കോട്ടയം: മല്ലന്മാർ മസിലു പിടിച്ചു നിരന്നതോടെ ആവേശം നിറച്ച മിസ്റ്റർ കോട്ടയം മത്സരത്തിൽ അനന്തു ഷാജി മിസ്റ്റർ കോട്ടയമായി തിരഞ്ഞെടുക്കപ്പെട്ടു. കോട്ടയം മസിൽ ടെക്ക് ഫിറ്റ്‌നസ് സെന്ററിലെ കോട്ടയം സ്വദേശിയായ അനന്തുഷാജിയെയാണ് മിസ്റ്റർ കോട്ടയമായി തിരഞ്ഞെടുത്തത്.
ജുനിയർ വിഭാഗത്തിൽ മിസ്റ്റർ കോട്ടയമായി വൈക്കം വെച്ചൂർ പവർഹൗസ് ജിമ്മിലെ എ.ജെ സൂരജിനെയും തിരഞ്ഞെടുത്തു. മാസ്റ്റേഴ്‌സ് വിഭാഗത്തിൽ കോട്ടയം ചിങ്ങവനം സ്വദേശിയായ ലാലസണിനെയും തിരഞ്ഞെടുത്തു.
നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് വിജയികളെ തിരഞ്ഞെടുത്തത്. ജില്ലാ ബോഡി ബിൽഡിംങ് അസോസിയേഷന്റെ നേതൃത്വത്തിലാണ് വിവിധ ഇനങ്ങളിൽ മത്സരങ്ങൾ നടന്നത്. മത്സരത്തിൽ പങ്കെടുത്തവർക്കെല്ലാം സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നത്. വിവിധ ഇനങ്ങളിലായി നൂറുകണക്കിന് മത്സരാർത്ഥികൾ പങ്കെടുത്തു.