയാണ് സംഭവം. ഈ കേസിലാണ് ബംഗ്ലാദേശ് താരമുൾപ്പെട്ടിട്ടുള്ളത്. എന്നാൽ പ്രക്ഷോഭം നടക്കുന്ന സമയത്ത് ഷാക്കിബ് രാജ്യത്തുണ്ടായിരുന്നില്ലെന്നും ഗ്ലോബൽ ടി20 കാനഡ ലീഗിൽ കളിക്കാനായി താരം കാനഡയിലായിരുന്നു എന്നുമാണ് വിശദീകരണം.